അതൊന്നും അന്വേഷിച്ച് ഇങ്ങോട്ട് വരേണ്ടെന്ന് എലിസബത്ത്; ഇനിയും പറ്റിക്കപ്പെടാൻ നില്‍ക്കരുതെന്ന് കമന്റുകൾ
അമൃത സുരേഷുമായി വിവാഹമോചിതനായതിന് പിന്നാലെ 2021 ലാണ് നടൻ ബാല തൃശൂർ സ്വദേശിയായ ഡോ എലിസബത്തിനെ വിവാഹം കഴിച്ചത്. എന്നാൽ 2023 ൽ ഇരുവരും വേർപിരിഞ്ഞു. എലിസബത്ത് തനിക്കൊപ്പമില്ലെന്ന് ബാല തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇരുവരും പിരിയാനുണ്ടായ സാഹചര്യത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നെങ്കിലും വിധിയെന്ന് പറഞ്ഞ് ബാല ഒഴിഞ്ഞു. എലിസബത്തും ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിരുന്നു.
ഇരുവരും നിയമപരമായ വിവാഹിതരായിരുന്നില്ല. അതുകൊണ്ട് തന്നെ എലിബസത്തുമായി പിരിഞ്ഞതിന് തൊട്ട് പിന്നാലെ തന്നെ ബാല നാലാമതും വിവാഹം കഴിച്ചു. തന്റെ മുറപ്പെണ്ണായ കോകിലയെ ആണ് ബാല വിവാഹം ചെയ്തത്. ബാല ഇരവാദം നടത്തുന്നുവെന്ന് ആരോപിച്ച് മകളും മുൻ ഭാര്യ അമൃത സുരേഷും പരസ്യമായി രംഗത്തെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയായിരുന്നു ബാല വീണ്ടും വിവാഹിതനായത്.

ഈ സമയത്തെല്ലാം ആരാധകരിൽ പലരും അന്വേഷിച്ചിരുന്നത് എലിസബത്തിനെ കുറിച്ചായിരുന്നു. എന്തുകൊണ്ടാണ് എലിസബത്ത് ഈ വിഷയങ്ങളിലൊന്നും പ്രതികരിക്കാതിരുന്നതെന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. എന്നാൽ എലിസബത്ത് ഇത്തരം ചോദ്യങ്ങളോടെല്ലാം മൗനം തുടർന്നു. പകരം തന്റെ ജീവിതത്തിൽ നടക്കുന്ന സന്തോഷകരമായ കാര്യങ്ങൾ മാത്രം അവർ സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കിട്ട് തുടങ്ങി.
നിലവിൽ ഗുജറാത്തിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്ത് വരികയാണ് എലിസബത്ത്. അവിടെ നിന്നുള്ള വിശേഷങ്ങളാണ് അവർ ആരാധകരുമായി പതിവായി പങ്കിടാറുള്ളത്. അടുത്തിടെ തന്റെ ജീവിതത്തിൽ ഒരു സർപ്രൈസ് ഉണ്ടെന്ന സന്തോഷം പങ്കുവെച്ച് എലിസബത്ത് എത്തിയിരുന്നു. ഇതോടെ എലിസബത്ത് മറ്റൊരു വിവാഹം കഴിക്കാൻ പോകുകയാണോയെന്നും പുതിയ പ്രണയം കണ്ടെത്തിയോ എന്നുമൊക്കെയായിരുന്നു ആരാധകർ ചോദിച്ചത്. എന്നാൽ നാട്ടിലേക്ക് വരാൻ അവധി കിട്ടിയതിന്റെ സന്തോഷമായിരുന്നു താരത്തിന് പറയാനുണ്ടായിരുന്നത്. ഇതോടെ ആരാധകർ കടുത്ത നിരാശയിലായി. ഇപ്പോഴിതാ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകുകയാണ് എലിസബത്ത്. നാട്ടിലേക്ക് വരാൻ അവധി കിട്ടിയെന്നത് തന്നെ സംബന്ധിച്ച് വലിയ സന്തോഷമാണെന്നും തന്റെ വാക്കുകൾ തെറ്റിധരിക്കപ്പെടുമെന്ന് കരുതിയില്ലെന്നും എലിസബത്ത് പുതിയ വീഡിയോയിൽ പറഞ്ഞു.
എലിസബത്തിന്റെ വാക്കുകളിലേക്ക് -' എന്റെ യുട്യൂബ് ചാനലിൽ ഇടുന്നത് എന്റെ ജീവിത്തതിലെ സന്തോഷങ്ങളാണ്. ചിലപ്പോൾ മെഡിക്കൽ ടോപ്പിക്കുകളെ കുറിച്ചും യാത്ര ചെയ്യുന്ന സ്ഥലത്തെ കുറിച്ചുമൊക്കെയായിരിക്കും. ഇടയ്ക്ക് ഒരു മാസത്തോളം വീഡിയോ ചെയ്യാതെ ഇരുന്നപ്പോൾ പലരും അന്വേഷിച്ചിരുന്നു. അതിലെനിക്ക് നന്ദിയും സന്തോഷവുമുണ്ട്. ഞാനൊരിക്കലും എന്റെ വീഡിയോ പ്രൊഫഷണൽ രീതിയിൽ അല്ല ചെയ്യുന്നത്. സുഹൃത്തുക്കളുമായി സംസാരിക്കുന്നത് പോലെയായിരിക്കും ഞാൻ കാര്യങ്ങൾ പറയുന്നത്. സന്തോഷം മാത്രം കാണുമ്പോൾ ചിലർക്കൊക്കെ നിരാശയാണ്. പക്ഷെ എന്നെ സംബന്ധിച്ച് ഞാൻ ഇത്തരം വീഡിയോകളാണ് ചെയ്യാറുള്ളത്. അല്ലാത്ത വീഡിയോകൾ അന്വേഷിച്ച് വന്നിട്ട് കാര്യമില്ല.വിവാദങ്ങളോ കുറ്റപ്പെടുത്തിയുള്ള വീഡിയോകളോ ഒന്നും ഇവിടെ വരില്ല. എന്റെ ജീവിതത്തിലെ സാധാരണ കാര്യങ്ങളും സന്തോഷങ്ങളും മാത്രമേ ഇവിടെ കാണാനാകു', എലിസബത്ത് വ്യക്തമാക്കി.
നിരവധി പേരാണ് എലിസബത്തിന്റെ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. എപ്പോഴും ഇതുപോലെ സന്തോഷത്തോടെ ഇരിക്കൂവെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നുമാണ് പലരുടേയും കമന്റുകൾ. ബാലയെ വിട്ട് വന്നപ്പോൾ തന്നെ എലിസബത്ത് സുന്ദരിയും സന്തോഷവതിയുമായെന്നൊക്കെയുള്ള കമന്റുകളും ഉണ്ട്. പതിവ് പോലെ തന്നെ ഈ കമന്റുകളോടൊന്നും എലിസബത്ത് പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications