ഇനിയെങ്കിലും ചുരുളഴിക്കുമോ? ജോര്‍ജ് കുട്ടി വീണ്ടും വരും: ദൃശ്യം 3 സ്ഥിരീകരിച്ച് മോഹന്‍ലാല്‍
ഒരു കുടുംബ ചിത്രത്തിന്റെ ചേരുവകളില്‍ നിന്ന് അസാധാരണമായൊരു ത്രില്ലര്‍ സിനിമയുടെ തലത്തിലേക്ക് വളര്‍ന്ന സിനിമയാണ് ദൃശ്യം. 2013 ലാണ് ദൃശ്യം സിനിമയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തുന്നത്. പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ജോര്‍ജുകുട്ടിയായി എത്തിയ മോഹന്‍ലാലിനെ പേക്ഷകര്‍ ഒരിക്കലും മറക്കാനിടയില്ല. ഒരു സാധാരണ കുടുംബാന്തരീക്ഷത്തില്‍ നടന്ന കൊലപാതകവും അതുമായി ബന്ധപ്പെട്ട കുറ്റാന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം
കൊലപാതകം മറച്ചുവയ്ക്കാനുള്ള നായക കഥാപാത്രമായ ജോര്‍ജുകുട്ടിയായിയുടെയും കുടുംബത്തിന്റെയും ശ്രമങ്ങള്‍ പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി. പിന്നീട് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2021 ലാണ് 'ദൃശ്യം 2' എത്തുന്നത്. ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായി എത്തിയ സിനിമയെ വീണ്ടും പ്രേക്ഷകര്‍ നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ചു. ഇപ്പോഴിതാ മലയാള സിനിമാ പ്രേക്ഷകരെ വീണ്ടും അമ്പരിപ്പിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം സ്ഥിരീകരിച്ചത്. 'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല' എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗമെത്തുന്ന കാര്യം മോഹന്‍ലാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
രണ്ടാം ഭാഗവും സൂപ്പര്‍ ഹിറ്റായതിനുശേഷം മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. 'ദൃശ്യം 3' കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഒരിക്കല്‍ മോഹന്‍ലാല്‍ തന്നെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ മൂന്നാം ഭാഗം എത്തുമെന്ന പ്രഖ്യാപനത്തോടെ ആവേശത്തിലാണ് ആരാധകര്‍.

മോഹന്‍ലാലിന് പുറമേ ദൃശ്യം സിനിമയില്‍ മീന, അന്‍സിബ ഹസന്‍, എസ്‌തേര്‍ അനില്‍, ആശാ ശരത്, ഇര്‍ഷാദ്, റോഷന്‍ ബഷീര്‍, അനീഷ് ജി മേനോന്‍, കുഞ്ചന്‍, കോഴിക്കോട് നാരായണന്‍ നായര്‍, പി ശ്രീകുമാര്‍, ശോഭ മോഹന്‍, കലാഭവന്‍ റഹ്‌മാന്‍, കലാഭവന്‍ ഹനീഫ്, ബാലാജി ശര്‍മ, സോണി ജി സോളമന്‍, പ്രദീപ് ചന്ദ്രന്‍, അരുണ്‍ എസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ വേഷമിട്ടിരുന്നു. രണ്ടാം ഭാഗത്തിലും ഇവര്‍ മിക്കവരുമുണ്ടായിരുന്നു. ഇനി മൂന്നാം ഭാഗത്തില്‍ ആരൊക്കെ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
ചിത്രത്തിന്റെ തിരക്കഥ എഴുതിയതും ജീത്തു ജോസഫാണ്. ചൈനീസ് ഭാഷയില്‍ അടക്കം റീമേക്ക് ചെയ്ത ആദ്യ മലയാള സിനിമ കൂടിയാണ് ദൃശ്യം. തമിഴില്‍ കമല്‍ ഹാസന്‍ പാപനാശം എന്ന പേരിലാണ് ദൃശ്യം റിമേക്ക് ചെയ്തത്. ദൃശ്യം അതേ പേരില്‍ ബോളിവുഡില്‍ മൊഴിമാറ്റിയപ്പോള്‍ അജയ് ദേവ്ഗണായിരുന്നു നായകനായെത്തിയത്
2013 ല്‍ പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോര്‍ഡുകളുമാണ് തകര്‍ത്തെറിഞ്ഞത്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടിയത്. ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മാണം നിര്‍വഹിച്ചത്.












Click it and Unblock the Notifications