'പൃഥ്വിരാജിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു, സിനിമ ലോകം വാ മൂടിക്കെട്ടി നില്‍ക്കുന്നു'; ഭീരുത്വമെന്ന് സംവിധായകന്‍
എമ്പുരാന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രൂക്ഷമായ അധിക്ഷേപങ്ങളും സൈബർ ആക്രമണങ്ങളുമാണ് പൃഥ്വിരാജ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സമയത്ത് അദ്ദേഹത്തിനൊപ്പം നില്‍ക്കേണ്ട സിനിമ മേഖലയിലെ ബഹുഭൂരിപക്ഷവും വാ മൂടി നിൽക്കുകയാണെന്നാണ് സംവിധായകന്‍ വിജു വർമ്മ അഭിപ്രായപ്പെടുന്നത്.
'കൂട്ടത്തിലൊരാളെ വളഞ്ഞിട്ടടിക്കുമ്പോൾ കാട്ടുന്ന ഈ മാന്യ മൗനം മാപ്പർഹിക്കാത്ത ഭീരുത്വം മാത്രം. ഒരിക്കൽ ഈ തീ നിങ്ങടെ പടിയും കടന്നുവരുമെന്നോർക്കണം. ഒറ്റക്കല്ല, സിനിമാ പ്രവർത്തകരുൾപ്പെടെ മതേതര കേരളം ഒരുമിച്ച് ഒറ്റക്കെട്ടായ് നിന്ന് എതിർക്കുന്ന കാഴ്ച്ച വെറും സങ്കൽപം മാത്രമെന്നറിയാം' വിജു വർമ്മ ഫേസ്ബുക്കില്‍ കുറിക്കുന്നു.

സംവിധായകന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കൂട്ടത്തിലൊരാളെ വളഞ്ഞിട്ടടിക്കുമ്പോള്‍ അവനോടൊപ്പം നിക്കേണ്ട ബഹുഭൂരിപക്ഷവും വാ മൂടി നിൽക്കുന്ന അപൂർവ്വ കാഴ്ച്ച ഒരു പക്ഷെ സിനിമയിൽ മാത്രം കാണുന്നതെന്തുകൊണ്ടാവും. ഉദാഹരണത്തിന് എമ്പുരാനു സമമായ് നാടകത്തിലാണുണ്ടായതെങ്കിൽ ആ സംഘത്തോടൊപ്പം നിന്ന് പ്രതിഷേധിക്കാൻ നാടകക്കാരും അവരുടെ സംഘടനയും മുന്നിൽത്തന്നെയുണ്ടാകും. ഒപ്പം നിന്ന ചരിത്രമുണ്ട്. എന്നാൽ സിനിമയുടെ ലോകം മറ്റൊന്നാണ്. പണവും പ്രശസ്തിയും ഒരു വെള്ളിയാഴ്ചയിൽ മാറി മറിയുന്നിടം. ഭാഗ്യക്കളം.
അവിടെ കളം പിടിക്കാൻ പരിശ്രമിക്കുന്നവർക്കും കളത്തിലാശാന്മാർക്കും ഒരുപോലെ ഭയമാണ്. കളം പിടിക്കാൻ കഷ്ടപ്പെടുന്നവർക്ക് വാ തുറന്നാൽ അവസരങ്ങൾ നഷ്പ്പെട്ടാലോ എന്ന ഭയം കളം പിടിച്ചവർക്ക് സിനിമയിലൂടെ നേടിയതെല്ലാം നിലനിർത്തണമെങ്കിൽ നിശ്ശബ്ദതയാണ് അഭികാമ്യം എന്ന തോന്നൽ. നാടാകെ തീ പടർന്നാലും അതു തൻ്റെ താടിക്കു പിടിക്കും വരെ വാ തുറക്കില്ല. മത ജാതി രാഷ്ട്രീയ ഭേദമില്ലാതെ സകലജനങ്ങളുടെയും സമ്മതി വേണ്ടതിനാലാവാം.
എന്നാൽ സംഘ്പരിവാർ പക്ഷത്ത് നിൽക്കുന്ന സിനിമാക്കാർക്ക് തങ്ങൾ വെറുപ്പിൻ്റെ രാഷ്ട്രീയത്തോടൊപ്പമാണെന്നു പറയാനും വെറുപ്പുപടർത്തുന്ന വേദികളിൽ ചെന്നിരിക്കാനും വെറുപ്പു പ്രസംഗിക്കാനും ഒരു മടിയുമില്ല. ബി ജെ പിയേയും അതു വഴി സംഘ്പരിവാറിനെയും ലെജിറ്റിമൈസ് ചെയ്യാൻ , അതിന് മാന്യതയും സാംസ്കാരിക മുഖവും നൽകാൻ കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പുകാലത്ത് ശ്രമിച്ചവരിൽ ഒരാളാണ് ശ്രീമതി മല്ലികാ സുകുമാരനും.
അവർ മോദിക്കു പിന്തുണയറിയിച്ച് വിഡിയോ തയറാക്കിയത് നരോധാ പാട്യക്കും സമാനമായ എണ്ണിയാലൊടുങ്ങാത്ത കൊലകൾക്കും ശേഷം തന്നെയായിരുന്നല്ലോ.അതൊന്നുമറിയാതെയല്ലല്ലോ. അവനവനു നേരെ വന്നപ്പോഴാണ് തിരിച്ചറിവുണ്ടായത്. ഇത് നാളെ വിധേയരല്ലാത്ത ആർക്കു നേരെയും വരാം.
അധികാരത്തിനും അതുവഴി സമ്പത്തിനുമായി മതവിദ്വേഷം വിതച്ച് നരഹത്യകൾക്ക് നേതൃത്വം നൽകുന്നത് അംഗീകരിക്കുന്ന ജനതയല്ല മലയാളി.
എന്നാൽ കൂട്ടത്തിലൊരാളെ വളഞ്ഞിട്ടടിക്കുമ്പോൾ കാട്ടുന്ന ഈ മാന്യ മൗനം മാപ്പർഹിക്കാത്ത ഭീരുത്വം മാത്രം. ഒരിക്കൽ ഈ തീ നിങ്ങടെ പടിയും കടന്നുവരുമെന്നോർക്കണം. ഒറ്റക്കല്ല, സിനിമാ പ്രവർത്തകരുൾപ്പെടെ മതേതര കേരളം ഒരുമിച്ച് ഒറ്റക്കെട്ടായ് നിന്ന് എതിർക്കുന്ന കാഴ്ച്ച വെറും സങ്കൽപം മാത്രമെന്നറിയാം. എങ്കിലും 90 % മലയാളികളും അടങ്ങുന്ന മതേതര ചേരി ഒറ്റക്കെട്ടായ് നിന്നാൽ തകർക്കാവുന്ന വിശ്വാസ്യതയേ ഈ ഭ്രാന്തന്മാർക്കുള്ളൂ. ഒരുമിച്ചു നിൽക്കണമെന്നു മാത്രം.
പ്രതീക്ഷയില്ല, കാരണം കഴിഞ്ഞ വയനാട് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്കു ലഭിച്ച ഒരു ലക്ഷത്തിനടുത്തുള്ള വോട്ട്. മൂന്നൂറോളം പേർക്ക് ജീവൻ നഷ്ടമായ കേരളം കണ്ട ഏറ്റവും ഭീദിതമായ ഒരു പ്രകൃതി ദുരന്തത്തിൽ സഹജീവികൾക്ക് ജീവിതത്തിലേക്കു തിരികെ വരാൻ ഒരു നയാ പൈസ സഹായിക്കാത്ത ബി ജെ പി സർക്കാരിന് അനുകൂലമായി ഒരു ലക്ഷം വയനാട്ടുകാർ വോട്ടു ചെയ്തു എന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്.
വളരരുതീ വിഷവൃക്ഷം, കേരളത്തിലെങ്കിലും.












Click it and Unblock the Notifications