എമ്പുരാന് വെട്ട്, 17 ഭാഗങ്ങളില്‍ മാറ്റം വരുത്തും, വില്ലന്റെ പേരും മാറ്റും, തിങ്കളാഴ്ച പുതിയ പതിപ്പ്
തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തേയും വലിയ ബജറ്റില്‍ ഇറങ്ങിയ എമ്പുരാന്‍ റീസെന്‍സറിംഗ് ചെയ്‌തേക്കും എന്ന് റിപ്പോര്‍ട്ട്. സിനിമയിലെ രാഷ്ട്രീയവും കലാപവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ മാറ്റിയേക്കും എന്നാണ് വിവരം. ചില ഭാഗങ്ങളില്‍ മാറ്റം വരുത്താനും വോളന്ററി മോഡിഫിക്കേഷന്‍ വരുത്താനും തീരുമാനമായിയിട്ടുണ്ട്. നിര്‍മാതാക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് അണിയറപ്രവര്‍ത്തകര്‍ ഇത്തരമൊരു നീക്കത്തിന് ഒരുങ്ങുന്നത് എന്നാണ് വിവരം.
തിങ്കളാഴ്ച റീസെന്‍സറിംഗ് ചെയ്ത ഭാഗങ്ങളായിരിക്കും തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക. അതുവരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും. എമ്പുരാന്റെ 17 ലേറെ ഭാഗങ്ങളിലാണ് മാറ്റം വരുത്തുക. ചില രംഗങ്ങള്‍ മാറ്റാനും ചില പരാമര്‍ങ്ങള്‍ മ്യൂട്ട് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കലാപത്തിന്റ കൂടുതല്‍ ദൃശ്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണ ദൃശ്യങ്ങള്‍ എന്നിവ ഒഴിവാക്കിയേക്കും. വില്ലന്‍ കഥാപാത്രത്തിന്റ പേരും മാറ്റും.

സംഘപരിവാര്‍ നേതാക്കളും അണികളും സിനിമയ്‌ക്കെതിരെ രൂക്ഷമായ വിദ്വേഷ പ്രചരണം നടത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സിനിമയിസെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു.
ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തായിരുന്നു പ്രതിഷേധം. എന്നാല്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും എമ്പുരാനെതിരായ വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞിരുന്നു. സിനിമയെ സിനിമയായി കാണണം എന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞത്. അതിനിടെയാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ എമ്പുരാനെതിരെ രംഗത്തെത്തിയത്.
എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയാണ് എന്ന് ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തി. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണ് എന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു. അതിനിടെ സിനിമക്ക് രണ്ട് കട്ടാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചതെന്ന രേഖ പുറത്തുവന്നിരുന്നു.
റിലീസ് ചെയ്ത് രണ്ട് ദിവസം പൂര്‍ത്തിയാകും മുന്‍പെ 100 കോടി ക്ലബിലെത്തി ചരിത്രം സൃഷ്ടിച്ച് കൊണ്ടാണ് എമ്പുരാന്‍ ബോക്‌സോഫീസില്‍ തകര്‍ത്തോടുന്നത്. മാര്‍ച്ച് 27 ന് രാവിലെ ആറ് മണിക്ക് റിലീസ് ചെയ്ത എമ്പുരാന്‍ 28 ന് രാത്രി 10.30 ആയപ്പോഴേക്കും ഗ്ലോബല്‍ കളക്ഷനില്‍ 100 കോടി പിന്നിട്ടിരുന്നു. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.












Click it and Unblock the Notifications