'ഞങ്ങളൊക്കെ വസന്തങ്ങളാണ്..' നെഗറ്റീവ് പറയുന്നവര്‍ സിനിമയിലൊന്നുമാകാന്‍ കഴിയാത്തവരെന്ന് സിബി മലയില്‍
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് സിബി മലയില്‍. സിനിമാപ്രേമികള്‍ എന്നും ഓര്‍ത്തുവെക്കുന്ന ഒരുപിടി ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സിബി മലയില്‍ 1986 ല്‍ പുറത്തിറങ്ങിയ മുത്താരംകുന്ന് പിഒയിലൂടെയാണ് സിബി സംവിധാനരംഗത്തേക്ക് കടക്കുന്നത്. 2022 ല്‍ പുറത്തിറങ്ങിയ കൊത്ത് ആണ് സിബി സംവിധാനം ചെയ്ത അവസാന സിനിമ. നിലവില്‍ ഒരു വെബ് സീരീസിന്റെ പണിപ്പുരയിലാണ് അദ്ദേഹം.
അടുത്തിടെയാണ് 2000 ത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ദേവദൂതന്‍ എന്ന ചിത്രം സാങ്കേതിക മികവോടെ റീറിലീസ് ചെയ്തത്. ആദ്യം റിലീസ് ചെയ്തപ്പോള്‍ ബോക്‌സോഫീസില്‍ വിജയിക്കാതിരുന്ന ഈ ചിത്രം റിറിലീസില്‍ മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്. ഇതിന്റെ ചുവടുപിടിച്ചാണ് മലയാളത്തിലിറങ്ങിയ പഴയ പല ചിത്രങ്ങളും റിറീലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സിനിമ റിവ്യൂകളെ കുറിച്ചും പുതിയ കാലത്തെ നിരൂപകരെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഇന്നത്തെ കാലത്ത് സിനിമാ റിവ്യൂ എന്ന് പറഞ്ഞ് വ്യക്തിപരമായ ആക്രമണമാണ് നടക്കുന്നത് എന്ന് സിബി മലയില്‍ പറയുന്നു. നോട്ടി മോങ്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയില്‍ എവിടെയെങ്കിലും എത്തണം എന്ന് ആഗ്രഹിച്ചിട്ടും കഴിയാതെ പോയ നിരാശയിലാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബി മലയിലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'പ്രേക്ഷകര്‍ക്ക് നമ്മളെ തള്ളിപ്പറയാനും സ്വീകരിക്കാനും ഒരു നിമിഷം മതി. പുതിയ കാലത്ത് സിനിമകളെ വിമര്‍ശിക്കുന്നത് വ്യക്തിപരമായി ആക്രമിച്ചാണ്. ഞങ്ങളെ പോലെയുള്ള സംവിധായകരെയൊക്കെ വസന്തങ്ങള്‍ എന്നാണ് വിളിക്കുന്നത്. അതിന്റെ അര്‍ത്ഥം അവര്‍ക്കറിയില്ല. വസന്തം എന്ന് പറയുന്നത് പ്രകൃതിയിലെ ഏറ്റവും പുഷ്‌കലമായ കാലത്തെയാണ്. ഏറ്റവും മനോഹരമായ കാലമാണ്.
പക്ഷെ അതിനെ അവര്‍ ഉപയോഗിക്കുന്നത് നെഗറ്റീവായിട്ടാണ്. ഞാനതിനെ പോസിറ്റീവായിട്ടാണ് എടുക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും പുഷ്‌കലമായ കാലഘട്ടത്തില്‍പ്പെട്ട ആള്‍ക്കാരായിരുന്നു ഞങ്ങള്‍ എന്ന രീതിയിലാണ് ഞാനെടുക്കുന്നത്. നമ്മളെ വല്ല വരള്‍ച്ച എന്നെങ്ങാനുമാണ് വിളിച്ചിരുന്നതെങ്കില്‍ ഭയങ്കര വിഷമമായേനെ. ആ അര്‍ത്ഥം പോലും അറിയാത്ത ആള്‍ക്കാരാണ് റിവ്യൂ എഴുതുന്നത്.
എത്രയോ ആള്‍ക്കാര്‍ എന്തൊക്കയോ ജോലി ചെയ്യുന്നുണ്ട്. അവരെ ആരേയും ഇങ്ങനെ അറ്റാക്ക് ചെയ്യില്ലല്ലോ. നമ്മള്‍ ക്രിയേറ്റീവ് ആയ ജോലിയല്ലേ ചെയ്യുന്നത്. നല്ലതും ചീത്തയുമുണ്ടാകും. തെറ്റുകള്‍ പറ്റാത്ത മനുഷ്യരുണ്ടോ. ഒന്ന്, രണ്ട് പോലെ വളരെ മോശമായി പറയുന്നവരുണ്ട്. അവരുടെ പേര് പറഞ്ഞ് ഇനി മോശമാക്കുന്നില്ല. അവര്‍ക്കെല്ലാം ഫ്രസ്‌ട്രേഷനാണ്. സിനിമയില്‍ എവിടെയെങ്കിലും എത്തണം എന്ന് ആഗ്രഹിച്ച് കഴിയാത്തവരാണ് അവര്‍.
അതിന് സാധിക്കാതെ വരുമ്പോള്‍ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുന്നതാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍. ഒരു മൊബൈല്‍ ഫോണ്‍ കൈയിലുണ്ടെങ്കില്‍ ആര്‍ക്കും ആരെ പറ്റിയും ചീത്ത പറയാം എന്നുള്ള കാലമാണിത്. മുഖമില്ലാത്ത മനുഷ്യര്‍ ആള്‍ക്കാരെ ചീത്ത വിളിക്കുകയാണ്. അതിനെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക എന്നേ ഉള്ളൂ,' സിബി മലയില്‍ പറയുന്നു.












Click it and Unblock the Notifications