കുഞ്ഞിന്റെ മുഖം കാണിക്കുന്ന തീയതി പ്രഖ്യാപിച്ച് ദിയ കൃഷ്ണ; ആ ദിവസത്തിന്റെ പ്രത്യേകത ഇങ്ങനെ
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള താരങ്ങളില്‍ ഒരാളാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ എന്നതിലുപരി സ്വന്തം പ്രയത്‌നം കൊണ്ടാണ് ദിയ വളര്‍ന്നത്. ദിയയുടെ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം സ്വന്തം വിശേഷം പോലെയാണ് ഫോളോവേഴ്‌സ് ഏറ്റെടുക്കുന്നത്. ദിയയുടെ കുഞ്ഞിനെ വരവേല്‍ക്കുന്ന വീഡിയോ 90 ലക്ഷത്തോളം പേരാണ് കണ്ടത്. പ്രസവത്തിനിടെ ഒരു സ്ത്രീ അനുഭവിക്കുന്ന സങ്കീര്‍ണതകള്‍ എല്ലാം ദിയ വ്യക്തമായി വീഡിയോയിലൂടെ കാണിച്ചു.
കുഞ്ഞുമായി ബന്ധപ്പെട്ട ദിയയുടെ എല്ലാ വീഡിയോകളും വളരെ പ്രയോജനപ്രദം എന്നാണ് പലരും കമന്റുകളില്‍ വിലയിരുത്തുന്നത്. ഓമി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കുഞ്ഞിന് ഇപ്പോള്‍ ഒരു മാസം പൂര്‍ത്തിയായി. എന്നാല്‍ ഇതുവരെയും കുഞ്ഞിന്റെ മുഖം ദിയ കാണിച്ചിരുന്നില്ല. കുഞ്ഞിനെ കുളിപ്പിക്കുന്നതിന്റെ വീഡിയോകള്‍ ഉള്‍പ്പെടെ കാണിച്ചിരുന്നെങ്കിലും മുഖം മാത്രം മറച്ചിരുന്നു. ഇതോടെ ദിയക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു.

കുഞ്ഞിന്റെ ശരീരത്തിന്റെ മറ്റു പല ഭാഗങ്ങള്‍ കാണിക്കാമെങ്കില്‍ എന്തുകൊണ്ട് മുഖം മാത്രം കാണിച്ചു കൂടാ എന്ന് നിരവധി പേര്‍ ചോദിക്കാന്‍ തുടങ്ങി. മുഖം കാണിക്കാത്തതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും ദിയ കേട്ടിരുന്നു. ഇപ്പോഴിതാ എല്ലാവരുടെയും ആകാംക്ഷയ്ക്ക് വിരാമമിട്ട് കുഞ്ഞിന്റെ മുഖം കാണിക്കുന്നത് എന്നാണെന്ന് ദിയ പുതിയ വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.
കോവളത്ത് കുഞ്ഞിനും അശ്വിനും ഒപ്പം സ്റ്റേക്കേഷന്‍ ആഘോഷിക്കാന്‍ എത്തിയതാണ് ദിയ. കുഞ്ഞിന്റെ മുഖം കാണിക്കാത്തതില്‍ സോറി പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. വരുന്ന സെപ്റ്റംബര്‍ അഞ്ചിന് കുഞ്ഞിന്റെ മുഖം കാണിക്കുമെന്ന വമ്പന്‍ പ്രഖ്യാപനവും ദിയ നടത്തി. അതേസമയം എന്തുകൊണ്ടാണ് സെപ്റ്റംബര്‍ അഞ്ചിന് മുഖം റിവീല്‍ ചെയ്യുന്നതെന്ന് ദിയ വ്യക്തമാക്കുന്നില്ല. സെപ്റ്റംബര്‍ അഞ്ചിന്റെ പ്രത്യേകത ഫോളോവേഴ്‌സ് ആണ് കണ്ടുപിടിച്ചത്. അന്ന് ദിയയുടെ ഒന്നാം വിവാഹ വാര്‍ഷിക ദിനമാണ്.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് വധുവായി അണിഞ്ഞൊരുങ്ങി ദിയ അശ്വിന്റെ ജീവിതത്തിലേക്ക് ഔദ്യോഗികമായി കടന്നുവന്നത്. അതിനാല്‍ കുഞ്ഞിന്റെ മുഖം കാണിക്കാന്‍ ഈ വിവാഹ വാര്‍ഷിക ദിനം തിരഞ്ഞെടുക്കുകയായിരുന്നു.
പുതിയ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. കുഞ്ഞിന്റെ മുഖം റിവീല്‍ ചെയ്യുന്ന പ്രഖ്യാപനത്തെ വലിയ ആവേശത്തോടെയാണ് ഫോളോവേഴ്‌സ് ഏറ്റെടുത്തത്. കുഞ്ഞിന്റെ മുഖം കാണാന്‍ കാത്തിരിക്കുന്നു എന്നാണ് നിരവധി ഫോളോവേഴ്‌സ് കമന്റുകളില്‍ കുറിക്കുന്നത്. വെയിറ്റിങ് ഫോര്‍ സെപ്റ്റംബര്‍ 5 എന്നാണ് ചിലരുടെ കമന്റ്.
ഇനിയെങ്കിലും കുഞ്ഞിന്റ മുഖം കാണിക്കാന്‍ പറഞ്ഞുള്ള കമന്റ്‌സ് നിര്‍ത്താമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ കുഞ്ഞിന്റെ മുഖം കാണിക്കട്ടെ എന്നും ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു.
അടുത്തിടെ ഒരു മാസമായ കുഞ്ഞിനെയും കൊണ്ട് ദിയ സിനിമ കാണാനായി തീയറ്ററില്‍ പോയിരുന്നു. ഇതിന്റെ വീഡിയോ ദിയ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. വലിയ വിമര്‍ശനമാണ് ഈ വീഡിയോയ്ക്ക് നേരിട്ടത്. ഒരു മാസം പ്രായമായ കുഞ്ഞിനെ തീയറ്ററില്‍ കൊണ്ടുപോകുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. വിമര്‍ശനങ്ങള്‍ വര്‍ധിച്ചതോടെ ദിയ ആ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തായാലും സെപ്റ്റംബര്‍ അഞ്ചിന് കുഞ്ഞിന്റെ മുഖം കാണിക്കും എന്ന് വെളിപ്പെടുത്തിയതോടെ അതിനുള്ള കാത്തിരിപ്പിലാണ് ഫോളോവേഴ്‌സ്.












Click it and Unblock the Notifications