മമ്മൂട്ടിയുടെ മകന്‍ ആയതുകൊണ്ട് ഞാന്‍ പേടിച്ചു: ദുല്‍ഖർ കൂടുതല്‍ സംസാരിക്കില്ല; അവർക്ക് അവരുടെ ലോകം: പ്രശാന്ത്
പൊതുവേ അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണ് ദുല്‍ഖർ സല്‍മാനെന്ന് നടന്‍ പ്രശാന്ത് കാഞ്ഞിരമറ്റം. മറ്റുള്ളവർ എന്തെങ്കിലും ചോദിച്ചാല്‍ അതിന് കൃത്യമായി മറുപടി പറയുന്ന വ്യക്തിയാണ് അദ്ദേഹം. ഉദാഹരണത്തിന് ഒരു ചോദ്യം ചോദിക്കുകയാണെങ്കില്‍ അതിനുള്ള ഉത്തരം ലഭിക്കും. മറ്റ് വർത്തമാനങ്ങളൊന്നും ഉണ്ടാകില്ല. സെറ്റിലും അങ്ങനെ തന്നെയാണ്. പിന്നെ നമ്മള്‍ കൂടുതലായി ശല്യം ചെയ്യാനൊന്നും പോകാറില്ല. അവർക്ക് അവരുടേതായ ഒരു ലോകമെന്നും പ്രശാന്ത് പറയുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുല്‍ഖറിനൊപ്പം യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തില്‍ സഹതാരമായി പ്രശാന്ത് കാഞ്ഞിരമറ്റവും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. നമ്മളുമായി അടുത്ത് ഇടപഴകിയിട്ട് അവർക്ക് വലിയ പ്രയോജനം ഒന്നും ഇല്ല. നമുക്കെന്ത് ഗുണം എന്ന് ചോദിച്ചാല്‍ എവിടെയെങ്കിലും വെച്ച് കാണുമ്പോള്‍ തിരിച്ചറിഞ്ഞേക്കാം. ഡബ്ബിങ്ങിന് പോയ സമയത്ത് കണ്ടിരുന്നു. അവിടെ ഒരുമിച്ച് ഇരുന്ന കുറേ നേരം സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.

നമ്മള്‍ നമ്മുടെ സുഹൃത്തുക്കളോടൊപ്പം നിന്ന് കുഴയുന്നത് പോലെ ദുല്‍ഖർ ചെയ്യില്ല. അത് ആണ് അദ്ദേഹത്തിന്റെ ക്വാളിറ്റിയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എല്ലാവരോടും അദ്ദേഹം അങ്ങനെ തന്നെയാണ്. നമ്മള്‍ ഒരു കാര്യത്തെക്കുറിച്ച് ദുല്‍ഖറിനോട് ചോദിച്ചാല്‍ അതിന് കൃത്യമായ മറുപടിയുണ്ടായിരിക്കുമെന്നും പ്രശാന്ത് കൂട്ടിച്ചേർക്കുന്നു.
ഫൈറ്റ് സീന്‍ എടുക്കുന്ന സമയത്തൊക്കെ എനിക്ക് പേടിയായിരുന്നു. ഡമ്മി വടി ആണെങ്കിലും അടിക്കുന്നത് മമ്മൂക്കയുടെ മകനേയല്ലേ എന്ന് ചിന്തിക്കും. അടിയെങ്ങാനും തെറ്റി എവിടെയെങ്കിലും കൊണ്ട് ഒന്നും പറ്റരുതല്ലോ. അത്രയും വലിയ ഒരാളുടെ മകന്‍, അത്രയും സുന്ദരനായ വ്യക്തി. അടിക്കുമ്പോള്‍ കൊള്ളുകയൊക്കെ ചെയ്താല്‍ എന്നെ തല്ലുന്നതിനേക്കാള്‍ വലിയ വേദനയായിരിക്കും എനിക്ക് അത്. അതുകൊണ്ട് തന്നെ ഫൈറ്റ് എടുക്കുന്ന സമയത്ത് പ്ലാന്‍ ചെയ്യാനായി സംസാരിക്കും.
എട്ട് ദിവസം എടുത്താണ് ആ ഫൈറ്റ് ഷൂട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ഒരുപാട് ദിവസം അദ്ദേഹത്തോടൊപ്പം ചിലവഴിക്കാനായി. താടിയും മുടിയുമൊക്കെ വളർത്തിയുള്ള വേഷം ആയതിനാല്‍ ആ കാഥാപാത്രം ചെയ്തത് ഞാനാണെന്ന് പലർക്കും അറിയില്ല. നല്ല റോളായിരുന്നു. ഒരുപാട് സീനും ഉണ്ടായിരുന്നു. എന്നാല്‍ സിനിമക്ക് ലെങ്ത് കൂടിയതുകൊണ്ടാണ് കുറേഭാഗങ്ങള്‍ കട്ട് ചെയ്ത് പോയി. ഫൈറ്റ് സീന്‍ തന്നെ ഒരുപാട് ഒഴിവാക്കിയിട്ടുണ്ട്. നല്ല രീതിയില്‍ അധ്വാനിച്ച് ചെയ്ത രംഗങ്ങളായിരുന്നു.
ഒരു വേഷം കിട്ടിയാല്‍ നന്നായി ചെയ്യാമെന്ന ആത്മവിശ്വാസം പണ്ടത്തേക്കാള്‍ ഇപ്പോഴുണ്ട്. നല്ല വേഷങ്ങള്‍ ഇനിയായിരിക്കും ലഭിക്കുക. സിനിമയില്‍ അവസരം ലഭിക്കുക എന്നതൊക്കെ കൈയെത്താ ദൂരത്തെ സ്വപ്നങ്ങളായിട്ടാണ് ഞാന്‍ കണ്ടിരുന്നത്. എന്നാലും ഒരു സിനിമയില്‍ നായകനായി അഭിനയിച്ചു. അത് വലിയ ബോണസാണ്. പിന്നെ മുപ്പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.
അന്നും ഇന്നും ക്യാരക്ടർ റോളുകള്‍ ചെയ്യാനാണ് താല്‍പര്യം. ഒരുപാട് പരിമിതികളുള്ള വ്യക്തിയാണ് ഞാന്‍. ഡാന്‍സ് എനിക്ക് വലിയ പാടാണ്. ഉയരക്കുറവുണ്ട്. പക്ഷെ ഫൈറ്റ് ചെയ്യാം. നാലഞ്ച് ചിത്രങ്ങളില്‍ ഫൈറ്റ് ചെയ്തിട്ടുണ്ട്. ഏത് വേഷം കിട്ടിയാലും ശ്രമിക്കും. പിന്നെ ചെയ്യാന്‍ പറ്റാത്ത വേഷമാണെങ്കില്‍ അത് നടക്കില്ലെന്നും തുറന്ന് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications