മോഹൻലാലും മമ്മൂട്ടിയും ദിലീപും നേർക്ക് നേർ ഏറ്റുമുട്ടി, അന്ന് ബോക്സ്ഓഫീസ് പോരിൽ ജയിച്ചതാര്? 2007ൽ സംഭവിച്ചത്
കൊച്ചി: തലാ... എന്ന് തുടങ്ങുന്ന മോഹന്‍ലാലിന്റെ അടിച്ചുപൊളി പാട്ടാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. തിയറ്ററുകളില്‍ ആളുകള്‍ ഈ പാട്ടിനൊത്ത് ആടിത്തിമിര്‍ക്കുകയാണ്. ഇന്നോളം കേരളം കണ്ടിട്ടില്ലാത്ത തരത്തിലാണ് ഒരു റീറിലീസ് ചിത്രം വരവേല്‍ക്കപ്പെടുന്നത്. വമ്പന്‍ രണ്ട് തിയറ്റര്‍ ഹിറ്റുകളുമായി നില്‍ക്കുമ്പോഴാണ് 18 വര്‍ഷം മുന്‍പ് ഇറങ്ങിയ മറ്റൊരു മോഹന്‍ലാല്‍ ചിത്രവും തിയറ്ററുകള്‍ പൂരപ്പറമ്പാക്കുന്നത്.
പറഞ്ഞ് വരുന്നത് അന്‍വര്‍ റഷീദിന്റെ ഛോട്ടാ മുംബൈയെ കുറിച്ച് തന്നെ. 2007ലാണ് മോഹന്‍ലാല്‍ നായകനും ഭാവന നായികയുമായി ഈ ചിത്രം പുറത്തിറങ്ങുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം റീറിലീസ് ചെയ്യപ്പെട്ടപ്പോള്‍ ആരാധകര്‍ അത് വലിയ ആഘോഷമാക്കുകയാണ്. നിറഞ്ഞ സദസ്സുകളിലാണ് ഛോട്ടാ മുംബൈ പ്രദര്‍ശനം തുടരുന്നത്. നാല് ദിവസം കൊണ്ട് 2 കോടി രൂപ ഛോട്ടാ മുംബൈ കളക്ഷന്‍ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ റീറിലീസ് ചെയ്യപ്പെട്ട ഒരു ചിത്രവും ഇത്രയും സ്വീകാര്യത നേടിയിട്ടില്ല. 17 ദിവസം കൊണ്ട് മറ്റൊരു മോഹന്‍ലാല്‍ ചിത്രമായ ദേവദൂതന്‍ 5.2 കോടി കളക്ഷന്‍ നേടിയിരുന്നു. എന്നാല്‍ ഈ റെക്കോര്‍ഡ് ഛോട്ടാ മുംബൈ വേഗത്തില്‍ തന്നെ മറികടക്കുന്ന ലക്ഷണമാണ് കാണുന്നത്. റീറിലീസിന് കോടികള്‍ വാരുന്ന ഈ ചിത്രം യഥാര്‍ത്ഥത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ഹിറ്റായിരുന്നോ ഫ്‌ളോപ്പായിരുന്നോ?
2007ല്‍ വിഷുവിനോട് അനുബന്ധിച്ചായിരുന്നു കോമഡി ഷോണറിലുളളത് ഛോട്ടാ മുംബൈയുടെ റിലീസ്. ബോക്‌സ് ഓഫീസില്‍ വമ്പന്മാരുടെ പോരാട്ടം നടന്ന വര്‍ഷം കൂടിയായിരുന്നു അത്. കാരണം മമ്മൂട്ടി-അമല്‍ നീരദ് കള്‍ട്ട് ക്ലാസിക് എന്നറിയപ്പെടുന്ന ബിഗ് ബിയ്‌ക്കൊപ്പമായിരുന്നു ഛോട്ടാ മുംബൈ മത്സരിച്ചത്. എന്നാല്‍ ഇന്ന് ബിഗ് ബിക്ക് വലിയ ഫാന്‍ബേസ് ഉണ്ടെങ്കിലും അന്ന് തിയറ്ററിലേക്ക് ആളൊഴുകിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
മോഹന്‍ലാലിന്റെ അതിരസികന്‍ അവതാരവുമായി എത്തിയ ഛോട്ടാ മുംബൈ അന്നത്തെ വിഷു റിലീസുകളില്‍ ഒന്നാമത് എത്തി. 10-12 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്നും ഛോട്ടാ മുംബൈ വാരിയത്. മമ്മൂട്ടിയുടെ ബിഗ് ബിക്ക് രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല. പകരം അന്ന് രണ്ടാമത് എത്തിയത് ദിലീപ് ആയിരുന്നു. ദിലീപും മീരാ ജാസ്മിനും നായികാ- നായകന്മാരായി എത്തിയ സത്യന്‍ അന്തിക്കാട് ചിത്രം വിനോദയാത്രയാണ് രണ്ടാമത് എത്തിയത്. 8-9 കോടിയോളം വിനോദയാത്ര നേടി.
മലയാളത്തിലെ സ്‌റ്റൈലിഷ് ആയ മേക്കിംഗ് രീതിക്ക് തുടക്കം കുറിച്ച, രണ്ടാം ഭാഗത്തിന് വേണ്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബി കളക്ഷനില്‍ മൂന്നാമതാണ് എത്തിയത്. 6-7 കോടി ആയിരുന്നും ബിഗ് ബിയുടെ തിയറ്റര്‍ കളക്ഷന്‍. ഈ മൂന്ന് വന്‍താര റിലീസുകള്‍ കൂടാതെ രാക്കിളിപ്പാട്ട്, പന്തയക്കോഴി, അതിശയന്‍ എന്നീ ചിത്രങ്ങളും അന്ന് തിയറ്ററുകളില്‍ വിഷു റിലീസായി എത്തിയിരുന്നു. എന്നാല്‍ ഇവയ്‌ക്കൊന്നിനും കാര്യമായ ഓളമുണ്ടാക്കാന്‍ സാധിച്ചില്ല.












Click it and Unblock the Notifications