സല്‍മാനേക്കാളും ഷാരൂഖിനേക്കാളും സമ്പന്നയായ ആ നടി ആരെന്ന് അറിയുമോ: സിനിമ മാത്രമല്ല, നിറയെ ബിസിനസും
മലയാളത്തില്‍ മാത്രമല്ല ബോളിവുഡ് ആയാലും ഹോളിവുഡ് ആയാലും നടന്മാരേക്കാള്‍ താരതമ്യേന കുറഞ്ഞ പ്രതിഫലമാണ് നടിമാർക്ക് ലഭിക്കുന്നത്. പലപ്പോഴും സിനിമയില്‍ ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചില നടന്‍മാരേക്കാളും കുറഞ്ഞ പ്രതിഫലമായിരിക്കും മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിമാർക്ക് ലഭിക്കുക.
പല മേഖലകളിലും നില്‍ക്കുന്ന ഈ അനീതി സിനിമയില്‍ കൂടുതല്‍ ശക്തമാണെന്ന് മാത്രം. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ചില നടിമാരെങ്കിലും രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, പ്രഭാസ്, നാഗാർജുന തുടങ്ങിയ പ്രമുഖ ഇന്ത്യൻ നടന്മാരേക്കാൾ വളരെ ധനികയായ ഒരു നടി ഈ സിനിമാ ലോകത്ത് ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? അതെ അങ്ങനെയൊരു നടിയുണ്ട്.

3 ബില്യൺ യുഎസ് ഡോളറിലധികം ആസ്തിയുള്ള ജാമി ഗെർട്‌സാണ് ലോകത്തിലെ ഏറ്റവും ധനികയായ ആ നടി. ജാമി ഇതുവരെ ഒരു ഹിറ്റ് സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെന്നതാണ് ഏറ്റവും രസകരമായ കാര്യം. രണ്ട് പതിറ്റാണ്ടിലേറെയായി അഞ്ച് ടൈറ്റില്‍ റോളുകളില്‍ മാത്രമാണ് ജാമി അഭിനയിച്ചത്. ജൂലിയ റോബർട്ട്സ്, ആഞ്ജലീന ജോളി, ജെന്നിഫർ ആനിസ്റ്റൺ എന്നീ താരങ്ങള്‍ തിളങ്ങുന്ന ഹോളിവുഡിൽ ജാമി ഗെർട്‌സിന് അത്ര പ്രേക്ഷക പ്രീതിയുമില്ല.
സിനിമയേക്കാള്‍ ഉപരി ബിസിനസ്സിലെ നിക്ഷേപത്തിലൂടെയാണ് നടി പ്രധാനമായും പണം സമ്പാദിച്ചത്. എൻബിഎ ടീമായ അറ്റ്ലാന്റ ഹോക്സിന്റെ സഹ ഉടമ കൂടിയാണ് ഇവർ. ഇപ്പോൾ 57 വയസ്സുള്ള ജാമി, 70-കളിൽ ബാലതാരമായാണ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1981-ൽ 'എൻഡ്‌ലെസ് ലവ്' എന്ന ചിത്രത്തിലൂടെ സിനിമയിൽ നായികയി അരങ്ങേറ്റം കുറിച്ച അവർ 'ട്വിസ്റ്റർ', 'സ്റ്റിൽ സ്റ്റാൻഡിംഗ്', 'ദ നെയ്‌ബേഴ്‌സ്' തുടങ്ങിയ നിരവധി സിനിമകളിലും ടിവി ഷോകളിലും പങ്കെടുത്തു.
90-ന് ശേഷം സിനിമയിൽ അഭിനയം കുറച്ച ജാമി പിന്നീട് ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയായിരുന്നു. എന്നാല്‍ തുടർന്നും ഏതാനും ചിത്രങ്ങളില്‍ താരം വേഷമിട്ടു. 2022-ൽ പുറത്തിറങ്ങിയ 'ഐ വാണ്ട് യു ബാക്ക്' എന്ന ചിത്രത്തിൽ താരം ഒരു അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
അതേസമയം ഇന്ത്യയിലേക്ക് വരുമ്പോള്‍ അഭിനേതാക്കളില്‍ സല്‍മാനും ഷാരൂഖ് ഖാനുമൊക്കെ തന്നെയാണ് സമ്പന്നർ. നടിയമാരുട കാര്യത്തില്‍ പ്രിയങ്ക ചോപ്ര, ഐശ്വര്യ റായി എന്നിവരാണ് സമ്പന്നരില്‍ മുമ്പിലുള്ളത്. ഐശ്വര്യ റായ് ബച്ചനാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ നടി. താരത്തിന്റെ ആസ്തി ഏകദേശം 828 കോടി രൂപയാണ്. ഒരു സിനിമയ്ക്ക് 10 കോടി രൂപ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാള്‍ കൂടിയാണ് ഐശ്വര്യ.
ഏകദേശം 580 കോടി രൂപയാണ് പ്രിയങ്ക ചോപ്രയുടെ ആസ്തി. സിനിമയ്ക്ക് പുറമെ ന്യൂയോർക്കിൽ ഒരു റെസ്റ്റോറന്റും പല ബിസിനസുകളിൽ നിക്ഷേപവുമുണ്ട്. ഏകദേശം 557 കോടി രൂപയാണ് ആലിയ ഭട്ടിന്റെ ആസ്തി. അടുത്തിടെ ഒരു വസ്ത്ര ബ്രാൻഡ് താരം ഏറ്റെടുത്തിരുന്നു. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള കരീന കപൂറിന്റെ ആസ്തി ഏകദേശം 440 കോടി രൂപയാണ്.












Click it and Unblock the Notifications