'അപ്പുറത്ത് നിൽക്കുന്നത് മോഹൻലാലാണ്, 100 കോടിക്ക് തെളിവ് കാണിക്കൂ', ആന്റണിയെ വെല്ലുവിളിച്ച് സുരേഷ് കുമാർ
കൊച്ചി: സിനിമാ സമരം അടക്കമുളള വിഷയങ്ങളില്‍ നിര്‍മ്മാതാക്കളായ ജി സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുളള പോര് മുറുകുന്നു. സിനിമാ സമരം പ്രഖ്യാപിച്ച ജി സുരേഷ് കുമാറിനെ തള്ളി ആന്റണി പെരുമ്പാവൂരാണ് ആദ്യം രംഗത്ത് വന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ് അടക്കമുളളവര്‍ ആന്റണിക്ക് പിന്തുണയുമായി എത്തി.
സിനിമാ സമരം സംഘടനാ തീരുമാനമല്ലെന്നും അതേക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. മാത്രമല്ല എംപുരാന്റെ ബജറ്റിനെ കുറിച്ചും 100 കോടി ക്ലബ് അവകാശവാദങ്ങളെ കുറിച്ചു സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ആന്റണി മറുപടി നല്‍കിയിരുന്നു. തൊട്ട് പിന്നാലെ തിരിച്ചടിച്ച് സുരേഷ് കുമാറും രംഗത്ത് വന്നതോടെ വിവാദം കൊഴുത്തിരിക്കുകയാണ്.

ഒരു സംഘടനയിലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്ന ആളെന്ന നിലയില്‍ തനിക്ക് ഒരു തീരുമാനം ഒറ്റയ്ക്ക് എടുക്കാന്‍ സാധിക്കില്ലെന്ന് ജി സുരേഷ് കുമാര്‍ പറഞ്ഞു. കുറേ നാളായി ഇക്കാര്യം സംഘടനയില്‍ ചര്‍ച്ച ചെയ്യുകയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തീരുമാനമെടുത്ത ശേഷം ഫെഫ്ക അടക്കമുളളവരുമായും ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച എറണാകുളത്ത് യോഗം ചേര്‍ന്നിരുന്നു. അതിന്റെ മിനുട്‌സും ഉണ്ട്.
അല്ലാതെ താനൊരു മണ്ടനൊന്നും അല്ലെന്നും സുരേഷ് കുമാര്‍ തുറന്നടിച്ചു.കുറേ കാലമായി സിനിമ തുടങ്ങിയിട്ട്. ആന്റണി പെരുമ്പാവൂര്‍ സിനിമ കണ്ട് തുടങ്ങിയ കാലം മുതല്‍ സിനിമ എടുത്ത് തുടങ്ങിയ ആളാണ് താന്‍. അതുകൊണ്ട് അങ്ങനെയൊരു മണ്ടത്തരം താന്‍ കാണിക്കില്ല. തമാശ കളിക്കാനല്ല സിനിമയിലിരിക്കുന്നത്. 46 വര്‍ഷമായി സിനിമയില്‍ ഉണ്ട്.
ആന്റണിയെ താന്‍ കാണാന്‍ തുടങ്ങിയിട്ടും കുറേ വര്‍ഷങ്ങളായി. മോഹന്‍ലാലിന്റെ അടുത്ത് വരുന്ന സമയം തൊട്ടേ അറിയാവുന്ന ആളാണ് ആന്റണി. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുകയോ വിളിച്ച് പറയുകയോ ചെയ്യുന്ന ആളല്ല താന്‍. ആന്റോ ജോസഫ് മെയ് വരെ ലീവെടുത്തിരിക്കുകയാണ്. വൈസ് പ്രസിഡണ്ട് എന്ന നിലയ്ക്കാണ് ആ യോഗത്തില്‍ അധ്യക്ഷനായത്.
ആന്റണി ഒരു യോഗത്തിനും വരാറില്ല. അതാണ് ഇക്കാര്യങ്ങളൊന്നും അറിയാത്തത്. എംപുരാന്‍ ബജറ്റുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞത് അതുമായി ഉത്തരവാദിത്തപ്പെട്ട ആളുകള്‍ തന്നോട് പറഞ്ഞതാണ്. പറഞ്ഞത് പിന്‍വലിക്കണമെങ്കില്‍ പിന്‍വലിക്കാം. തന്നോട് പറഞ്ഞ കാര്യം പറഞ്ഞില്ലെന്നാണ് അവരിപ്പോള്‍ പറയുന്നത്. അതിന്റെ അപ്പുറത്ത് നില്‍ക്കുന്നത് മോഹന്‍ലാലാണ്. വെറുതേ ആവശ്യമില്ലാത്ത പ്രശ്‌നമുണ്ടാക്കാന്‍ താല്‍പര്യമില്ല.
സിനിമാ സമരം സംഘടനയെടുത്ത തീരുമാനമാണ്. അതില്‍ നിന്ന് പിന്മാറില്ല. 100 കോടി ക്ലബ്ബെന്ന് ചുമ്മാ പറയുന്ന പരിപാടി എല്ലാവരും നിര്‍ത്തണം. അത് ആന്റണിക്കും ബാധകമാണ്. ചുമ്മാ അങ്ങനെ പറഞ്ഞാല്‍ പോരല്ലോ. തെളിവ് കാണിക്കൂ എന്നും സുരേഷ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications