'41ാം വയസ്സിലാണ് കണ്ടുപിടിക്കുന്നത്,ഇനി മാറ്റാനാകുമോ എന്നാണ് ചോദിച്ചത്'; രോഗാവസ്ഥയെക്കുറിച്ച് ഫഹദ്
തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നടനാണ് ഫഹദ് ഫാസിൽ തുടക്കം പിഴച്ചുവെങ്കിലും രണ്ടാം വരവിൽ മലയാള സിനിമയിൽ മാത്രമല്ല മറ്റ് ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ആവേശത്തിലെ രംഗണ്ണനാണ് ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജിന്റെ ഉദ്ഘാടനത്തിന് എത്തിയ ഫഹദ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. വേദിയിൽ സംസാരിക്കുന്നതിന് ഇടയിലാണ് അദ്ദേഹം തന്റെ രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞത്.
ഡയലോഗുകൾ സംസാരിക്കാൻ മാത്രമെ തനിക്ക് അറിയൂ, ഒരു വേദിയൽ വന്ന് എന്താണ് പറയേണ്ടത് എന്ന പക്വതയോ ബോധമോ തനിക്ക് ഇല്ല എന്ന് ഭാര്യയും ഉമ്മയും ഇടയ്ക്കിടെ പറയാറുണ്ടെന്നും അങ്ങനെ പറയുന്നത് കൊണ്ട് ബേസിക്സിൽ നിന്ന് തുടങ്ങാമെന്നുമാണ് ഫഹദ് പറയുന്നത്. ഞാൻ ഇവിടെ വന്നപ്പോൾ സാബൻ ഉമ്മറുമായി സംസാരിക്കുകയായിരുന്നു. എ ഡി എച്ച് ഡി എന്ന രോഗാവസ്ഥയുണ്ട്.

പലരീതിയിൽ ഉള്ള കണ്ടീഷൻസ് ആണ് നമ്മൾ ഡിസ്കസ് ചെയ്തത്. അതിൽ എന്റെ രോഗത്തെക്കുറിച്ച് കൂടി സംസാരിച്ചു. അത് മാറ്റാൻ ആകുമോ എന്നാണ് ഞാൻ ചോദിച്ചതെന്നും എന്നാൽ ചെറുപ്പത്തിൽ അത് കണ്ടെത്തിയാൽ മാറ്റാൻ ആകും എന്ന് അദ്ദേഹം മറുപടി പറഞ്ഞെന്നും ഫഹദ് പറഞ്ഞു.
എന്നാൽ നാൽപ്പത്തി ഒന്നാം വയസ്സിലാണ് കണ്ടുപിടിക്കുന്നത് ഇനി മാറ്റാൻ ആകുമോ എന്ന് താൻ ചോദിച്ചുവെന്നും ഫഹദ് പറയുന്നു. എനിക്ക് ആ രോഗാവസ്ഥയാണ്, വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ രീതിയിൽ അതെനിക്കുണ്ട്, അദ്ദേഹം പറഞ്ഞു. ഇവിടെ താൻ കണ്ട ചില മുഖങ്ങൾ തനിക്ക് ഒരിക്കലും മറക്കാൻ ആകില്ലെന്നും ആ മുഖങ്ങളിൽ നിന്നും എന്തോ വെളിച്ചം തന്റെ ഉള്ളിലേക്ക് കയറിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ഫഹദ് പറഞ്ഞു.
ആ വെളിച്ചം കിട്ടാൻ തന്നെ പീസ് വാലിയിലേക്ക് എത്തിക്കാൻ സഹായിച്ച ദൈവത്തോടും മറ്റ് സംഘാടകരോടും നന്ദി പറയുന്നുവെന്ന് ഫഹദ് പറഞ്ഞു. പീസ് വാലിക്ക് ആവശ്യമായ എന്തും ചെയ്ത് തരാൻ താൻ തയ്യാറാണെന്നും തന്നെ കാണുമ്പോൾ നിങ്ങൾക്ക് ചിരിക്കാൻ കഴിയുകയാണെങ്കിൽ അതാണ് നിങ്ങളോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമെന്നും ഫഹദ് പറഞ്ഞു.
അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ ( എ ഡി എച്ച് ഡി ) :
നാഡി വികാസവുമായി ബന്ധപ്പെട്ട് ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിലുണ്ടാകുന്ന ഒരു തരം മാനസിക അവസ്ഥയാണ് എ ഡി എച്ച് ഡി. ചെറുപ്പത്തിൽ തന്നെ ഈ അവസ്ഥ മനസ്സിലാക്കി പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രായമാകുമ്പോഴും ഈ രോഗാവസ്ഥ തുടരും. ചെറുപ്പത്തിൽ തന്നെ കണ്ടെത്തിയാൽ ഒരുപരിധിവരെ ഈ ഡിസോഡറിൽ നിന്ന് മുക്തമാകാം എന്നാണ് പറയുന്നത്.
ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക. അമിതമായ ശാരീരിക പ്രവർത്തനങ്ങൾ. ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയനത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ ആണെന്നാണ് പറയുന്നത്.












Click it and Unblock the Notifications