'നാട്ടില്‍ നിയമം ഇല്ലെങ്കില്‍ ഇതൊക്കെ തന്നെയാണ് കോടതി': ബാലയ്ക്ക് പിന്തുണയുമായി തരുണ്‍ മൂര്‍ത്തി
കൊച്ചി: യൂട്യൂബര്‍ ചെകുത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അജു അലക്‌സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നടന്‍ ബാലയ്ക്ക് പിന്തുണയുമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി രംഗത്ത്. ഓണ്‍ലൈനിലൂടെ മോശം പറയുന്നവര്‍ക്കെതിരെ ഈ നാട്ടില്‍ ന്ിയമം ഇല്ലെങ്കില്‍ ഇതൊക്കെ തന്നെയാണ് കോടതിയെന്നും തരുണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി.
'ബാല തന്നെയാണ് കോടതി. #nextchestnumberplease NB: ഓണ്‍ലൈനിലും ഓഫ്‌ലൈനിലും മോശം പറയുന്നവര്‍ക്ക് ഈ നാട്ടില്‍ നിയമം ഇല്ലെങ്കില്‍ ഇതൊക്കെ തന്നെയാണ് കോടതി'- തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചു. 'പോസ്റ്റ് ഇട്ടതും മുഖവും പേരും ഇല്ലാത്ത ഫേക്ക് പ്രൊഫൈലുകള്‍ തെറി വിളിയും ആയി വന്നിട്ടുണ്ട്... വന്നതിനെ എല്ലാം കുത്തി ഇരുന്ന് ബ്ലോക്ക് ചെയുന്നുണ്ട്.. ആരേലും ഒരു തോക്ക് തരുമോ പ്ലീസ്'- അദ്ദേഹം ഈ പോസ്റ്റിന്റെ കമന്റില്‍ കുറിച്ചു.

അതേസമയം, യൂട്യൂബറുടെ പരാതിയില്‍ നടന്‍ ബാലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വീട്ടില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ചെകുത്താന്‍ എന്നറിയപ്പെടുന്ന അജു അലക്‌സിന്റെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബാലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ തുടര്‍ന്ന് വീട് അടിച്ച് തകര്‍ത്തുവെന്നാണ് അജു അലക്‌സ് ആരോപിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് ബാലയും സുഹൃത്തുക്കളും വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ അജു അലക്‌സ് പുറത്തവിട്ടിട്ടുണ്ട്. തോക്ക് ചൂണ്ടിയെന്നും ആരോപണമുണ്ട്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുള്‍ ഖാദറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ബാല ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്. ബാല അജുവിന്റെ വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തവിട്ടിരുന്നു.
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നത് വ്യാജമാണെന്ന് ബാല പറയുന്നു. അയാള്‍ ചെയ്യുന്ന തെറ്റ് എന്താണെന്ന് എന്താണെന്ന് മനസിലാക്കി കൊടുക്കുവാനാണ് താന്‍ നേരിട്ട് പോയതെന്നും തര്‍ക്കിക്കാനോ ഭീഷണിപ്പെടുത്താനോ ചെന്നതല്ലെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. ഒരു കുടം പാലില്‍ വിഷം ചേര്‍ത്താല്‍ മൊത്തം വിഷമാകില്ലേ, അതാണ് ചെകുത്താന്‍. നിങ്ങളെയും കൂടി അയാള്‍ നാശമാക്കുമെന്ന് ബാല പറഞ്ഞു.
അതേസമയം, സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ബാലയെ പിന്തുണച്ചുള്ള കമന്റുകളാണ് കൂടുതലായും വരുന്നത്. 'തോക്കെടുത്ത ചൂണ്ടിയാലോ ഇനി രണ്ടെണ്ണം പൊട്ടിച്ചാലും ഒരു കുഴപ്പവുമില്ല മലയാളികള്‍ ആഗ്രഹിക്കുന്നത് അത് തന്നെയാണെന്നാണ്' ഒരാള്‍ കമന്റ് ചെയ്തത്.












Click it and Unblock the Notifications