രണ്‍ജി പണിക്കരുടെ ഒരു സിനിമയും പുറം ലോകം കാണില്ല: വീണ്ടും വിലക്ക്, കാരണം പറഞ്ഞ് ഫിയോക്
മലയാള ചലച്ചിത്ര ലോകത്ത് വീണ്ടും വിലക്ക് നടപടി. നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കർക്കെതിരെ വിലക്കുമായി രംഗത്ത് വന്നിരിക്കുന്നത് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ആണ്. രണ്‍ജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമാണ വിതരണക്കമ്പനി കുടുശിക നല്‍കാനുണ്ടെന്നാണ് തിയേറ്റർ ഉടമകളുടെ ആരോപണം.
കുടിശിക തീർക്കുംവരെയാണ് രൺജി പണിക്കരുടെ സിനിമകള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. താരം അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കും വിലക്കുണ്ട്. രൺജി പണിക്കർ അഭിനയിക്കുന്ന പുതിയ ചിത്രമായ 'എ രഞ്ജിത് സിനിമ' തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നും സംഘടന അറിയിക്കുന്നു.

നേരത്തേയും താരത്തിനെതിരെ സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. രഞ്ജി പണിക്കര്‍ പങ്കാളി ആയിട്ടുളള വിതരണ കമ്പനി പല പ്രൊജക്ടുകളിലും കുടിശിക വരുത്തിയിട്ടുണ്ടെന്ന് കാട്ടിയായിരുന്നു അന്നും വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കുടിശ്ശിക തീര്‍ക്കുന്നത് വരെ രഞ്ജി പണിക്കരുടെ സിനിമകളുമായി തിയറ്റര്‍ ഉടമകള്‍ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും രൺജി പ്രധാനവേഷത്തിലെത്തിയ സെക്‌ഷൻ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തു.
നേരത്തെ ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്ക് ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അച്ചടക്കമില്ലാത്ത പെരുമാറ്റമെന്ന കുറ്റം ആരോപിച്ചായിരുന്നു തുടര്‍ന്ന് സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഇരുവർക്കുമെതിരായ വിലക്ക് സംഘടനകള്‍ നീക്കി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ക്ഷമാപണം നടത്തി ശ്രീനാഥ് ഭാസി കത്ത് നല്‍കുകയായിരുന്നു. താരം രണ്ട് ചിത്രങ്ങള്‍ക്കായി വാങ്ങിയ അഡ്വാന്‍സ് തുക തിരികെ നല്‍കാനും ധാരണയായി. ഷെയ്ന്‍ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തില്‍ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരുടേയും വിലക്ക് സിനിമാ സംഘടനകള്‍ നീക്കിയത്.
ശ്രീനാഥ് ഭാസി അമ്മയുടെ അംഗമല്ലാത്ത സാഹചര്യത്തില്‍ താരസംഘടന ആദ്യം വിഷയത്തില്‍ ഇടപെട്ടിരുന്നില്ല. പിന്നീട് ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പായതിന് ശേഷം ശ്രീനാഥ് ഭാസിക്ക് അംഗത്വം നല്‍കിയാല്‍ മതിയെന്നായിരുന്നു അമ്മയുടെ നിലപാട്.












Click it and Unblock the Notifications