യേശുദാസും ബച്ചനും കമലുമല്ല..!!; ഏറ്റവും കൂടുതല്‍ ദേശീയ പുരസ്‌കാരം നേടിയത് ഈ കലാകാരന്‍
69-മാത് ദേശീയ ചലച്ചിത്ര പുരസ്‌കാരം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മികച്ച നടനായി അല്ലു അര്‍ജുനും മികച്ച നടിമാരായി ആലിയ ഭട്ടും കൃതി സനോനും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സംവിധായകനായത് നിഖില്‍ മഹാജനാണ്. ചലച്ചിത്ര അവാര്‍ഡുകള്‍ സംബന്ധിച്ച് ചില വിവാദങ്ങള്‍ ഉയരുന്നുണ്ടെങ്കിലും പുരസ്‌കാര നേട്ടത്തിന്റെ മാറ്റിന് കുറവില്ല എന്നാണ് ജേതാക്കളെല്ലാവരും പറയുന്നത്.
1954 മുതലാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരം നല്‍കി തുടങ്ങിയത്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നിരവധി തവണ മലയാള സിനിമയും തലയുയര്‍ത്തി നിന്നിട്ടുണ്ട്. ഈ വര്‍ഷം ആറ് പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്. നവാഗത സംവിധായകന്‍, ഒറിജിനല്‍ തിരക്കഥ, പരിസ്ഥിതി ചിത്രം, ലൊക്കേഷന്‍ ശബ്ദലേഖനം എന്നിവയ്ക്കാണ് മലയാളത്തിന് പുരസ്‌കാരമുണ്ട്.

ഒപ്പം നടന്‍ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പരാമര്‍ശവും ഹോം മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരവും നേടി. മലയാളത്തില്‍ നിന്ന് പലപ്പോഴും മികച്ച നടനും നടിയും സംവിധായകനും സിനിമയും തിരക്കഥയും ഗായകനും ഗായികയും സംഗീത സംവിധായകനും ഗാനരചിയതാവുമൊക്കെയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ മലയാളി ആരാണ് എന്ന് അറിയാമോ.
യേശുദാസ്, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നൊക്കെയായിരിക്കാം പലരും ആദ്യം പറയാന്‍ പോകുന്ന ഉത്തരം. എന്നാല്‍ 17 ദേശീയ അാര്‍ഡ് നേടിയ അടൂര്‍ ഗോപാലകൃഷ്ണനാണ് ദേശീയ അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ നേടിയ ചലച്ചിത്രകാരന്‍. ഇതില്‍ നാലെണ്ണം മികച്ച സംവിധായകനുള്ളതാണ്. മറ്റുള്ളവയില്‍ മികച്ച സിനിമ, തിരക്കഥ, സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും ഉള്‍പ്പെടുന്നു.
17 ദേശീയ പുരസ്‌കാരം എന്നത് വലിയ സംഖ്യ തന്നെയാണ്. എന്നാല്‍ ദേശീയ പുരസ്‌കാരത്തിന്റെ ചരിത്രത്തില്‍ ഇതല്ല ഒന്നാമത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും അല്ലേ. എന്നാല്‍ ഏറ്റവും കൂടുതല്‍ തവണ ദേശീയ പുരസ്‌കാരം നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ഒന്നാം സ്ഥാനത്ത് മറ്റാരുമല്ല, ഇന്ത്യന്‍ സിനിമയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയ ഇതിഹാസ ചലച്ചിത്രകാരന്‍ സത്യജിത് റേ ആണ്.
35 ദേശീയ അവാര്‍ഡുകളാണ് 40 വര്‍ഷത്തെ തന്റെ ചലച്ചിത്രസപര്യയില്‍ സത്യജിത് റേ സ്വന്തമാക്കിയത്. മൂന്നാമത് ദേശീയ അവാര്‍ഡിലാണ് അദ്ദേഹം ആദ്യമായി പുരസ്‌കാരം നേടുന്നത്. അവസാന പുരസ്‌കാരം 41-ാമത് ദേശീയ അവാര്‍ഡിലായിരുന്നു. മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ആറ് തവണയാണ് സത്യജിത് റേ സ്വന്തമാക്കിയത്. ആറ് തവണ മികച്ച സിനിമക്കുള്ള പുരസ്‌കാരവും നേടി.
തിരക്കഥ, എഡിറ്റിംഗ്, മികച്ച ബംഗാളി സിനിമ എന്നിവയും പലതവണ സത്യജിത് റേ നേടി. മികച്ച കുട്ടികളുടെ ചിത്രത്തിനും (1978 ല്‍ ജോയ് ബാബ ഫെലുനാഥ്), മികച്ച ഡോക്യുമെന്ററിക്കും (1972 ല്‍ ഇന്റര്‍ ഐ) അദ്ദേഹം ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. അന്തര്‍ദ്ദേശീയമായും നിരവധി പുരസ്‌കാരങ്ങളാണ് സത്യജിത് റേയ്ക്ക് ലഭിച്ചത്.












Click it and Unblock the Notifications