'ഒരു പ്രത്യേക അജണ്ട പ്രചരിപ്പിക്കാനുള്ള വേദി, മോഹൻലാലിനോട് ബഹുമാനമില്ല, സീസൺ നിരാശാജനകം
ബിഗ് ബോസ് മലയാളം സീസൺ 7 നിരാശാജനകമാണെന്ന് തുറന്ന കത്തെഴുതി ഷോയുടെ ആരാധകൻ. ഷോയുടെ ഇതുവരെയുളള എല്ലാ സീസണുകളും കണ്ടതിൽ വെച്ച് ഇത്തവണത്തേത് നിരാശ നൽകുന്ന സീസൺ ആണെന്നാണ് പരാതി. ഇത്തവണ വ്യക്തി താൽപര്യങ്ങളും വൈരാഗ്യങ്ങളും മാത്രമാണ് കാണാൻ സാധിക്കുന്നത്. ഒരു പ്രത്യേക അജണ്ട പ്രചരിപ്പിക്കാനുളള വേദിയാക്കി ബിഗ് ബോസിനെ മാറ്റുന്നതായി സംശയിക്കുന്നുവെന്നും ഫാൻസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
വിഷയം: ബിഗ് ബോസ് മലയാളം സീസൺ 7 - ഒരു പ്രേക്ഷക്റെ നിരാശ. പ്രിയപ്പെട്ട ബിഗ് ബോസ് ടീം, നാളിതുവരെ ബിഗ് ബോസ് ഷോ കണ്ട ഒരു പ്രേക്ഷകൻ എന്ന നിലയിൽ, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സീസൺ 7 വളരെയധികം നിരാശാജനകമായിട്ടാണ് എനിക്ക് തോന്നുന്നത്. പഴയ സീസണുകളിൽ കണ്ട ആവേശവും ആകാംഷയും ഈ സീസണിൽ തീർത്തും അപ്രത്യക്ഷമായിരിക്കുന്നു.
മുൻ മത്സരാർത്ഥികൾക്കിടയിൽ സൗഹൃദവും സ്നേഹവും കലഹങ്ങളും ഒരുപോലെ കാണാൻ സാധിച്ചിരുന്നു. എന്നാൽ ഈ സീസണിൽ, സൗഹൃദങ്ങളേക്കാൾ കൂടുതൽ വ്യക്തിപരമായ താൽപ്പര്യങ്ങളും വൈരാഗ്യങ്ങളും മാത്രമാണ് കാണാൻ സാധിക്കുന്നത്. ഇതിലെ ചില മത്സരാർത്ഥികൾ ഒരു പ്രത്യേക തരം സമൂഹത്തെ പ്രതിനിധീകരിച്ച് വന്നവരാണ്. പക്ഷെ ഈ ഷോ കാണുന്നവരാകട്ടെ നൊന്ത് പ്രസവിച്ച മക്കൾക്കീ ഗതി വരുത്തരുതെ എന്ന് പ്രാർത്തിക്കുന്ന അമ്മമാരും, ചോര നീരാക്കി പോറ്റി വളർത്തിയ മക്കൾക്ക് നല്ല ജീവിതം സ്വപ്നം കാണുന്ന അച്ഛന്മാരുമാണ്.

ഈ സീസൺ ഒരു റിയാലിറ്റി ഷോ എന്നതിലുപരി ഒരു പ്രത്യേക അജണ്ട പ്രചരിപ്പിക്കാനുള്ള വേദിയായി നിങ്ങൾ മാറ്റുണ്ടോ എന്ന ഭയം ഉള്ളിൽ ഉണ്ട് താനും. പ്രേക്ഷകരെ ആസ്വദിപ്പിക്കാനോ ചിരിപ്പിക്കാനോ ചിന്തിപ്പിക്കാനോ ഉതകുന്ന ഒരു നല്ല ടാസ്ക് പോലും ഈ സീസണിൽ കണ്ടിട്ടില്ല. ഓരോ ദിവസവും ഒരേ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും വഴക്കുകളും മാത്രം ആവർത്തിക്കുന്നു. മത്സരാർത്ഥികൾക്ക് ടാസ്കുകളോട് ആത്മാർത്ഥത എന്ന ഒന്ന് ഇല്ല.
ഈ ഷോ ഹോസ്റ്റ് ചെയ്യുന്ന ലാലേട്ടനെ പോലും ഒരു വിലയുമില്ല, ഈ സീസണിലെ മോശം പ്രകടനം കാരണം പഴയതുപോലെ ഷോ കാണാൻ പോലും എനിക്ക് താൽപര്യമില്ലാതായി. ബിഗ് ബോസ് എന്ന പരിപാടി സാധാരണ പ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ളതാണ് എന്ന് നിങ്ങൾ പറയുന്നു. എന്നാൽ ഈ സീസൺ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് നിങ്ങൾ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല? അടുത്ത സീസണിൽ എങ്കിലും, ബുദ്ധിപൂർവ്വം മത്സരാർത്ഥികളെ തിരഞ്ഞെടുക്കൂ.
പ്രേക്ഷകരെ ആകർഷിക്കുന്ന ടാസ്കുകൾ ഉൾപ്പെടുത്തുമെന്നും, ഷോ അതിൻ്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് തിരിച്ചെത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അല്ലാതെ പൂമ്പാറ്റകളെ വീട് നിറയെ പറപ്പിക്കാനും ഫാമിലി ടാസ്ക് എന്ന പേരിൽ മഴവില്ലിന്റെ നിറങ്ങളിൽ വിട്ടുപോയ ഭാഗം പൂരിപ്പിക്കാനും സ്രമിക്കാതിരിക്കുക എന്ന് അപേക്ഷയുമായി ഒരു ബിഗ് ബോസ് പ്രേക്ഷകൻ.












Click it and Unblock the Notifications