'സ്‌പെന്‍സര്‍ പ്ലാസയുടെ പ്രതാപമൊക്കെ പോയി; നീയും ഞാനും എപ്പോഴും ഒരുമിച്ച്': വിവാഹവാര്‍ഷികക്കുറിപ്പുമായി വിനീത്
മലയാളത്തിലെ ഏറ്റവും സൗമ്യനായ താരവും സംവിധായകനുമാണ് വിനീത് ശ്രീനിവാസന്‍.
ഗായകനായി കരിയര്‍ ആരംഭിച്ച വിനീത് മലയാളത്തിലെ ഹിറ്റ് മേക്കര്‍ സംവിധായകനായും നടനായും നിര്‍മാതാവുമായി വളര്‍ന്നത് കഠിനാധ്വാനത്തിലൂടെയാണ്. നിവിന്‍ പോളി, അജു വര്‍ഗീസ് അടക്കം നിരവധി പുതുമുഖങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് അവരുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനമാകാനും വിനീതിനു കഴിഞ്ഞു.
തട്ടത്തില്‍ മറയത്ത്, ഹൃദയം ഉള്‍പ്പെടെയുള്ള പ്രണയ സിനിമകള്‍ എടുക്കാന്‍ ഏറെ താല്‍പര്യമുള്ള വിനീതിന്റെ പ്രണയ കഥയും ഏറെ കൗതുകങ്ങള്‍ നിറഞ്ഞതാണ്. എട്ടു വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് വിനീതും ദിവ്യയും വിവാഹം കഴിച്ചത്. ഇപ്പോഴിതാ പതിമൂന്നാം വിവാഹ വാര്‍ഷികത്തിന് വിനീത് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ചെന്നൈയിലെ എന്‍ജിനീയറിങ് പഠനകാലത്താണ് വിനീതും ദിവ്യയും പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയകാല ഓര്‍മകള്‍ നിരവധി അഭിമുഖങ്ങളില്‍ വിനീത് പങ്കുവെച്ചിട്ടുണ്ട്.

പ്രണയിച്ചു നടന്ന കാലത്ത് ഇരുവരുടെയും സ്ഥിരം ലൊക്കേഷനായിരുന്നു ചെന്നൈയിലെ സ്പെന്‍സര്‍ പ്ലാസ. കഴിഞ്ഞ ദിവസം പഴയ ഓര്‍മകള്‍ പുതുക്കി ഇരുവരും വീണ്ടും സ്പെന്‍സര്‍ പ്ലാസയില്‍ എത്തിയിരുന്നു. അവിടെ വച്ച് സുഹൃത്തും ഗഗനചാരിയുടെ സംവിധായകനുമായ അരുണ്‍ ചന്ദു എടുത്തു തന്ന ഫോട്ടോയ്ക്കൊപ്പമാണ് വിനീതിന്റെ പോസ്റ്റ്. ഇരുവരുടെയും വിവാഹ ഫോട്ടോ എടുത്തതും അരുണ്‍ ചന്ദു ആണ്.
വിനീതിന്റെ വാക്കുകള്‍: 'വളരെക്കാലത്തിനു ശേഷം ഞാനും ദിവ്യയും കഴിഞ്ഞ ദിവസം സ്‌പെന്‍സര്‍ പ്ലാസയിലെത്തി. ഗഗനാചാരിയുടെ സംവിധായകനായ അരുണ്‍ ചന്ദുവും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഈ ഫോട്ടോ എടുത്തത് അദ്ദേഹമാണ്. ഞങ്ങളുടെ ആദ്യത്തെ വിവാഹ ഫോട്ടോ എടുത്തതും അരുണാണ്.
സ്‌പെന്‍സര്‍ പ്ലാസയുടെ പ്രതാപകാലമൊക്കെ പോയി. ഇപ്പോള്‍ അത് പഴയ കാലഘട്ടത്തിന്റെ ഒരു അസ്ഥികൂടം മാത്രമാണ്. ഞങ്ങള്‍ ഫേസ് 3 ബേസ്‌മെന്റില്‍ നില്‍ക്കുകയായിരുന്നു. മുകളിലത്തെ നിലയിലുള്ള ഒരു കടയിലേക്ക് വിരല്‍ ചൂണ്ടിയിട്ട് അവള്‍ പറഞ്ഞു, വിനീത് എനിക്ക് ആദ്യ സമ്മാനം വാങ്ങിയ കട അതാണ്'. 21 വര്‍ഷം... ഓരോ നിമിഷവും ഒരു ഓര്‍മ്മയായി മാറുകയാണ്, സമയം മുന്‍പത്തേക്കാള്‍ വേഗത്തില്‍ മുന്നോട്ട് പോകുന്നു. സാരമില്ല... നീയും ഞാനും എപ്പോഴും ഒരുമിച്ച് ഉണ്ടായിരിക്കും. അതാണല്ലോ നമ്മുടെ കരാര്‍. വിവാഹ വാര്‍ഷികാശംസകള്‍ ദിവ്യ...'
2012 ല്‍ വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹം കഴിച്ചത്. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.












Click it and Unblock the Notifications