സര്‍പ്രൈസ് പൊട്ടിച്ച് 'എമ്പുരാന്‍' ടീം; ഗെയിം ഓഫ് ത്രോണ്‍സ് താരം ജെറോം ഫ്ളിന്നും പ്രധാന കഥാപാത്രം
പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27 ന് തീയറ്ററുകളില്‍ എത്തുന്നത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും 'എല്‍2: എമ്പുരാന്‍' എന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം തീയറ്ററുകളിലെത്തും. ചിത്രത്തെക്കുറിച്ച് പ്രതീക്ഷകള്‍ വീണ്ടും വീണ്ടും വര്‍ധിപ്പിക്കുന്ന രീതിയിലാണ് ഓരോ ദിവസവും കാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിടുന്നത്.
മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് എമ്പുരാനിലുള്ളത്. കന്നഡ താരമായ കിഷോര്‍ കുമാറും ഐബി ഓഫീസറായി വേഷമിടുന്നു. എന്നാല്‍ ഇതിനെയെല്ലാം വെല്ലുന്ന സര്‍പ്രൈസാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരാധകര്‍ക്കായി കരുതിവച്ചിരുന്നത്. ഏറെ പ്രശസ്തനായ ഇംഗ്ലീഷ് താരവും എമ്പുരാനിലുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

എച്ച്ബിഒയിലെ 'ഗെയിം ഓഫ് ത്രോണ്‍സ്' എന്ന സൂപ്പര്‍ഹിറ്റ് ടെലിവിഷന്‍ പരമ്പരയിലെ പ്രധാനപ്പെട്ട താരമാണ് ജെറോം ഫ്ളിന്‍. പരമ്പരയില്‍ ബ്രോണ്‍ എന്ന കഥാപാത്രത്തെയാണ് ജെറോം ഫ്ളിന്‍ അവതരിപ്പിക്കുന്നത്. ജെറോം ഫ്ളിന്‍ എമ്പുരാനില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോറിസ് ഒലിവര്‍ എന്ന കഥാപാത്രമായാണ് ജെറോം ഫ്ളിന്‍ എത്തുന്നത്. ഇദ്ദേഹത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടതാണ് ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്.
റിലീസിന് മുന്നോടിയായി ചിത്രത്തിലെ പ്രധാന താരങ്ങളുടെ കാരക്ടര്‍ പോസ്റ്ററുകള്‍ ഓരോ ദിവസവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും ആശീര്‍വാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെയുമാണ് ജെറോം ഫ്‌ളിന്നിന്റെ കഥാപാത്രത്തെ പുറത്തുവിട്ടത്. ഒരു ഹോളിവുഡ് കഥാപാത്രമെന്നു തോന്നിപ്പിക്കുന്ന വിധമാണ് കാരക്ടര്‍ പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്.
എമ്പുരാനിലൂടെ മലയാളം സിനിമാ സംസ്‌കാരത്തിന്റെ ഭാഗമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജെറോം ഫ്‌ളിന്‍ പറയുന്നു. മോഹന്‍ലാലിന്റെ കഥാപാത്രമായ ഖുറേഷിയുടെ യാത്രയില്‍ ബോറിസ് ഒലിവറിന് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ആത്മീയതയുടെ ഭാഗമായി യൗവനത്തില്‍ വര്‍ഷങ്ങളോളം ഇന്ത്യയില്‍ ചെലവഴിച്ചിട്ടുണ്ടെന്നും ആ അനുഭവങ്ങള്‍ തന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും ജെറോം പറഞ്ഞു. ഈ ചിത്രം വീട്ടിലേക്കു തിരിച്ചുവന്നതു പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications