ദുല്‍ഖർ സല്‍മാനും ജോജു ജോർജും സംസ്ഥാന അവാർഡ് അടിച്ചെടുത്തതോ? ചർച്ചയായി രൂപേഷിന്റെ തുറന്ന് പറച്ചില്‍
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട് സംവിധായകനും നടനുമായ രൂപേഷ് പീതാംബരൻ നടത്തിയ തുറന്ന് പറച്ചില്‍ വലിയ തോതിലുള്ള ചർച്ചകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയിലെ ആളുകള്‍ നായകന്റെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നത് കൊണ്ട് ഒരു വർഷത്തെ ഒട്ടുമിക്ക എല്ലാ സ്റ്റേറ്റ് അവാർഡും ആ സിനിമയ്ക്ക് കിട്ടിയെന്നാണ് ജിഞ്ചർ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ രൂപേഷ് പീതാംബരന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
'കേരളത്തില്‍ കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഉണ്ടായൊരു സംഭവമുണ്ട്. ഞാനതിന് സാക്ഷിയാണ്. പറഞ്ഞാല്‍ ഏത് സിനിമയാണെന്ന് മനസിലാകും. എങ്കിലും പറയാം. ഭരിക്കുന്ന പാര്‍ട്ടിയിലെ ആളുകള്‍ നായകന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവനൊരു പടം ചെയ്തു. ഗംഭീര വിജയമായി. സുഹൃത്തായ രാഷ്ട്രീയക്കാരനോട് എന്താടോ നമുക്കൊന്നും അവാര്‍ഡില്ലേ എന്ന് ചോദിച്ചു. വിശ്വസിക്കാനാകില്ല. ആ സിനിമയ്ക്ക് നടന്‍, സംവിധായകന്‍, സിനിമ, നടി എല്ലാ സ്‌റ്റേറ്റ് അവാര്‍ഡും കിട്ടി. ' രൂപേഷ് പീതാംബരന്‍ പറയുന്നു.

ഈ പറയുന്ന അതിലെ ഒരു നിര്‍മാതാവ് നടനാണ്. ഈ സിനിമയ്ക്ക് കൊടുക്കാന്‍ പറ്റാത്തതിനാല്‍ വേറൊരു സിനിമയിലെ അഭിനയത്തിന് സ്റ്റേറ്റ് അവാര്‍ഡ് കൊടുത്തു. മൊത്തം അവാര്‍ഡും ആ ടീമിനായിരുന്നു. സിനിമയുടെ പേരും വര്‍ഷവും പറയില്ല. ലോബിയിങ് ആണ്. എന്റെ സിനിമകളൊന്നും അവാര്‍ഡിന് അയച്ചിട്ടില്ല. ഇനി ചെയ്യുന്ന സിനിമകളും അയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയുടെ പേര് രൂപേഷ് പീതാംബരന്‍ പറഞ്ഞില്ലെങ്കിലും അദ്ദേഹം സൂചിപ്പിക്കുന്ന ചിത്രം ചാർളിയാണെന്നാണ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. 2015 ല്‍ മാർട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് ദുല്‍ഖർ സല്‍മാന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിക്കുന്നത്. മികച്ച നടന് പുറമെ സംവിധായകന്‍, സിനിമ, നടി, ഛായാഗ്രഹണം തുടങ്ങീ എട്ട് പുരസ്കാരങ്ങളായിരുന്നു സിനിമയ്ക്ക് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ ലഭിച്ചിരുന്നത്.
രൂപേഷ് പറയുന്നത് പോലെ ചാർളിയുടെ മൂന്ന് നിർമ്മാതാക്കളില്‍ ഒരാള്‍ ജോജു ജോർജായിരുന്നു. ലുക്ക ചുപ്പി, ഒരു സെക്കന്റ് ക്ലാസ് യാത്ര എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരവും ആ വർഷം ജോജു ജോർജിന് ലഭിച്ചു. രുപേഷ് പിതാംബരന്റെ അഭിപ്രായത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകള്‍ മുന്നോട്ട് വരുന്നുണ്ട്.
ചാർളി മികച്ച സിനിമ ആയിരുന്നെങ്കിലും സംസ്ഥാന അവാർഡ് ലഭിക്കേണ്ട പ്രകടനം ദുല്‍ഖറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. എന്നാല്‍ ദുല്‍ഖറും ചാർളിയും എന്തുകൊണ്ടും അവാർഡിന് അർഹരാണെന്ന് മറുവിഭാഗവും ചൂണ്ടിക്കാട്ടുന്നു. അന്ന് ഭരിച്ചിരുന്ന യു ഡി എഫ് സർക്കാറില്‍ എന്ത് സ്വാധീനമാണ് ദുല്‍ഖർ, മാർട്ടിന്‍ പ്രക്കാട്ട്, ജോജു ജോർജ് എന്നിവർക്ക് ഉണ്ടായിരുന്നതെന്നും ഇവർ ചോദിക്കുന്നു.
അതേസമയം, ടോവിനോ തോമസിനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്ത 'ഒരു മെക്സിക്കൻ അപാരത' എന്ന ചിത്രം വിജയിക്കാൻ കാരണം യഥാർത്ഥ സംഭവത്തെ നേരെ തിരിച്ചിട്ടതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നുണ്ട് മഹാരാജാസ് കോളേജിൽ എസ്എഫ്ഐയുടെ (ആധിപത്യത്തിനെതിരെ കെഎസ്‌യു നേടിയ വിജയമാണ് ചിത്രത്തിന്റെ അടിസ്ഥാനമെന്നും എന്നാൽ, സിനിമ വിജയകരമാകണമെങ്കിൽ ഈ സംഭവം തിരിച്ചിടണമെന്നും താൻ സംവിധായകൻ ടോം ഇമ്മട്ടിയോട് നിർദേശിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യൂ ടു ബ്രൂട്ടസ് എന്ന ചിത്രത്തില്‍ നിന്നും ടൊവിനോയെ മാറ്റണമെന്ന് പ്രശസ്തനായൊരു നിര്‍മാതാവ് തന്നോട് ആവശ്യപ്പെട്ടിരുന്നു. ടൊവിനോ ഫ്‌ളക്‌സിബിള്‍ അല്ലെന്നതായിരുന്നു അദ്ദേഹത്തെ മാറ്റാനുള്ള കാരണമായി പറഞ്ഞത്. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും രൂപേഷ് പീതാംബരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications