സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 2 കോടിക്കടുത്ത്! കങ്കണയുടെ ബംഗ്ലാവ് വിറ്റത് എത്ര കോടി രൂപയ്ക്കാണെന്നോ?
നടിയും രാഷ്ട്രീയ പ്രവർത്തകയുമായ കങ്കണ റണാവത്ത് എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ആളാണ്. ഇപ്പോൾ കങ്കണ റണാവത്ത് തന്റെ മുംബൈയിലെ പാലി ഹില്ലിലുള്ള ബംഗ്ലാവ് വിൽപന ചെയ്ത വാർത്തയാണ് സംസാര വിഷയം ആയിരിക്കുന്നത്. എത്ര രൂപയ്ക്കാണ് താരം തന്റെ ബംഗ്ലാവ് വിറ്റത് എന്ന് അറിയാനുള്ള കൗതുകം ആളുകൾക്കുണ്ട്.
2017 ൽ 20.7 കോടി രൂപയ്ക്കാണ് കങ്കണ ഈ വസ്തു വാങ്ങിയത്. 2022 ഡിസംബറിൽ ഈ ബംഗ്ലാവ് ഈടായി വെച്ച് കങ്കണ 27 കോടി രൂപ വായ്പയെടുത്തിരുന്നു. 3,075 ചതുരശ്ര അടി ബിൽറ്റ്-അപ്പ് ഏരിയയിൽ വ്യാപിച്ചുകിടക്കുന്ന വസ്തുവിൽ 565 ചതുരശ്ര അടി പാർക്കിംഗ് സ്ഥലവും ഉൾപ്പെടുന്നു.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ കമാലിനി ഹോൾഡിംഗ്‌സിലെ പങ്കാളിയായ ശ്വേത ബത്തിജയാണ് കങ്കണയുടെ ബംഗ്ലാവ് വാങ്ങിയതെന്ന് രേഖകൾ വെളിപ്പെടുത്തുന്നു. 32 കോടിക്കാണ് ബംഗ്ലാവ് വാങ്ങിയതെന്നാണ് വിവരം. 1.92 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 30,000 രൂപ രജിസ്ട്രേഷൻ ഫീസും നൽകി. കങ്കണയുടെ പ്രൊഡക്ഷൻ ഹൗസായ മണികർണിക ഫിലിംസിൻ്റെ ഓഫീസായിരുന്നു ഈ ബംഗ്ലാവ്.
ഈ പ്രോപ്പർട്ടി മുമ്പ് 2020 ൽ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ്റെ (ബി എം സി) പരിശോധനയ്ക്ക് വിധേയമായിരുന്നു. ആ വർഷം സെപ്റ്റംബറിൽ, അനധികൃത നിർമ്മാണം ആരോപിച്ച് കങ്കണയുടെ ബാന്ദ്ര ഓഫീസിൻ്റെ ചില ഭാഗങ്ങൾ പൊളിച്ചുനീക്കിയിരുന്നു. സെപ്തംബർ 9ന് ബോംബെ ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് പൊളിക്കൽ നിർത്തിവെച്ചത്.
ഇതിന് പിന്നാലെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ പിന്നീട് ബി എം സിക്കെതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു, എന്നാൽ 2023 മെയ് മാസത്തിൽ ഈ ആവശ്യം ഉപേക്ഷിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ വസ്തുവിനെ ചുറ്റിപ്പറ്റി കുറെ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്.
അതേ സമയം കങ്കണയുടേതായി വരാനിരിക്കുന്ന സിനിമ എമർജൻസി ആണ്. . സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ്റെ (സി ബി എഫ് സി) സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് ചിത്രം വൈകുന്നത്. സെപ്തംബർ 6 ന്, പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് കങ്കണ പറഞ്ഞിരുന്നു.
അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, അന്തരിച്ച സതീഷ് കൗശിക് എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളാണ് സിനിമയിലുള്ളത്. കങ്കണ തന്നെ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'എമർജൻസി'. വിവാദങ്ങളിൽ ഇടയ്ക്കിടെ പെടാറുണ്ടെങ്കിലും കങ്കണയുടെ അഭിനയത്തിന് ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെ കങ്കണ സംവിധാനം കൂടി ചെയ്യുന്ന സിനിമയ്ക്കായ് കാത്തിരിക്കുകയാണ് ആരാധകർ.












Click it and Unblock the Notifications