ഗുജറാത്ത് സീക്വന്‍സിന് മാത്രം ഒരു ലൂസിഫര്‍ ചെയ്യാനുള്ള കാശായിട്ടുണ്ടാകും; എമ്പുരാന്റെ എഡിറ്റര്‍ പറയുന്നു
മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച് കൊണ്ട് തിയേറ്ററില്‍ നിറഞ്ഞോടുകയാണ് എമ്പുരാന്‍ എന്ന സിനിമ. 2019 ല്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ തുടര്‍ച്ചയാണ് എമ്പുരാന്‍. റിലീസ് ചെയ്ത് 40 മണിക്കൂര്‍ കൊണ്ട് 100 കോടി ക്ലബില്‍ കയറിയ എമ്പുരാന്‍ മലയാളത്തിലെ എക്കാലത്തേയും വലിയ പണം വാരി പടം എന്ന ലേബലിനൊപ്പം ആദ്യമായി 250 കോടി ക്ലബില്‍ കയറിയ മലയാള സിനിമ എന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.
ഇതിനൊപ്പം തന്നെ ചില വിവാദങ്ങളും സിനിമയെ പിന്തുടര്‍ന്നിരുന്നു. എമ്പുരാന്‍ സിനിമ ഹിന്ദുവിരുദ്ധവും ദേശവിരുദ്ധവുമാണ് എന്ന് ആരോപിച്ച് സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഭാഗങ്ങളായിരുന്നു ഇതിന് കാരണമായത്. ഇതിന് പിന്നാലെ ചിത്രം റീ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഗുജറാത്ത് സീക്വന്‍സിന് വേണ്ടിയാണ് അണിയറപ്രവര്‍ത്തകര്‍ കൂടുതല്‍ സമയവും പണവും ചെലവിട്ടത് എന്ന് പറയുകയാണ് എഡിറ്റര്‍ അഖിലേഷ് മോഹന്‍.

മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രതികൂല കാലാവസ്ഥയും മറ്റും കാരണം ഗുജറാത്തിലെ ഷൂട്ടിംഗ് നീണ്ടുപോയി എന്നാണ് അഖിലേഷ് പറയുന്നത്. അഖിലേഷിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'ഒരുപാട് സമയം ചെലവഴിച്ച് ചെയ്തത് ഗുജറാത്ത് സീക്വന്‍സ് ആണ്. അതിന്റെ തുടക്കവും ഒടുക്കവും അവിടെ ഷൂട്ട് ചെയ്തത് കൊണ്ട് ശരിക്കും ഒരു വലിയ സിനിമയുടെ സമയം അവിടെ സ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതിന് മാത്രം പൈസയും മുടക്കിയിട്ടുണ്ട്. അവിടെയൊക്കെ കാലാവസ്ഥ, മഴയൊക്കെ കാരണം നല്ല രീതിയില്‍ നമ്മള്‍ ഉദ്ദേശിച്ചതിനെക്കാള്‍ ബഡ്ജറ്റ് മാറുകയും ചെയ്തിട്ടുണ്ട്.
അത്രയും ഫൈറ്റേഴ്‌സും ആളുകളും ഉണ്ടായിരുന്നു. ദിവസവും എനിക്ക് തോന്നുന്നത് വലിയ പൈസയാണ് ചെലവായിക്കൊണ്ടിരുന്നത്. ലൂസിഫറിന്റെ ആദ്യത്തെ ബഡ്ജറ്റ് ഗുജറാത്തില്‍ മാത്രം ആയിട്ടുണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. എനിക്ക് കണക്കറിയില്ല. എന്നാലും ചിന്തിച്ച് നോക്കിയപ്പോള്‍ പെര്‍ഡേ കണക്കൊക്കെ വെച്ച് നോക്കിയപ്പോള്‍ ഒരു ലൂസിഫര്‍ സിനിമയുടെ ബഡ്ജറ്റ് ഗുജറാത്തിലെ സീക്വന്‍സിന് ആയിട്ടുണ്ടാകാം.
അത്രയും ടൈം എടുത്തിട്ടുണ്ട്. അത്രയും ആള്‍ക്കാര്‍ ഉണ്ടല്ലോ. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു. ഒരുപാട് ഫൈറ്റേഴ്‌സ് ഉണ്ടായിരുന്നു. ചില ദിവസം ഷൂട്ടിന് റെഡിയായി വന്നിരിക്കുമ്പോഴായിരിക്കും കാലാവസ്ഥ മാറുന്നത്. അപ്പോള്‍ തന്നെ ചിലപ്പോള്‍ പാക്കപ്പ് പറയും. ചിലപ്പോള്‍ ഉച്ച വരെ നില്‍ക്കും ഭക്ഷണം കഴിക്കും പാക്കപ്പ് പറയും. പോയതിന് ശേഷം ചിലപ്പോള്‍ തിരിച്ച് വിളിക്കും.
ലൈറ്റ് വന്നു വാ എന്ന് പറയും. തിരിച്ച് ലൊക്കേഷനിലേക്ക് വരും. അത് ലാല്‍ സാറായാലും ആരായാലും ഇങ്ങനെ വെയ്റ്റ് ചെയ്യും. അവിടെ ഭയങ്കര ചൂടായിരുന്നു. വര്‍ക്കേഴ്‌സിനൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു ആ സമയത്ത് വര്‍ക്ക് ചെയ്യാന്‍. എന്നിട്ടും കഷ്ടപ്പെട്ട് എല്ലാവരും കൂടെ നിന്നു. ഒരുപാട് സമയം നമ്മള്‍ ലോക്ക് ആയി നിന്നത് ഗുജറാത്ത് സീക്വന്‍സിലാണ്,' അഖിലേഷ് പറയുന്നു.












Click it and Unblock the Notifications