വിന്‍സി വീഡിയോ ഇടും മുന്നേ ആലോചിക്കേണ്ടതായിരുന്നു; ഇങ്ങനെ മാറ്റിപ്പറയുന്നത് ബുദ്ധിമുട്ടാണ്: ഭാഗ്യലക്ഷ്മി
നടി വിന്‍സി അലോഷ്യസും നടന്‍ ഷൈന്‍ ടോം ചാക്കോയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ച് ഒരു നടന്‍ തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു വിന്‍സി അലോഷ്യസിന്റെ ആദ്യ വെളിപ്പെടുത്തല്‍. പിന്നാലെ അത് ഷൈന്‍ ടോം ചാക്കോയാണ് എന്ന് വിന്‍സി തന്നെ സിനിമ സംഘടനകളെ അറിയിച്ചു. താരസംഘടനയായ അമ്മയ്ക്കും ഫിലിം ചേംബറിനും പരാതിയും നല്‍കി. തനിക്കുണ്ടായ ദുരനുഭവം സംബന്ധിച്ച് വിന്‍സി തന്നെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
സംഭവം വലിയ വിവാദമായതിന് പിന്നാലെ താന്‍ കാരണം സിനിമയ്ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് പറഞ്ഞ് വിന്‍സി തന്നെ വീണ്ടും രംഗത്തെത്തി. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കില്ലെന്നും അറിയിച്ചു. ഷൈന്റെ പേര് പുറത്തുവിട്ട ഫിലിം ചേംബര്‍ ഭാരവാഹികള്‍ക്കെതിരെ വിന്‍സി രൂക്ഷമായി സംസാരിച്ച് രംഗത്ത് എത്തുകയും ചെയ്തു. ഇതോടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ വിന്‍സിക്കെതിരേ എതിരഭിപ്രായങ്ങളും ഉയര്‍ന്നു.

തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി സമൂഹ മാധ്യമത്തിലൂടെ ധൈര്യപൂര്‍വം പറഞ്ഞ വിന്‍സി അലോഷ്യസ് പരാതിയില്‍ നിന്ന് പിന്മാറുകയാണോ എന്ന സംശയം പോലും ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചു. സൂത്രവാക്യം എന്ന സിനിമയുടെ പ്രചാരണ തന്ത്രമാണോ ഇതെന്ന് സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ ചോദിക്കുകയും ചെയ്തു. വിവാദത്തിന്റെ തുടക്കം മുതല്‍ വിന്‍സിയെ പിന്തുണച്ചുകൊണ്ട് നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. സിനിമാ സെറ്റില്‍ വച്ച് മോശമായി പെരുമാറിയ നടന്‍ ആരാണ്, അയാളുടെ പേര് പറയണം, നിയമ നടപടി സ്വീകരിക്കണം, ഔദ്യോഗികമായി പരാതി നല്‍കണം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
വിന്‍സിയെ പിന്തുണച്ച് തുടക്കത്തില്‍ തന്നെ രംഗത്തെത്തിയ വ്യക്തിയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മി. എന്നാല്‍ വിന്‍സി പിന്നീട് നിലപാട് മയപ്പെടുത്തിയതോടെ കുരുക്കിലായത് ഭാഗ്യലക്ഷ്മിയെ പോലെ തുടക്കം മുതലേ അവരെ ശക്തമായി പിന്തുണച്ചവരാണ്.
കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി ഇക്കാര്യത്തിലുള്ള തന്റെ അതൃപ്തി പരസ്യമായി തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളോടു പ്രകടിപ്പിക്കുകയും ചെയ്തു. താന്‍ പരാതിപ്പെട്ടാല്‍ ഷൈന്‍ കമ്മിറ്റ് ചെയ്ത പല സിനിമകളെയും ബാധിക്കുമെന്ന വിന്‍സിയുടെ പരാമര്‍ശത്തെ കുറിച്ചാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഭാഗ്യലക്ഷ്മിയോട് ചോദിച്ചത്. അതൊക്കെ വിന്‍സി വീഡിയോ ഇടുമ്പോള്‍ ആലോചിക്കണം എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. വീഡിയോ പുറത്തുവിട്ട ശേഷം പറഞ്ഞിട്ട് കാര്യമില്ല. നടിയുടെ നിലപാട് മാറ്റത്തോടുള്ള അതൃപ്തി ഭാഗ്യലക്ഷ്മിയുടെ വാക്കുകളില്‍ വ്യക്തമായിരുന്നു.
വീഡിയോ ഇടും മുമ്പ് ഇതൊക്കെ ആലോചിക്കണമായിരുന്നു എന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരം വിഷയങ്ങളില്‍ പിന്തുണയ്ക്കുന്ന തന്നെപ്പോലുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നതാണ് ഇത്തരം നിലപാടുകള്‍. ഒരു പെണ്‍കുട്ടി പൊതുസമൂഹത്തില്‍ തനിക്കുണ്ടായ ബുദ്ധിമുട്ട് തുറന്നു പറഞ്ഞത് കൊണ്ടാണ് പിന്തുണച്ചത്. നാളെ മറ്റൊരു പെണ്‍കുട്ടി ഇതുപോലെ വന്നു പറയുകയും പിറ്റേന്ന് നിലപാട് മാറ്റുകയും ചെയ്താല്‍ എന്തു ചെയ്യും. തങ്ങളെപ്പോലെ പിന്തുണയ്ക്കുന്നവരാണ് വെട്ടിലാകുന്നത്. ഇത്തരം വിഷയങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ ഇടപെടണമോ വേണ്ടയോ എന്ന് സംശയം തോന്നും. ഭാഗ്യലക്ഷ്മിയുടെ വാക്കുകളില്‍ വിന്‍സി അലോഷ്യസിന്റെ നിലപാട് മാറ്റത്തോടുള്ള അപ്രിയം വ്യക്തമാണ്.
ഇതുപക്ഷേ, ഭാഗ്യലക്ഷ്മിയുടെ മാത്രം അഭിപ്രായമല്ല എന്നാണ് സിനിമാ മേഖലയിലുള്ളവര്‍ പറയുന്നത്. ഡബ്ല്യുസിസി അടക്കം വിന്‍സി അലോഷ്യസിനെ പിന്തുണച്ചുകൊണ്ട് സമൂഹ മാധ്യമ പോസ്റ്റുകളുമായി രംഗത്തെത്തിയിരുന്നു. ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ അതില്‍ തന്നെ ഉറച്ചു നില്‍ക്കണമെന്നും പിന്നീട് നിലപാട് മാറ്റരുതെന്നുമാണ് ഭാഗ്യലക്ഷ്മിയെ പോലുള്ളവര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.












Click it and Unblock the Notifications