ശ്രദ്ധിക്ക് അമ്പാനെ..: താലൂക്ക് ആശുപത്രിയില്‍ രോഗികളെ വലച്ച് ഫഹദ് ഫാസിലിന്റെ 'പൈങ്കിളി'യുടെ ചിത്രീകരണം
തൃശൂർ: രോഗികളെ വലച്ച് അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സിനിമ ഷൂട്ടിങ്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വ്യാഴാഴ്ച രാത്രി മുഴുവന്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. ഫഹദ് ഫാസില്‍ നിര്‍മ്മിച്ച് ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന 'പൈങ്കിളി' എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു അങ്കമാലി ആശുപത്രിയില്‍ നടന്നത്.
അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ 7 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവരാണ് വിശദീകരണം നല്‍കേണ്ടത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സിനിമ ചിത്രീകരണം ആരംഭിച്ചത്.

ഷൂട്ടിങ്ങിന് വേണ്ടി അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറയ്ക്കുകയും മറ്റ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയും ചെയ്തു. അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ അത്യാഹിത വിഭാഗത്തില്‍ എത്തിയതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നതിന് ഇടയിലും സിനിമാ ചിത്രീകരണം നടന്നുവെന്ന തരത്തിലാണ് റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്.
ഷൂട്ടിങ് കാരണം അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയവർക്ക് വാർഡിലേക്ക് കടക്കാനായില്ലെന്നും ആരോപണമുണ്ട്. പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല. ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ രോഗികളോടും കൂട്ടിരിപ്പുകാരോടും ആവശ്യപ്പെടുകയും ചെയ്തു. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സര്‍ക്കാര്‍ ആശുപത്രി സിനിമയില്‍ ചിത്രീകരിച്ചത്.
അതേസമയം, തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്ന് വ്യക്തമാക്കി നിർമാതാക്കളുടെ സംഘടന രംഗത്ത് വന്നു.പണമടച്ച് അനുമതി വാങ്ങിയ ശേഷമാണ് ഷൂട്ടിങ് നടത്തിയതെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. രണ്ടുദിവസത്തെ ഷൂട്ടിന് പ്രതിദിനം 10,000 രൂപ അടച്ചിട്ടുണ്ട്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്നും ആശുപത്രി പ്രവർത്തനം തടസ്സപ്പെട്ടിട്ടില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കൂട്ടിച്ചേർത്തു.
താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ടും പ്രതികരിച്ചു. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്‍റെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിങ് നടന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.












Click it and Unblock the Notifications