ജയിലില്‍ കിടക്കണം, വെറുതെ വിടില്ല: ദിയ കൃഷ്ണയെ 'വഞ്ചിച്ചവർക്ക്' കോടതിയിലും തിരിച്ചടി; ഒളിവില്‍ തുടരുന്നു
തിരുവനന്തപുരം: നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ജീവനക്കാരികള്‍ക്ക് തിരിച്ചടി. ദിയ കൃഷ്ണ നല്‍കിയ പരാതിയിലെ മൂന്ന് മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളായ വിനിത, രാധ, നാലാം ദിവ്യ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സെഷന്‍സ് കോടതിയുടേതാണ് നടപടി.
ദിയ കൃഷ്ണ നടത്തുന്ന ആഭരണ കടയിൽ ക്യു ആർ കോഡ് ഉപയോഗിച്ച് കൃത്രിമം കാട്ടി മൂന്ന് ജീവനക്കാരികളും ചേർന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. തട്ടിപ്പിന് തെളിവായ രേഖകൾ ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

ദിയ കൃഷ്ണ തങ്ങളുടെ പേരില്‍ നല്‍കിയ കള്ളക്കേസാണെന്നായിരുന്നു പരാതിക്കാരുടെ വാദം. തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നുവന്ന് പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകർ കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രതികള്‍ക്ക് മുന്‍കൂർ ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറായില്ല. എന്നാല്‍ ജീവനക്കാരികള്‍ നല്‍കിയ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
തങ്ങളുടെ ഭാഗത്താണ് 100 ശതമാനം ശരിയെന്ന് എനിക്ക് അറിയാമെന്നായിരുന്നു ജാമ്യം ലഭിച്ചതിന് പിന്നാലെ കൃഷ്ണകുമാർ പ്രതികരിച്ചത്. അവരുടെ ഒരു ആരോപണത്തിന് പോലും തെളിവില്ലായിരുന്നു. അത് കൃത്യമായി ഇന്നത് കണ്ടിരിക്കുകയാണ്. കാരണം ഞങ്ങൾ കുറ്റക്കാർ അല്ലെന്നും എന്നാൽ അവർ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നും തെളിഞ്ഞിരിക്കുന്നത് കൊണ്ടുമാണ് ജാമ്യം നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഈ വിധി കൃഷ്ണകുമാറിന്റെ കുടുംബത്തിനും അനുകൂലമായിട്ട് വരും എന്ന് ആളുകള്‍ നേരത്തെ വിധിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിന് ശേഷം സമർത്ഥരായ ഉദ്യോഗസ്ഥർ ഏറ്റവും നല്ല അന്വേഷണമാണ് നടത്തിയത്. കൃത്യമായ രേഖകള്‍ അവർ കോടതിയില്‍ കൊടുത്തു അതുകൊണ്ടാണ് ഇങ്ങനെ ഒരു വിധി ഉണ്ടായത്. കിട്ടാവുന്ന രേഖകളൊക്കെ പെട്ടെന്ന് തന്നെ ഹാജരാക്കി. നോക്കുമ്പോള്‍ ഇത് ഒരു ചെറിയ വിധിയാണെങ്കിലും വലിയ ഇംപാക്ട് ഉണ്ടാകും.
അവരുടെ ഭാഗത്ത് നിന്നും ഇതിനിടക്ക് ഒത്തുതീർപ്പ് ശ്രമങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെ വന്നാല്‍ തന്നെ അത് ആലോചിക്കാന്‍ പോലും ഞങ്ങള്‍ തയ്യറാല്ല. നിയമപരമായി തന്നെ മുന്നോട്ട് പോകും. ഈ വിഷയം ഉണ്ടായപ്പോള്‍ പുറത്ത് അറിയിച്ച് വലിയ പ്രശ്നം ആകാതെ മുന്നോട്ട് പോകാനുള്ള വഴിയാണ് അവർക്ക് മുന്നില്‍ തുറന്ന് കൊടുത്തത്. എന്നാല്‍ അവർ വീണ്ടും കൊണ്ടുപോയി പരാതി കൊടുക്കുകയും വലിയ കോലാഹലം ഉണ്ടാക്കുകയും ചെയ്തു. അവർ കരാഗ്രഹത്തില്‍ കിടക്കണമെന്ന് ദൈവത്തിന് തോന്നിയിട്ടുണ്ടാകും. ഇപ്പോള്‍ ശിക്ഷയൊന്നും വന്നിട്ടില്ലെങ്കിലും അത് വരുമെന്ന് തന്നെയാണ് കരുതുന്നത്. അതിന് വേണ്ടി ഏത് അറ്റം വരേയും ഞാന്‍ പോകുമെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications