റിലീസ് ചെയ്ത് 48 മണിക്കൂറായില്ല, 100 കോടി ക്ലബിലെത്തി എമ്പുരാന്‍! ബോക്‌സോഫീസ് തൂക്കി ലാലേട്ടന്‍
മലയാള സിനിമയിലെ ബോക്‌സോഫീസ് കിംഗ് താന്‍ തന്നെ എന്ന് ഒന്നുകൂടി അരക്കിട്ടുറപ്പിച്ച് മോഹന്‍ലാല്‍. മലയാള സിനിമയ്ക്ക് ആദ്യമായി 50 കോടി, 100 കോടി, 150 കോടി ബോക്‌സോഫീസ് കളക്ഷനുകള്‍ സമ്മാനിച്ച മോഹന്‍ലാല്‍ ഏറ്റവും പുതിയ സിനിമയായ എമ്പുരാനിലൂടെ ചരിത്രം സൃഷ്ടിക്കുകയാണ്. റിലീസിന് മുമ്പ് തന്നെ നിരവധി കളക്ഷന്‍ റെക്കോഡുകള്‍ കുറിച്ചുകൊണ്ടാണ് വ്യാഴാഴ്ച ചിത്രം റിലീസ് ചെയ്തത്.
ഇപ്പോഴിതാ റിലീസ് ചെയ്ത് വെറും 48 മണിക്കൂര്‍ പോലും പിന്നിടും മുന്‍പ് 100 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ് എമ്പുരാന്‍. നടന്‍ മോഹന്‍ലാലും സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനും ഇക്കാര്യം അറിയിച്ച് കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി 10.30യോടെയാണ് എമ്പുരാന്‍ 100 കോടി ക്ലബിലെത്തിയ കാര്യം അറിയിച്ച് കൊണ്ട് ഇരുവരും പോസ്റ്റ് പങ്ക് വെച്ചത്.

ഈ സമയം കണക്കാക്കിയാല്‍ റിലീസ് ചെയ്ത് വെറും 40.5 മണിക്കൂര്‍ കൊണ്ടാണ് എമ്പുരാന്‍ 100 കോടി ക്ലബില്‍ എത്തിയിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റില്‍ എത്തിയ ചിത്രമാണ് എമ്പുരാന്‍. ബ്രഹ്‌മാണ്ഡ സിനിമയായി എത്തിയ എമ്പുരാന്‍ ബ്രഹ്‌മാണ്ഡ ഹിറ്റാകുന്ന കാഴ്ചയാണ് കാണുന്നത്. ഏകദേശം ഒരാഴ്ചയ്‌ത്തേക്കുള്ള ടിക്കറ്റുകളെല്ലാം തന്നെ വിറ്റഴിച്ചിട്ടുണ്ട്.
പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ എത്തിയത്. രണ്ടാം ഭാഗം പ്രഖ്യാപിച്ചത് മുതല്‍ വലിയ ഹൈപ്പ് ലഭിച്ച ചിത്രം കൂടിയാണിത്. ബുക്ക്‌മൈ ഷോയില്‍ ആദ്യ മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റഴിച്ച സിനിമ എന്ന നേട്ടം സ്വന്തമാക്കി കൊണ്ടാണ് എമ്പുരാന്‍ വരവറിയിച്ചത്.
മാര്‍ച്ച് 27 ന് റിലീസിംഗ് ദിനത്തില്‍ മാത്രം ഇന്ത്യയില്‍ നിന്ന് 25 കോടി രൂപയാണ് എമ്പുരാന്‍ പോക്കറ്റിലാക്കിയത്. മലയാളം പതിപ്പ് 22 കോടിക്ക് അടുത്ത് നേടിയപ്പോള്‍ തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടിയതായി ട്രാക്കിങ് വെബ്സൈറ്റായ സാക്നിക് റിപ്പോര്‍ട്ട് ചെയ്യുന്നു. കന്നഡ, ഹിന്ദി പതിപ്പുകള്‍ക്ക് യഥാക്രമം അഞ്ചുലക്ഷവും 50 ലക്ഷവും കളക്ഷനുണ്ട് എന്നാണ് വിവരം.
ഓവര്‍സീസ് കളക്ഷനിലും റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് എമ്പുരാന്‍. ഒന്നാം ദിനം 43.93 കോടി രൂപയാണ് ഗ്ലോബല്‍ കളക്ഷനായി ചിത്രത്തിന് ലഭിച്ചത്. ഗള്‍ഫ് ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ നിന്നും 20.93 കോടി രൂപയും യുകെ, യുഎസ് ഉള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് 23 കോടി രൂപയുടെ കലക്ഷനുമാണ് ലഭിച്ചത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഓവര്‍സീസ് കളക്ഷന്‍ നേടിയ ചിത്രമായും എമ്പുരാന്‍ മാറിയിരിക്കുകയാണ്.
പശ്ചാത്യ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചത് യുകെയില്‍ നിന്നാണെന്ന് എമ്പുരാന്റെ യുകെ, യൂറോപ്പ് രാജ്യങ്ങളിലെ വിതരണവകാശം നേടിയ ആര്‍എഫ്ടി ഫിലിംസ് ഉടമ റോണാള്‍ഡ് തോണ്ടിക്കല്‍ പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുകെയിലും ന്യൂസീലന്‍ഡിലും ഏറ്റവുമധികം ഓപ്പണിങ് കളക്ഷന്‍ ലഭിക്കുന്ന ഇന്ത്യന്‍ സിനിമയായി എമ്പുരാന്‍ മാറിക്കഴിഞ്ഞു.
യുകെയില്‍ 6 കോടി, യുഎസില്‍ 4.3 കോടി, ഓസ്‌ട്രേലിയയില്‍ 2.63 കോടി, കാനഡ 3.5 കോടി, ജര്‍മനി 1.3 കോടി, അയര്‍ലന്‍ഡ് 75 ലക്ഷം, ന്യൂസീലന്‍ഡ് 65 ലക്ഷം, മറ്റ് രാജ്യങ്ങള്‍ 3.87 കോടി രൂപയുമാണ് ആദ്യ ദിനം ലഭിച്ചത്. ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിച്ചത്.












Click it and Unblock the Notifications