ഡങ്കിയില്‍ ഷാരൂഖിന്റെ പ്രതിഫലം കേവലം 28 കോടി മാത്രം, എന്തുകൊണ്ട്? വിക്കിക്ക് 12 കോടി, തപ്സിക്കെത്ര?
ഷാരൂഖ് ഖാനെ നായകനാക്കി രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഡങ്കിയെന്ന ചിത്രം ഡിസംബർ 22 ന് തിയേറ്ററുകളില്‍ എത്താന്‍ പോകുകയാണ്. പത്താന്‍, ജവാന്‍ തുടങ്ങിയ ബംപർ ഹിറ്റുകള്‍ക്ക് ശേഷം എത്തുന്ന ചിത്രത്തില്‍ പ്രേക്ഷകർക്കും വലിയ പ്രതീക്ഷയാണുള്ളത്. ചിത്രത്തിന്റെ ആദ്യ ടീസർ അടുത്തിടെ പുറത്തിറങ്ങി. ചിത്രം സംബന്ധിച്ച കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ഷാരൂഖ് ആരാധകർ.
വിക്കി കൗശല്‍, തപ്‌സി പന്നു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രഭാസിന്റെ സലാർ എന്ന ചിത്രത്തിനൊപ്പമാണ് റിലീസിന് എത്തുന്നതെന്നതും ആകാംക്ഷ വർധിപ്പിക്കുന്നു. ഡങ്കിയില്‍ അഭിനയിക്കാന് ഓരോ അഭിനേതാക്കളും എത്ര പ്രതിഫലം വാങ്ങിയെന്നത് സംബന്ധിച്ച റിപ്പോർട്ടുകളും ഇപ്പോള്‍ പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്.

ജവാൻ, പത്താൻ എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഷാരൂഖ് ഖാൻ 100 കോടി രൂപയാണ് ഡങ്കിക്കായി പ്രതഫിലം വാങ്ങുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നിരുന്നാലും, ആ റിപ്പോർട്ടുകൾ ശരിയല്ലെന്ന് തോന്നുന്നു. 100 കോടിയിൽ താഴെയാണ് ഡങ്കിക്ക് വേണ്ടി ഷാരൂഖ് ഖാൻ ഈടാക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. എന്നാല്‍ ഇതേക്കുറിച്ച് സ്ഥിരീകരണമൊന്നുമില്ല.
28 കോടിയാണ് ഡങ്കിയിലെ ഷാരൂഖിന്റെ പ്രതിഫലമെന്നും റിപ്പോർട്ടുണ്ട്. ഷാരൂഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ളറെഡ് ചില്ലീസ് ഇന്റര്‍നാഷ്ണലാണ് ഡങ്കിയുടെ നിര്‍മാണ പങ്കാളിലൊന്ന്. അതുകൊണ്ടാണ് ഷാരൂഖ് ഖാന് ഇത്രയും ചെറിയ പ്രതിഫലമെന്നാണ് റിപ്പോർട്ട്. 28 കോടിക്ക് പുറമെ സിനിമയുടെ വരുമാനത്തിന് അനുസൃതമായി ഒരു നിര്‍മാതാവ് എന്ന നിലയില്‍ ഷാരൂഖിന് ഒരു വിഹിതം ലഭിക്കും.
രാജ്കുമാര്‍ ഹിറാനി, ജ്യോതി ദേശ് പാണ്ഡെ എന്നിവരാണ് മറ്റു നിര്‍മാതാക്കള്‍. വിക്കി കൗശലിന് 12 കോടി രൂപയാണ് ചിത്രത്തില്‍ പ്രതിഫലമായി ലഭിക്കുക. നായിക തപ്‌സി പന്നുവിന്റെ പ്രതിഫലം 11 കോടിയോളം വരും. മറ്റു താരങ്ങളായ ബൊമന്‍ ഇറാനിക്കും സതീഷ് ഷായ്ക്കും യഥാക്രമം 15 കോടിയും 7 കോടിയും പ്രതിഫലം ലഭിക്കും.
മുന്നാഭായി എംബിബിഎസും 3 ഇഡിയറ്റ്സും പികെയും അടക്കമുള്ള ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ രാജ്‍കുമാര്‍ ഹിറാനിയാണ് ഡങ്കിയുടെയും സംവിധായകന്‍ എന്നതാണ് പ്രധാന ആകർഷണീയത. എന്നാല്‍ ചിത്രത്തിന്റെ ടീസറിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. മോശം വിഎഫ്എക്സിന്റെ പേരിലായിരുന്നു വിമർശനങ്ങളില്‍ അധികവും.
കുടിയേറ്റം കഥാപശ്ചാത്തലമാക്കുന്ന, ഇമിഗ്രേഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഡങ്കി എന്നാണ് ടീസർ നല്‍കുന്ന സൂചന. പോസിറ്റീവ് അഭിപ്രായം വരികയാണെങ്കില്‍ ജവാനും പത്താനും പിന്നാലെ ഡങ്കിയും ആയിരം കോടി ക്ലബ്ബില്‍ ഇടപിടിച്ചേക്കും. കഴിഞ്ഞ രണ്ട് ചിത്രങ്ങളും രണ്ടായിരം കോടി ക്ലബ്ലില്‍ ഇടം നേടിയെന്ന റെക്കോർഡും ഷാരൂഖിന് സ്വന്തമായിട്ടുണ്ട്.












Click it and Unblock the Notifications