അവതാറും ടൈറ്റാനിക്കുമല്ല, ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ സിനിമ ഇത്; അഭിനേതാക്കള്‍ക്ക് ലഭിച്ചത് ഇത്രമാത്രം.!
സിനിമയുടെ വിജയത്തിന്റെ അളവുകോലായി ലോകമെമ്പാടും കണക്കാക്കുന്നത് ബോക്‌സോഫീസ് കണക്കുകള്‍ ആണ്. ഇന്ത്യന്‍ സിനിമയില്‍ ബാഹുബലിയ്ക്ക് ശേഷം കോടി ക്ലബുകള്‍ ലക്ഷ്യമിട്ടാണ് പല ചിത്രങ്ങളും ഇറങ്ങുന്നത്. ബോക്‌സോഫീസില്‍ പണം വാരുന്ന പടങ്ങളില്‍ പലതും വമ്പന്‍ ബജറ്റിലാണ് ഇറങ്ങുന്നത്. അതിനാല്‍ തന്നെ ബോക്‌സോഫീസ് കളക്ഷന്‍ മാത്രം വെച്ച് സിനിമയുടെ ലാഭനഷ്ടത്തെ വിലയിരുത്തുന്നത് ശരിയല്ല.
കൂടാതെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ പലതിനും ഏറ്റവും കൂടുതല്‍ തുക ചെലവാകുന്നത് പ്രധാനതാരങ്ങളുടെ പ്രതിഫലത്തിനാണ്. 100 കോടി ബജറ്റുള്ള ചിത്രത്തിന്റെ സിംഹഭാഗവും പ്രധാനതാരങ്ങളുടെ പ്രതിഫലത്തിനായി പോകുന്നു എന്നാണ് അടുത്ത് കാലത്ത് പുറത്തിറങ്ങിയ പല ചിത്രങ്ങളും കാണിക്കുന്നത്. അതിനാല്‍ ഒരു സിനിമയുടെ സാമ്പത്തിക വിജയം എന്നത് അതിന്റെ ബജറ്റിന് ആനുപാതികമായി എത്രമാത്രം നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് പൊതുവെ വിലയിരുത്തുന്നത്.

അങ്ങനെ നോക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും ലാഭകരമായ സിനിമ എന്ന വിശേഷണത്തിന് കൂടുതല്‍ അനുയോജ്യം ഒറെന്‍ പെലി ഒരുക്കിയ പാരാനോര്‍മല്‍ ആക്ടിവിറ്റി ആണ് എന്ന് പറയേണ്ടി വരും. ഈ ചിത്രത്തിന്റെ സംവിധാനം, കഥ, എഡിറ്റിംഗ്, ക്യാമറ എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് ഒറെന്‍ പെലിയാണ്. ഹോം ക്യാമറയും പുതുമുഖങ്ങളേയും വെച്ച് പെലി ഒരുക്കിയ ഒരു ലോ-ബജറ്റ് ഹൊറര്‍ സിനിമയായിരുന്നു പാരാനോര്‍മല്‍ ആക്ടിവിറ്റി.
15000 ഡോളറില്‍ താഴെയായിരുന്നു ചിത്രത്തിന്റെ നിര്‍മാണ ചെലവ്. ബജറ്റ് പരിമിതി കാരണം ഒറെന്‍ പെലി രണ്ട് പുതുമുഖങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. കാറ്റി ഫെതര്‍സ്റ്റണും മൈക്ക സ്ലോട്ടും ആ സമയത്ത് മറ്റ് ജോലികള്‍ തേടി അലയുന്ന കാലമായിരുന്നു. കാസ്റ്റിംഗ് കോള്‍ കണ്ട് ഓഡിഷനില്‍ പങ്കെടുത്താണ് ഇരുവരും ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
500 ഡോളര്‍ ആയിരുന്നു ഈ ചിത്രത്തിന് ഇരുവര്‍ക്ക് ലഭിച്ച പ്രതിഫലം. അതായത് ഏകദേശം 42000 രൂപ! ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം പാരാമൗണ്ട് പിക്‌ചേഴ്‌സ് സ്വന്തമാക്കി. പാരാമൗണ്ട് പിക്‌ചേഴ്‌സ് പോസ്റ്റ് പ്രൊഡക്ഷനും മാര്‍ക്കറ്റിംഗിനുമായി 200,000 ഡോളര്‍ മുടക്കി 2009 സെപ്റ്റംബറില്‍ തിയേറ്ററുകളില്‍ എത്തിച്ചു. ലോകമെമ്പാടും 194.2 ദശലക്ഷം ഡോളര്‍ ആണ് ഈ ചിത്രം സമ്പാദിച്ചത്.
മുടക്കുമുതലിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമയായി മാറാനും ഇതുവഴി പാരാനോര്‍മല്‍ ആക്ടിവിറ്റിക്ക് സാധിച്ചു. നിര്‍മ്മാണ ബഡ്ജറ്റിനേക്കാള്‍ 1300000% ലാഭം നേടി എന്ന ഈ സിനിമയുടെ റെക്കോഡ് മറ്റൊരു ചിത്രത്തിനും ഇതുവരെ സാധിച്ചിട്ടില്ല. പാരാനോര്‍മല്‍ ആക്ടിവിറ്റിയുടെ വിജയം മൂന്ന് തുടര്‍ച്ചകളും രണ്ട് സ്പിന്‍ ഓഫുകളും ഉള്‍പ്പെടെ ഒരു പാരാനോര്‍മല്‍ ആക്ടിവിറ്റി ഫ്രാഞ്ചൈസിക്കും കാരണമായി.
ഇതോടെ ലോകമെമ്പാടും 600 മില്യണ്‍ ഡോളറിലധികം സമ്പാദിക്കാനും ഈ സിനിമക്ക് സാധിച്ചു. തിയേറ്ററില്‍ നിന്ന് വലിയ വരുമാനം ലഭിച്ചതോടെ ഇതില്‍ നിന്നൊരു വിഹിതം തങ്ങള്‍ക്ക് പ്രതിഫലമായി പിന്നീട് ലഭിച്ചു എന്ന് അഭിനേതാക്കള്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications