ദിയ കൃഷ്ണയുടെ പരാമർശം വിവാദത്തിൽ, 'അച്ഛന് പിന്നാലെ മകളും'; എടുത്ത് കുടഞ്ഞ് സോഷ്യൽ മീഡിയ
കൊച്ചി: നടനും ബി ജെ പി നേതാവുമായ നടൻ കൃഷ്ണകുമാറിൻറെ 'കഞ്ഞി' പരാമർശം സോഷ്യൽ മീഡിയയിൽ വലിയ വിർശനങ്ങൾക്കായിരുന്നു വഴിവെച്ചത്. തൊട്ടുകൂടായ്മയേയും ജാതീയതയേയും വളരെ അഭിമാനത്തോടെ അവതരിപ്പിച്ച നടന്റെ പ്രതികരണമായിരുന്നു വ്യാപക വിമർശനങ്ങൾക്ക് കാരണമായത്. ഇപ്പോഴിതാ നടന്റെ മകൾ ദിയ കൃഷ്ണയുടെ സമാന രീതിയിലുള്ള വാക്കുകൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
പുതുവർഷം ആഘോഷിക്കാനായി ലണ്ടനിലെത്തിയപ്പോൾ പ്രാവിന് കൃഷ്ണകുമാർ തീറ്റകൊടുക്കുന്നതിനിടെയാണ് ദിയയുടെ വിവാദ പരാമർശം. ''ഇനി ഇവർക്ക് മണ്ണിലിട്ട് കൊടുത്തു എന്ന് പറഞ്ഞ് അതൊരു പ്രശ്നമാകുമോ? വീട്ടിൽ നിന്നൊരു പ്ലേറ്റ് കൊണ്ടുവരാമായിരുന്നു. ചിലർക്കൊക്കെ ഇത് ചിലപ്പോൾ ഫീൽ ആകും', എന്നായിരുന്നു ദിയ പറഞ്ഞത്.

ഇതോടെ നിരവധി പേരാണ് ദിയയ്ക്കെതിരെ രംഗത്തെത്തിയത്. മനുഷ്യർക്ക് പറമ്പിൽ കുഴികുത്തി കഞ്ഞി വിളമ്പിയ ഹുങ്ക് പറഞ്ഞതിനെതിരെ ഉയർന്ന എതിർപ്പ് അവരെ ബാധിച്ചത് എങ്ങനെയെന്ന് നോക്കൂവെന്നാണ് ഒരാൾ കുറിച്ചത്. അടിയാള ജനതയെ മനുഷ്യരായി കാണാൻ ഇന്നും ഇവർക്കായിട്ടില്ലെന്നും ഒരാൾ കമന്റിൽ പറയുന്നു.
അമ്പത് വയസിന് മുകളിലുള്ള ഒരാൾ ജാതീയത പറയുന്നത് പ്രായത്തിന്റെ വിവരമില്ലായ്മയാണ് എന്ന് പിന്നെയും വിചാരിക്കാം. 30 വയസുപോലും ആകാത്ത ദിയക്കും ഇതിന്റെ ഗൗരവം എന്താണെന്ന് മനസിലായിട്ടില്ലെന്നത് കഷ്ടമാണെന്നായിരുന്നു മറ്റൊരാൾ പരഞ്ഞത്.
കൃഷ്ണകുമാറിന്റ ചാണക സ്വഭാവം തന്നെ മകൾക്കും, വിവരമില്ലായ്മ ഒരു അഹങ്കാരമായി കൊണ്ടുനടക്കരുത്, ഇതൊക്കെയാണ് പ്രിവിലേജ് എന്നൊക്കെയാണ് മറ്റ് ചിലർ കുറിച്ചിരിക്കുന്നത്. കൃഷ്ണകുമാർ കുടുംബത്തിൽ ഏറ്റവും മോശമായ രീതിയിൽ പ്രതികരിക്കുന്ന വ്യക്തിയാണ് ദിയയെന്നും ചിലർ കുറിച്ചിട്ടുണ്ട്. എന്നാൽ വിമർശനങ്ങളോടൊന്നും ദിയ പ്രതികരിച്ചിട്ടില്ല.
പണ്ട് കാലത്ത് ജാതി വ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിക്കാര്‍ക്ക് മണ്ണില്‍ കുഴി കുത്തി ഭക്ഷണം നല്‍കിയിരുന്ന രീതിയെ ആയിരുന്നു കൃഷ്ണകുമാർ പുകഴ്ത്തിയത്. വീട്ടിൽ പണിക്ക് വന്നിരുന്ന താഴ്ന്ന ജാതിയിലുള്ളവർക്ക് കുഴി കുത്തി ഭക്ഷണം കൊടുത്തിരുന്നുവെന്നും അതൊക്കെ തന്റെ നല്ല ഓർമകളാണെന്നുമൊക്കെയാണ് വീഡിയോയിൽ കൃഷ്ണ കുമാർ പറഞ്ഞത്.
ഇതിനെതിരെ ബിഗ് ബോസ് താരം റിയാസ് സലീം അടക്കമുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു.'അസമത്വത്തെക്കുറിച്ച് ഇത്രയും നൊസ്റ്റാൾജിയ വരുന്നതൊക്കെ ചിന്തിച്ച് നോക്കൂ. ജാതീയതയിലേക്കുള്ള, പുറകിലേക്കുള്ള ആ ടൈം ട്രാവല്‍ ഷോ കാണാന്‍ എനിക്കല്‍പ്പം പോപ്‌കോണ്‍ തരൂ, എന്നായിരുന്നു വീഡിയോ പങ്കുവച്ചു കൊണ്ട് റിയാസ് സലീം കുറിച്ചത്.












Click it and Unblock the Notifications