ഫെഫ്ക-പിവിആര്‍ തര്‍ക്കം; യൂസഫലിയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ച, കലാകാരന്മാരുടെ പ്രശ്‌നമെന്ന് വിനീത്
കൊച്ചി: പിവിആര്‍-ഫെഫ്ക തര്‍ക്കത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം എ യൂസഫലിയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ച. പിവിആര്‍ ഗ്രൂപ്പിന്റെ മിക്ക തിയേറ്ററുകളും ലുലു മാളില്‍ ആയതിനാല്‍ വിഷയത്തില്‍ ഇടപെടണം എന്ന് ഫെഫ്ക യൂസഫലിയോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോടും ഫെഫ്ക വിഷയം അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യൂസഫലിയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചക്ക് കളമൊരുങ്ങുന്നത്.
ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിംഗ് പിവിആര്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതോടെ കോടികളുടെ നഷ്ടമാണ് മലയാള സിനിമക്ക് ഉണ്ടായിരിക്കുന്നത്. തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ചിത്രങ്ങള്‍ അടക്കമുള്ള പിവിആര്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതിനെതിരെ ഫെഫ്ക രംഗത്തെത്തുകയും ചെയ്തിരുന്നു.

മലയാള സിനിമയ്ക്കുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകളൊന്നും പിവിആറില്‍ പ്രദര്‍ശിപ്പിക്കില്ല എന്നാണ് ഫെഫ്കയുടെ നിലപാട്. നഷ്ടം നികത്തിയില്ലെങ്കില്‍ തെരുവിലേക്ക് സമരം വ്യാപിപ്പിക്കുമെന്നാണ് ഫെഫ്ക പറയുന്നത്. വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവര്‍ പിവിആറിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പിവിആര്‍ തിയേറ്ററുകളെ ഇഷ്ടപ്പെടുന്നവര്‍ തിയേറ്ററിലേക്ക് വരാതെയാകും.
ഇത്തരം പ്രേക്ഷകരെ നഷ്ടമാകുന്നത് മലയാള സിനിമയെ സംബന്ധിച്ച് വലിയ കാര്യമാണ് എന്നും വിനീത് പറഞ്ഞു. ഹൃദയം തിയേറ്ററില്‍ റിലീസ് ചെയ്യാതിരിക്കാന്‍ മൂന്നിരട്ടി വരെ തങ്ങള്‍ക്ക് ഓഫറുണ്ടായിരുന്നു എന്നും എന്നാല്‍ തങ്ങള്‍ തിയേറ്ററുകാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു എന്നും വിനീത് പറഞ്ഞു. പൊതുവെ താന്‍ ഇത്രയും സംസാരിക്കാത്ത ആളാണ് എന്നും ഇത് പണം ഉണ്ടാക്കുന്ന ആളുകള്‍ സംസാരിക്കുന്ന കാര്യമല്ല.
ഇത് ഒരുപാട് കലാകാരന്മാരുടെ പ്രശ്‌നമാണ് എന്നും വിനീത് ചൂണ്ടിക്കാട്ടി. ആ രീതിയില്‍ തന്നെ പൊതുസമൂഹം ഈ വിഷയം ഏറ്റെടുക്കണം എന്നും വിനീത് ആവശ്യപ്പെട്ടു. ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിംഗ് ഏപ്രില്‍ 11 ന് പിവിആര്‍ ബഹിഷ്‌കരിക്കുകയായിരുന്നു. ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് തീരുമാനം എന്നാണ് വിവരം.
കൊച്ചി, തിരുവനന്തപുരം എന്നീ പ്രധാന കേന്ദ്രങ്ങൡലൊന്നും മലയാള സിനിമകളുടെ പ്രദര്‍ശനം പിവിആര്‍ ഇപ്പോള്‍ നടത്തുന്നില്ല. യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളായിരുന്നു നിര്‍മാണം പൂര്‍ത്തിയാക്കുന്ന മലയാള സിനിമകളുടെ ഡിജിറ്റല്‍ കണ്ടന്റ് മാസ്റ്ററിങ് ചെയ്ത് തിയേറ്ററുകളില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഇത്തരം കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കി എന്നാണ് നിര്‍മാതാക്കളുടെ ആരോപണം.
ഇതോടെ നിര്‍മ്മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റല്‍ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചു. പുതിയതായി നിര്‍മിക്കുന്ന തിയേറ്ററുകളില്‍ ഈ സംവിധാനം ഉപയോഗിക്കണമെന്നും നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഫോറം മാളില്‍ പിവിആര്‍ തുടങ്ങിയ പുതിയ തിയേറ്ററുകളിലും ഈ സംവിധാനം കൊണ്ടുവരാന്‍ സംഘടന ആവശ്യപ്പെട്ടതാണ് നിലവിലെ പ്രശ്‌നങ്ങളിലേക്ക് നയിച്ചത്.












Click it and Unblock the Notifications