ദുല്‍ഖർ സല്‍മാന്‍ മുടക്കിയത് 30 കോടി മാത്രം: പക്ഷെ 300 കോടി ലോക പോക്കറ്റിലേക്ക് എത്തിക്കുമോ
'ലോക'യിലുടെ ഒരിക്കല്‍ കൂടെ മലയാള സിനിമ ഇന്ത്യന്‍ സിനിമ ലോകത്ത് വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. എല്ലായിടത്ത് നിന്നും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ ടിക്കറ്റ് കിട്ടാന്‍ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് ലോക മാറിക്കഴിഞ്ഞിരിക്കുന്നു. കല്യാണി പ്രിയദർശന്‍, നസ്ലന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ചിത്രം ബോക്സ് ഓഫീസിലും പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിനങ്ങളില്‍ തന്നെ ചിത്രം ആഗോള തലത്തില്‍ 80 കോടി രൂപ കളക്ട് ചെയ്തുവെന്നാണ് വിവിധ റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. ഇത് ഒരു മലയാള സിനിമക്ക് ലഭിക്കുന്ന മൂന്നാമത്തെ വലിയ കളക്ഷനാണ്. അവധി ദിവസങ്ങള്‍ കൂടി വരുന്നതിനാല്‍ ചിത്രം ഉടന്‍ തന്നെ 100 കോടിയിലേക്ക് കയറും എന്ന കാര്യത്തില്‍ സംശയം ഇല്ല.

കേരളത്തില്‍ തന്നെ ചിത്രം കൂടുതല്‍ തിയേറ്ററുകളിലേക്ക് പ്രദർശനം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതോടെ റിലീസ് ചെയ്യാനിരുന്നത് അടക്കമുള്ള ചില ചെറു ചിത്രങ്ങള്‍ക്ക് തിയേറ്റർ കിട്ടാത്ത അവസ്ഥയുമുണ്ടായി. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.ചിത്രത്തിന്റെ തിരക്കഥയോടൊപ്പം തന്നെ എഡിറ്റിങ്, സംഗീതം, ക്യാമറ, ആർട്ട് വർക്ക്, വിഎഫ്എക്സ് എന്നിവയെല്ലാം അന്യഭാഷ സിനിമ പ്രേമികളുടേയും മനം കവരുന്നു.
ഇത്തരം ഒരു ചിത്രം നിർമ്മിക്കാന്‍ മുന്‍കൈ എടുത്ത ദുല്‍ഖർ സല്‍മാനും വലിയ കൈ അടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രമായിരുന്നു ദുല്‍ഖർ ആദ്യമായി നിർമ്മിച്ചത്. പിന്നാലെ മണിയറയിലെ അശോകന്‍, സല്യൂട്ട്, കൂറുപ്പ്, കിങ് ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങള്‍ക്കായും അദ്ദേഹം പൈസ ഇറക്കി. ഇക്കൂട്ടത്തില്‍ ദുല്‍ഖറിന് വിചാരിച്ച നേട്ടം കൊയ്യാനാകാതെ പോയ ഏക ചിത്രം കിങ് ഓഫ് കൊത്തയായിരുന്നു.
കിങ് ഓഫ് കൊത്ത നിർമ്മാതാവ് എന്ന നിലയില്‍ മാത്രമല്ല, നടന്‍ എന്ന നിലയിലും ദുല്‍ഖറിന് വലിയ ക്ഷീണമായിരുന്നു നല്‍കിയത്. ഇതോടെ അദ്ദേഹം മലയാളത്തിന് പകരം അന്യഭാഷകളില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങി. ലക്കി ഭാസ്കർ എന്ന തെലുഗ് ചിത്രം ദുല്‍ഖറിന് ഒരിക്കല്‍ കൂടെ പാന്‍ ഇന്ത്യ റീച്ച് നല്‍കി. ഇതിന് പിറകെയാണ് ലോകയിലൂടെ ദുല്‍ഖർ വീണ്ടും സിനിമയുടെ ഐശ്വര്യമായി മാറുന്നത്.
30 കോടി ബജറ്റില്‍ ഇതുപോലെ ഒരു ചിത്രം പൂർത്തിയാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം. 30 കോടിക്ക് 300 കോടിയുടെ ഔട്ട്പുട്ട് നല്‍കിയ ചിത്രം കളക്ഷനിലും പുതിയ റെക്കോർഡുകള്‍ തീർക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ പ്രതിദിനം 20 കോടിയിലേറെ കളക്ഷനുമായി മുന്നേറുന്ന ചിത്രം എമ്പുരാന്റെ റെക്കോർഡ് തകർക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അതേസമയം, ലോകയുടെ വിജയം മലയാള സിനിമയ്ക്ക് ഒരു വലിയ വഴിത്തിരിവാണ് എന്നതിൽ യാതൊരു സംശയവുമില്ലെന്നാണ് സിനിമ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കല്യാണിയുടെ മികച്ച പെർഫോമൻസും, ഡയറക്ഷനും, ടെക്നിക്കൽ ടീമിന്റെ കഠിനാധ്വാനവും എല്ലാം കൂടി അതിനെ നല്ലൊരു ഔട്ട്പുട്ട് കൊടുത്തു.
ഒരു സിനിമ വിജയിക്കാൻ പ്രധാന ഘടകം കണ്ടന്റാണ്. ആ സിനിമ ആളുകളെ തിയറ്ററിൽ എത്തിച്ച്, റിപ്പീറ്റ് ഓഡിയന്‍സിനെ സൃഷ്ടിച്ചില്ലെങ്കിൽ, ആരെ ലീഡ് ആക്കിയാലും അത് വിജയിക്കുകയില്ല. ലോകയുടെ കണ്ടന്റ് നല്ലതായിരുന്നു. വലിയ സ്കെയിലിൽ തയ്യാറാക്കി ചെയ്ത എക്സിക്യൂഷന്‍ ആളുകളെ ഇംപ്രസ് ചെയ്തു. കല്യാണിയടക്കമുള്ള അഭിനേതാക്കൾ അതിനെ കാരി ചെയ്യാൻ പറ്റി. അതുകൊണ്ടാണ് സിനിമ ഇന്ന് ബോക്സ്ഓഫീസിൽ പല കോടി ക്ലബ്ബിലേക്ക് പോകുന്നതെന്നും പ്രേക്ഷകന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications