'വിവാഹമോചനത്തിന് അവർ നിമിത്തമായി, കർമ്മ എന്നൊന്നുണ്ട്, അത് ചുറ്റിത്തിരിഞ്ഞ് വരും'; ഫിറോസ് ഖാൻ
വ്യക്തി ജീവിതത്തിൽ മൂന്നാമതൊരാളെ ഇടപെടാൻ അനുവദിക്കരുതെന്ന് ബിഗ് ബോസ് താരം ഫിറോസ് ഖാൻ. സജ്നയുമായുള്ള വിവാഹ ജീവിതം വേർപിരിയാൻ പുറത്ത് നിന്നുള്ളവരുടെ ഇടപെടൽ കാരണമായിട്ടുണ്ടെന്നും ഫിറോസ് വെളിപ്പെടുത്തി. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'വ്യക്തി ജീവിതത്തിലേക്ക് മൂന്നാമതൊരാളെ കയറ്റരുത്. അവർ വേറെ ഉദ്ദേശത്തോടെയായിരിക്കും വരുന്നത്. നമ്മുടെ ജീവിതത്തിലും മൂന്നാമതൊരാളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും അവർക്ക് നമ്മളെ സ്വാധീനം ചെലുത്താനാകില്ല. സജ്നയെ വേഗം സ്വാധീനിക്കാൻ സാധിക്കും. അവൾക്ക് അങ്ങനെയുള്ള സുഹൃത്തുക്കളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും നമ്മളാണ് തീരുമാനിക്കേണ്ടത്, മറ്റൊരാളെ പഴി പറഞ്ഞിട്ട് കാര്യമില്ല.

മനപ്പൂർവ്വം ബ്രേക്കപ്പ് ആക്കാൻ ഉദ്ദേശിച്ചായിരിക്കില്ല ചിലർ വരുന്നത്. പക്ഷേ അവരൊക്കെ വരുമ്പോൾ നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. അവിഹിത ബന്ധങ്ങളെ കുറിച്ച് അല്ല പറയുന്നത്. സജ്നയുടെ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു അവരൊക്കെ. എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആയി ഞാൻ കരുതിയിരുന്നില്ല. മൂന്നാമതൊരാളെ ജീവിതത്തിൽ കയറ്റാതെ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കണം. ഈ പറഞ്ഞവരെയൊക്കെ ഞാൻ ജീവിത്തതിൽ നിന്ന് അന്നേ കട്ട് ചെയ്തിരുന്നു. കാരണം ഇവരൊക്കെ വേർപിരിയലിന് നിമിത്തങ്ങളായി എന്ന സാഹചര്യം വന്നപ്പോൾ തന്നെ ഇവരുമായുള്ള ബന്ധം ഒഴിവാക്കി. സജ്നയും ഒഴിവാക്കി.
സജ്ന എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കും. അതൊരു അപകടം പിടിച്ച അവസ്ഥയാണ്. നല്ല ക്യാരക്ടർ അല്ല. ഒരിക്കലും ഒരാളേയും നമ്മുടെ പേഴ്സണൽ സ്പേസിൽ കയറി ഇടപെടാൻ ശ്രമിക്കരുത്. നമ്മളെ പൂർണമായി വായിക്കാൻ ഒരാളേയും അനുവദിക്കരുത്.
പിരിഞ്ഞതിൽ ഏറെ വേദനയുണ്ട്. ഞാൻ കൊടുത്ത അത്രയും സ്നേഹം അവൾക്ക് മറ്റൊരാൾക്കും കൊടുക്കാൻ സാധിക്കില്ല. അത്രമാത്രം ഞാനവളെ സ്നേഹിച്ചിരുന്നു. കർമ്മ എന്നൊന്നുണ്ട്. ഞാൻ സജ്നയെ വേദനിപ്പിച്ചതാണെങ്കിലും അവൾ എന്നെ വേദനിപ്പിച്ചതാണെങ്കിലും അത് ചുറ്റിത്തിരിഞ്ഞ് വരും. കർമ്മയിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. പാതിയിലേറെ എന്റെ ജീവിതം കഴിഞ്ഞു. നാളയെ കുറിച്ചോർത്ത് വിഷമിക്കുന്നില്ല. സിനിമയ്ക്ക് വേണ്ടി സ്ട്രഗിൾ ചെയ്യുകയാണ്. സംവിധായകരൊക്കെ പോയി കാണുന്നുണ്ട്. ഈ മേഖലയിൽ കഴിവ് മാത്രം പോര. ഒരു ഡയറക്ടറേയും പ്രൊഡ്യൂസറേയുമൊക്കെ കൈയ്യിലെടുക്കാൻ കഴിയണം. ആ കഴിവ് എനിക്ക് ഇല്ല.
ഞാനും സജ്നയും തമ്മിൽ വാശിയിൽ അല്ല പോകുന്നത്. മകനെ നോക്കുന്ന കാര്യമൊക്കെ അവന്റെ നല്ലത് എന്താണ് അതിന് അനുസരിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം', ഫിറോസ് പറഞ്ഞു.












Click it and Unblock the Notifications