'സ്വപ്നമാണോ യാഥാർത്ഥ്യമാണോയെന്ന് മനസിലാകുന്നില്ല; ഉർവശി ചേച്ചിക്കൊപ്പം പരിഗണിച്ചല്ലോ'; ബീന ആർ ചന്ദ്രൻ
സ്വപ്നമാണോ യാഥാർത്ഥ്യമാണോയെന്ന് മനസിലാക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ബീന ആർ ചന്ദ്രൻ. പുരസ്കാരം കിട്ടുമെന്ന് നിരവധി പേർ പറഞ്ഞിരുന്നെങ്കിലും സംസ്ഥാന ചലച്ചിത്ര പുരസ്കാരമൊക്കെ മോഹിക്കാൻ മാത്രം ആളായോ താൻ എന്ന ചിന്തയിലായിരുന്നു. ഉർവശിക്കൊപ്പം പുരസ്കാരം ലഭിച്ചത് ഇരട്ടി സന്തോഷം നൽകുന്നുണ്ടെന്നും ബീന ആർ ചന്ദ്രൻ വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
'സ്കൂളിൽ പഠിപ്പിക്കുമ്പോൾ ആണ് സംസ്ഥാന പുരസ്കാരം ലഭിച്ചെന്ന വിവരം അറിയുന്നത്. കുട്ടികളെല്ലാം വലിയ ആരവമായിരുന്നു. അവരെല്ലാം ഗ്രൗണ്ടിലേക്ക് ഓടിവന്ന് ആഘോഷിക്കുകയായിരുന്നു. ഐഎഫ്എഫ്കെ കഴിഞ്ഞപ്പോൾ നിരവധി പേർ എനിക്ക് അവാർഡ് കിട്ടിയേക്കുമെന്ന് പറഞ്ഞിരുന്നു. ആ പ്രശംസ തന്നെ എനിക്ക് അവാർഡ് ആണെന്നായിരുന്നു അന്ന് ഞാൻ പ്രതികരിച്ചിരുന്നത്. കാരണം ആളുകൾ അത്രയും ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ ഉണ്ടാകുന്നൊരു സന്തോഷമുണ്ടല്ലോ.

പുരസ്കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് എനിക്ക് അവാർഡ് കിട്ടുമെന്ന് പറഞ്ഞ് പരിചയം ഇല്ലാത്തവർ പോലും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. ഇതോടെ പ്രതീക്ഷിക്കണോയെന്ന് മനസിൽ ചിന്തച്ചിരുന്നു. അപ്പോൾ മനസിന്റെ മറുഭാഗം പറഞ്ഞത് എത്രയോ അനുഭവ സമ്പത്തുള്ള നടിമാർ ഉണ്ടാകുമ്പോൾ അവരുടെ കൂടെ മോഹിക്കുന്നത് തന്നെ പാടില്ലെന്നാണ്. ഇനി അഥവാ അവാർഡ് കിട്ടിയില്ലെങ്കിൽ വിഷമിക്കുമോയെന്നൊക്കെയുള്ള ചിന്ത മനസിൽ ഉണ്ടായിരുന്നു. അപ്പോഴും സ്വയം സമാധാനിച്ചത് എനിക്ക് എന്റെ നാടകം ഉണ്ടല്ലോയെന്നാണ്. കുട്ടികളെ പഠിപ്പിച്ചും നാടകം കളിച്ചുമെല്ലാം മുന്നോട്ട് പോകും ഈ നഷ്ടബോധത്തെ തരണം ചെയ്യുമെന്നുമൊക്കെ മനസിൽ ഉറപ്പിച്ചു.
വളരെ ചെറുപ്പം മുതൽ തന്നെ ഉർവശി ചേച്ചിയുടെ അഭിനയം കൗതുകത്തോടെ നോക്കിക്കണ്ടിരുന്ന ആളാണ് ഞാൻ. എല്ലാ റോളും വളരെ അനായാസം കൈകാര്യം ചെയ്യുന്ന ആളാണല്ലോ. ഉള്ളൊഴുക്കൊക്കെ ഞാൻ കണ്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത ഉണ്ടായിരുന്നത് ഉർവശി ചേച്ചിയും പാർവതിയും തമ്മിലാണ് പുരസ്കാരത്തിനായുള്ള മത്സരം എന്നാണ്.അപ്പോഴും എനിക്ക് ലഭിക്കുമെന്ന് ആളുകൾ പറഞ്ഞിരുന്നല്ലോയെന്ന ചിന്തയുണ്ടായിരുന്നു. എന്തായാലും ഉർവശി ചേച്ചിക്ക് മികച്ച നടിക്കുള്ള പുരസ്കാരം നൽകിയിട്ട് എന്നെ തഴഞ്ഞില്ലല്ലോ. എന്നെ പരിഗണിച്ചല്ലോ. അല്ലെങ്കിൽ ഞാൻ ഒന്നുമല്ലാതായി മാറിയേനെ. ജൂറിയോട് വളരെ അധികം നന്ദിയുണ്ട്.
അധ്യാപനം തന്നെയാണ് എനിക്ക് മുൻഗണന. ഞാൻ നാടകവും കളിക്കുന്നുണ്ടല്ലോ. നല്ല അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ തീർച്ചയായും കൂടുതൽ സിനിമകൾ ചെയ്യും', ബീന പറഞ്ഞു. പട്ടാമ്പി പരുതൂർ സി ഇ യു പി സ്കൂളിലെ അധ്യാപികയും നാടക പ്രവർത്തകയും കൂടിയാണ് ബീന. ഫാസിൽ റസാഖ് സംവിധാനം ചെയ്ത 'തടവ്' എന്ന ചിത്രത്തിലെ ഗീത എന്ന കഥാപാത്രമാണ് ബീനയ്ക്ക് പുരസ്കാരം നേടികൊടുത്തത്.












Click it and Unblock the Notifications