നടി ചിത്ര നായര്‍ വിവാഹിതയായി; സുമലത ടീച്ചറിന് ആശംസയുമായി സുരേശേട്ടന്‍
'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ചിത്ര നായര്‍. സിനിമയില്‍ ഓട്ടോ ഡ്രൈവറുടെ കാമുകിയായി എത്തിയ സുമലത ടീച്ചര്‍ എന്ന കഥാപാത്രം ചിത്രയ്ക്ക് വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. ചിത്ര നായര്‍ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും സുമലത ടീച്ചര്‍ എന്നാണ് നടി ഇപ്പോഴും അറിയപ്പെടുന്നത്. ആദ്യ ചിത്രത്തിനു ശേഷം സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ, പൊറാട്ട് നാടകം, വയസെത്രയായി തുടങ്ങിയ സിനിമകളിലും ചിത്ര അഭിനയിച്ചു.
ഇപ്പോഴിതാ നടി വിവാഹിതയായെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. നടി തന്നെയാണ് വിവാഹ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ലെനീഷ് എന്നാണ് വരന്റെ പേര്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു നടിയുടെ വിവാഹം. ലളിതമാണ് ചടങ്ങാണ് നടത്തിയതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. വീഡിയോക്ക് താഴെ നിരവധി പേരാണ് വിവാഹാശംസകള്‍ നേരുന്നത്. ചിത്രയുടെ കൂടെ സിനിമയില്‍ ജോഡിയായി അഭിനയിച്ച രാജേഷ് മാധവന്‍ ഉള്‍പ്പെടെ നിരവധി സുഹൃത്തുക്കള്‍ ചിത്രയ്ക്ക് ആശംസ അറിയിച്ചിരുന്നു.

ആര്‍മി ഏവിയേഷന്‍ വിഭാഗത്തിലാണ് ലെനീഷ് ജോലി ചെയ്യുന്നത്. ലെനീഷിന്റെയും ചിത്രയുടെയും രണ്ടാം വിവാഹമാണിത്. ചിത്രയുടെ മകന്‍ അദ്വൈതും ചടങ്ങിനുണ്ടായിരുന്നു. ലെനീഷിനും ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. കഴിഞ്ഞ വര്‍ഷം നവംബില്‍ ഭാവിവരന് ചിത്ര നായര്‍ പിറന്നാള്‍ ആശംസ പങ്കുവച്ചിരുന്നു. സ്‌നേഹവും വ്യക്തിത്വവും കൊണ്ട് തന്റെ ലോകം പ്രകാശപൂരിതമാക്കുന്ന വ്യക്തിക്ക് ഒരു നല്ല ജന്മദിനാശംസയേകുന്നു എന്നായിരുന്നു ചിത്ര കുറിച്ചത്. ലെനീഷിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിരുന്നു.
21ാം വയസിലായിരുന്നു തന്റെ ആദ്യവിവാഹമെന്നും വിവാഹമോചിതയായിട്ട് എട്ടു വര്‍ഷം കഴിഞ്ഞെന്നും മുമ്പ് ഒരു അഭിമുഖത്തില്‍ നടി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിവാഹത്തിലെ മകന് പതിനാല് വയസാണ് പ്രായം.ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകന്റെ ഒപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ ചിത്ര ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
ഒരു ഹൃദയഹാരിയായ പ്രണയകഥ' എന്ന സിനിമയുടെ പ്രോമോയുടെ ഭാഗമായി സമൂഹ മാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രയുടെയും രാജേഷ് മാധവന്റെയും 'സേവ് ദി ഡേറ്റ്' വീഡിയോ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് അന്ന് അഭ്യൂഹങ്ങള്‍ പരന്നത്. രാജേഷ് മാധവന്റെ വിവാഹവും അടുത്തിടെയാണ് കഴിഞ്ഞത്.












Click it and Unblock the Notifications