തന്റെ മതം, വിശ്വാസം... മനോഹരമായ സിദ്ദിഖിന്റെ മറുപടി... 'ജീവിതം കൊണ്ടാണ് പ്രചരിപ്പിക്കേണ്ടത്'
ഒരുപിടി നല്ല ഓര്‍മകള്‍ മാത്രം സമ്മാനിച്ച് സംവിധായകന്‍ സിദ്ദിഖ് വിട പറഞ്ഞിരിക്കുന്നു. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനുള്ള പ്രിയപ്പെട്ടവരുടെ വരവ് ഇപ്പോഴും കടവന്ത്രയില്‍ തുടരുകയാണ്. ഉറ്റ സുഹൃത്ത് ലാല്‍ സിദ്ദിഖിന്റെ ഭൗതിക ശരീരത്തിന് തൊട്ടടുത്ത് തന്നെയുണ്ട്. അടക്കി നിര്‍ത്തിയ ദുഃഖം ഫാസിലിനെ കണ്ടപ്പോള്‍ കണ്ണുനീരായി ഒഴുക്കിയ ലാലിനെ സമാധാനിപ്പിച്ചത് ഫഹദ് ഫാസിലാണ്.
എത്രയോ പേരെ ചിരിപ്പിച്ച, ഇനിയും ചിരിപ്പിക്കാന്‍ പോന്ന ഹാസ്യങ്ങളാണ് സിദ്ദിഖിന്റെ സംഭാവന. ഇത്രയും ശുദ്ധ മനസുള്ള മനുഷ്യനെ കണ്ടിട്ടിട്ടില്ലെന്ന് ജയറാം അനുസ്മരിക്കുന്നു. സിദ്ദിഖ് മുമ്പ് നല്‍കിയ അഭിമുഖങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. തന്റെ സൗഹൃദങ്ങള്‍, സിനിമാ രംഗത്തേക്കുള്ള വരവ്, സിനിമയുടെ അണിയറയില്‍ നടന്ന ചര്‍ച്ചകള്‍ എല്ലാം പങ്കുവയ്ക്കുന്ന സിദ്ദിഖിന്റെ വീഡിയോകളാല്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ.

അതില്‍ വ്യത്യസ്തമായി നില്‍ക്കുന്നു തന്റെ മതവും വിശ്വാസവും വിശദീകരിക്കുന്ന സിദ്ദിഖിന്റെ വീഡിയോ. ട്വന്റിഫോറിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിശ്വാസത്തെ കുറിച്ച് സിദ്ദിഖ് മനോഹരമായി വിശദീകരിക്കുന്നത്. മതവും ജാതിയും മേല്‍ക്കോയ്മയും പറഞ്ഞ് പരസ്പരം പോരടിക്കുന്ന മനുഷ്യര്‍ നിറയുന്ന കാലത്ത് ഏറെ മഹത്തരമാണ് സിദ്ദിഖിന്റെ വാക്കുകള്‍...
''മതം എന്നത് ഓരോരുത്തരുടേയും വിശ്വാസമാണ്. എനിക്ക് മല്‍സ്യവും മാംസവുമില്ലാതെ ഭക്ഷണം കഴിക്കാന്‍ പറ്റില്ല. അതേസമയം, എന്റെ ബ്രാഹ്മിണ്‍ സുഹൃത്തിന് ഇത് രണ്ടും നിഷിദ്ധമാണ്. അദ്ദേഹത്തിന് അത് പാപമാണ്, എന്നെ സംബന്ധിച്ചിടത്തോളം അത് പാപമല്ല. മാസം കഴിക്കുന്ന എനിക്ക് പന്നി മാംസം പാപമാണ്. ഇതെല്ലാം വിശ്വാസങ്ങളാണ്...
വിശ്വാസം നമ്മുടേതാണ്. ഉള്ളില്‍ വേണ്ടതാണ്. ജീവിതത്തില്‍ പുലര്‍ത്തേണ്ടതാണ്. മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല. എന്റേതാണ് നല്ലത്, മറ്റേത് മോശം എന്ന് വിമര്‍ശിക്കാനുള്ളതല്ല. എന്നെ സംബന്ധിച്ച് മതം എന്നത് വ്യക്തിപരമായ കാര്യമാണ്. മറ്റൊരാളുമായി ഇക്കാര്യത്തില്‍ തര്‍ക്കിക്കാന്‍ പോകാറില്ല. അയാളുടെ വിശ്വാസം അയാളുടെ കാര്യമാണ്...
എന്നെ പോലെ ബുദ്ധിയും അറിവുമെല്ലാമുള്ള വ്യക്തിയാണ് അപ്പുറത്തുള്ളതും. അവര്‍ക്ക് ചിന്തിക്കാന്‍ കഴിവുണ്ട്. അവരുടെ ചിന്തയില്‍ അതാണ് നല്ലത് എന്ന് തോന്നുന്നുണ്ടെങ്കില്‍ എനിക്കെന്താണ്. അവരെ നിര്‍ബന്ധിച്ച് മാറ്റണോ? ഞാന്‍ മതത്തിന്റെ പ്രവാചകനോ പ്രചരിപ്പിക്കുന്ന ആളോ അല്ല...
എന്തുകൊണ്ട് ഒരു വ്യക്തി ഇത്രയും നന്നായി ജീവിക്കുന്നു എന്ന് നിരീക്ഷിച്ചാല്‍, മതം പറയുന്നത് പ്രകാരമാണ് അയാല്‍ ജീവിക്കുന്നത് എന്ന് മനസിലാക്കിയാല്‍, അതാണ് ആ മതത്തിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം. എന്നാല്‍ അതല്ല ഇപ്പോള്‍ സംഭവിക്കുന്നത്. ഇന്ന് ചിലര്‍ മതത്തിന് വേണ്ടിയാണ് ചില കാര്യങ്ങള്‍ ചെയ്യുന്നത് എന്ന് കാണുമ്പോള്‍ മതത്തിനോട് തന്നെ അകല്‍ച്ച വരുന്ന സാഹചര്യമാണ്...
മതം പ്രചരിപ്പിക്കേണ്ടത് സ്വന്തം ജീവിതം കൊണ്ടാണ്. പറഞ്ഞല്ല പ്രചരിപ്പിക്കേണ്ടത്. ഇവിടെ എല്ലാത്തിനും ഇടമുണ്ട്. തെറ്റായ കാര്യങ്ങളില്‍ നിന്ന് മാറി നടക്കുകയാണ് വേണ്ടതെന്നും സിദ്ദിഖ് അഭിമുഖത്തില്‍ പറയുന്നു. ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് കൊച്ചിയിലെ ആശുപത്രിയില്‍ സിദ്ദിഖ് മരിച്ചത്. ഇന്ന് വൈകീട്ട് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് സംസ്‌കാരം.












Click it and Unblock the Notifications