ബിഗ് ബോസിനെ പേളി സ്വയംവരപന്തലാക്കി, വീണയ്ക്ക് ഭർത്താവ് നഷ്ടപ്പെട്ടു, സാബുമോനോ? ആലപ്പി അഷ്റഫ് പറയുന്നു
ബിഗ് ബോസ് മലയാളം പുതിയ സീസൺ ഉടനെ തന്നെ ആരംഭിക്കാനിരിക്കുകയാണ്. ഇത്തവണ ആരൊക്കെയാവും മത്സരാർത്ഥികൾ എന്നുളള ആകാംഷയിലാണ് പരിപാടിയുടെ ആരാധകർ. ആദ്യ സീസണിലെ വിജയിയായ സാബുമോൻ മുതൽ മുൻ സീസണുകളിൽ താരങ്ങളായവർ സിനിമാതാരങ്ങളേക്കാൾ വലിയ സെലിബ്രിറ്റികളാകുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്.
ബിഗ് ബോസ് എന്ന ഒറ്റ പരിപാടി കൊണ്ട് ജീവിതം തന്നെ മാറി മറിഞ്ഞവരാണ് പലരും. ബിഗ് ബോസ് മുൻ സീസണുകളിലെ ചിലരുടെ ജീവിതം മാറിയതെങ്ങനെ എന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ആലപ്പി അഷ്റഫ് സാബുമോൻ മുതൽ പേളി മാണിയും രജിത് കുമാറും അടക്കമുളളവരെ കുറിച്ച് പറയുന്നത്.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ ഇങ്ങനെ: '' കോടികള്‍ മുടക്കിയാണ് മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് എന്ന പരിപാടിയൊരുക്കിയിരിക്കുന്നത്. വമ്പിച്ച ജനപ്രീതി നേടിയ പരിപാടി കൂടിയാണ് ഇത്. 2013ല്‍ സൂര്യ ടിവിയാണ് ഇത്തരമൊരു ആശയുമായി മലയാളത്തില്‍ ആദ്യമെത്തുന്നത്. മലയാളി ഹൗസ് എന്നായിരുന്നു അതിന്റെ പേര്. രേവതി ആയിരുന്നു അവതാരക. സന്തോഷ് പണ്ഡിറ്റ്, രാഹുല്‍ ഈശ്വര്‍, ജിഎസ് പ്രദീപ്, നാരായണന്‍ കുട്ടി, നീന കുറുപ്പ്, സിന്ധു ജോയി, ചിത്ര അയ്യര്‍ തുടങ്ങിയവരൊക്കെ പങ്കെടുത്തിരുന്നു.

ഈ പരിപാടിക്ക് അന്ന് പൊതുസമൂഹത്തില്‍ നിന്ന് വലിയ വിമര്‍ശനമേറ്റിരുന്നു. ഇതില്‍ പങ്കെടുത്തത് കാരണം തന്റെ ജീവിതത്തില്‍ വലിയ ഡാമേജ് സംഭവിച്ചു എന്നാണ് ജിഎസ് പ്രദീപ് പറഞ്ഞത്. ഒരിക്കലും തന്നെപ്പോലൊരാള്‍ ഇതില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു എന്നോര്‍ത്ത് വിഷമിച്ചിട്ടുണ്ട്. അന്ന് ഈ പരിപാടിയെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മലയാളി ഹൗസിന്റെ വിജയി രാഹുല്‍ ഈശ്വര്‍ ആയിരുന്നു. രണ്ടാമത് സിന്ധു ജോയിയും. അന്ന് രാഹുല്‍ ഈശ്വറിന്റെ സ്ത്രീകളോടുളള ഇടപെടലുകള്‍ സംബന്ധിച്ച് പൊതുസമൂഹത്തില്‍ വാര്‍ത്തകളും ചര്‍ച്ചകളും വന്നിരുന്നു. ചുംബന സമരത്തെ രാഹുല്‍ ഈശ്വര്‍ വിമര്‍ശിച്ചപ്പോള്‍ സമരക്കാര്‍ ചോദിച്ചത്, മലയാളി ഹൗസില്‍ താന്‍ കാണിച്ച വൃത്തികേടൊന്നും ഞങ്ങള്‍ കാണിച്ചിട്ടില്ലല്ലോ എന്നായിരുന്നു. അതില്‍ പങ്കെടുത്ത സ്ത്രീകളുടെ ഇമേജിനും കോട്ടം തട്ടി എന്നതൊരു യാഥാര്‍ത്ഥ്യമാണ്.
മലയാളി ഹൗസ് കഴിഞ്ഞ് 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏഷ്യാനെറ്റില്‍ ബിഗ് ബോസ് പ്രത്യക്ഷപ്പെടുന്നത്. പേരിലും ഘടനയിലും ഉളള ചില വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍ രണ്ടും ഒരുപോലെ തന്നെയാണ്. ആദ്യ സീസണ്‍ വലിയ കോളിളക്കവും വിജയവും സൃഷ്ടിച്ചു. ആ വിജയത്തിന്റെ വലിയൊരു പങ്ക് മോഹന്‍ലാലിനുളളതാണ്. ആദ്യ സീസണില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികള്‍, സാബുമോന്‍, രഞ്ജിനി ഹരിദാസ്, ശ്വേതാ മേനോന്‍, പേളി മാണി, ശ്രീനിഷ് അരവിന്ദ് തുടങ്ങി നിരവധി പേരാണ്.
ആദ്യ സീസണില്‍ തന്നെ തമ്മിലടി, ചീത്തവിളി, അപവാദം പറച്ചില്‍, കൊങ്ങയ്ക്ക് പിടുത്തം തുടങ്ങിയ കലാപരിപാടികളിലൂടെ ഈ പരിപാടി എങ്ങനെ ആണെന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാക്കിക്കൊടുത്തു. സാബുമോനായിരുന്നു ആദ്യ സീസണിലെ വിജയി. ഒരുപാട് കേസുകളും പ്രശ്‌നങ്ങളും ദുഷ്‌പേരും ഒക്കെ ഉണ്ടായിരുന്ന സമയത്താണ് സാബുമോന് ബിഗ് ബോസില്‍ അവസരം ലഭിക്കുന്നത്. എന്നാല്‍ ഈ ദുഷ്‌പേര് എല്ലാം ഒറ്റയടിക്ക് മാറിക്കിട്ടി.
ഒരു നാടന്‍ റൗഡി വേഷത്തിലുളള മട്ടില്‍ നടന്നിരുന്ന സാബുമോന്‍ ഒരു രജനീകാന്ത് പടത്തില്‍ പ്രത്യക്ഷപ്പെടുന്നത് പോലെ പെട്ടെന്ന് കോട്ടും സൂട്ടും ഒക്കെ ഇട്ട് പ്രത്യക്ഷ്യപ്പെട്ടു. രജനിക്ക് കിട്ടുന്നത് പോലെ കയ്യടിയും വാങ്ങിക്കൂട്ടി. റണ്ണര്‍ അപ്പ് ആയിരുന്ന പേളി മാണിക്ക് ഉണ്ടായ നേട്ടം ബിഗ് ബോസ് ഹൗസ് ഒരു സ്വയംവരപന്തലാക്കാന്‍ കഴിഞ്ഞു എന്നതാണ്. സാബുമോന്‍ നല്ലവനായ ഉണ്ണിയായി മാറി കരിയര്‍ മെച്ചപ്പെടുത്തി. പേളി മാണി സുന്ദരമായ ഒരു മാതൃകാ കുടുംബജീവിതവും നയിക്കുന്നു. ഇവര്‍ രണ്ട് പേരും പ്രശ്‌നങ്ങള്‍ക്കിടയില്‍ നിന്ന് നല്ല ജീവിതം നേടിയെങ്കിലും ബാക്കിയെല്ലാ സീസണും ഇങ്ങനെ ആണെന്ന് കരുതരുത്.
പിന്നീടുളള സീസണുകളില്‍ ജനപിന്തുണ നേടിയവരെ കുറിച്ച് പറഞ്ഞാല്‍, ഒന്ന് ഡോ. രജത് കുമാറാണ്. ഏറ്റവും അധികം ജനപിന്തുണയുളള മത്സരാര്‍ത്ഥിയായിരുന്നു. മോട്ടിവേഷന്‍ ക്ലാസെടുക്കുന്ന ആളെന്ന നിലയ്ക്കും കോളേജ് അധ്യാപകനെന്ന നിലയിലും അദ്ദേഹത്തിന് വമ്പിച്ച പിന്തുണ ലഭിച്ചു. മുന്‍പ് പൊതുസമൂഹത്തിന് ഒരിക്കലും അംഗീകരിച്ച് കൊടുക്കാന്‍ പറ്റാത്ത ഒരു സ്ത്രീ വിരുദ്ധ പ്രസ്താവന അദ്ദേഹം നടത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിച്ചാല്‍ ഗര്‍ഭപാത്രം ചുരുങ്ങുമെന്നും അവര്‍ പ്രസവിക്കില്ല എന്നുമാണ് പറഞ്ഞത്.
ഇത് പറഞ്ഞത് അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് കൊണ്ടല്ല. ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ പഠിക്കുന്ന വിമന്‍ കോളേജിലാണ്. അന്ന് ഉണ്ടാക്കിയ പേരുദോഷം മാറ്റി തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ കപ്പ് അടിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അതിനേക്കാള്‍ പതിന്മടങ്ങ് വിവരക്കേട്, അല്ലെങ്കില്‍ ക്രൂരത അദ്ദേഹം അവിടെ കാട്ടിക്കൂട്ടി. ഒരു പെണ്‍കുട്ടിയുടെ അസുഖം ബാധിച്ച കണ്ണില്‍ പച്ചമുളക് ഞെരടി തേച്ച് കൊടുത്തു. ദശലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണ് ആ പച്ചമുളക് തല്ലിത്തകര്‍ത്തത്.
മറ്റൊരു മത്സരാര്‍ത്ഥിയായ വീണാ നായര്‍, വളരെ കഷ്ടപ്പാടിലൂടെ കടന്ന് വന്ന് നല്ലൊരു കുടുംബ ജീവിതം കെട്ടിപ്പടുത്ത് കലാരംഗത്ത് ശോഭിച്ച് കൊണ്ടിരിക്കുമ്പോഴാണ് ബിഗ് ബോസിലേക്ക് വന്നത്. നല്ല സ്വഭാവവും പെരുമാറ്റവും സുന്ദരിയുമായ കലാകാരി. ഭര്‍ത്താവിനേയും കുടുംബത്തെയും കുറിച്ച് വാ തോരാതെ അവര്‍ സംസാരിക്കുമായിരുന്നു.
ബിഗ് ബോസിന്റെ നിര്‍ദേശപ്രകാരം ഒരു തുറന്ന് പറച്ചിലിന് അവസരം ലഭിച്ചപ്പോള്‍ ജീവിതത്തില്‍ നേരിട്ട ചില അപ്രിയ സത്യങ്ങള്‍ തുറന്ന് പറഞ്ഞു. അന്നുവരെ തന്റെ പ്രാണേശ്വരനോട് പോലും തുറന്ന് പറയാത്ത ആ ജീവിതരഹസ്യം കോടിക്കണക്കിന് പ്രേക്ഷകരോട് പറഞ്ഞു. ഒരു ഭര്‍ത്താവും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കഥയാണ് അത്. ആശുപത്രിക്കിടക്കയില്‍ ജീവന് വേണ്ടി മല്ലടിക്കുന്ന തന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാനുളള പണത്തിന് വേണ്ടി തെറ്റാണെന്ന് അറിഞ്ഞിട്ടും മനസ്സില്ലാ മനസ്സോടെ എടുക്കേണ്ടി വന്ന ഒരു കടുത്ത തീരുമാനം. ഈ തുറന്ന് പറച്ചില്‍ വഴി അവര്‍ക്ക് നഷ്ടപ്പെട്ടത് സ്‌നേഹനിധിയെന്ന് അന്ന് വരെ പുകഴ്ത്തിയ ഭര്‍ത്താവിനേയും കുടുംബത്തേയുമാണ്, ആലപ്പി അഷ്റഫ് പറയുന്നു.












Click it and Unblock the Notifications