ബോണ്ട് സിനിമകളുടെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ഡെനി വില്‍നെവ് സംവിധാനം ചെയ്യും
പുതിയ ബോണ്ട് ആരാകും എന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിലും ആര് സംവിധാനം ചെയ്യുമെന്ന് വ്യക്തമായി. ഡ്യൂൺ സിനിമകളിലൂടെ പ്രശസ്തനായ ഡെനി വിൽനെവ്. ഭാര്യ ടാന്യ ലാപോയിന്റ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകും. എമി പാസ്കലും ഡേവിഡ് ഹെയ്‌മാനുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ആമസോൺ എം.ജി.എം നിർമിക്കുന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രമാകും ഇത്. നായകൻ മാത്രമല്ല തിരക്കഥയും റെഡിയല്ല. അതു കൊണ്ട് തന്നെ ചിത്രീകരണം എപ്പോൾ തുടങ്ങുമെന്നും ഉറപ്പായിട്ടില്ല. ബോണ്ട് സിനിമാപരമ്പരയിലെ ഇരുപത്തി ആറാണത് ചിത്രമാണ് വരാനിരിക്കുന്നത്.
ഡ്യൂൺ മൂന്നാംഭാഗം കഴിഞ്ഞിട്ടാകും വിൽനെവ് ബോണ്ട് സിനിമയിലേക്ക് കടക്കുക. ഷോൺ കോണെറി ബോണ്ട് ആയെത്തിയ Dr No മുതൽ കാണുന്നുണ്ടെന്നും ബോണ്ടിന്റെ കടുത്ത ആരാധകൻ ആണെന്നും അതു കൊണ്ട് തന്നെ ഒരു ത്രില്ലായും ആദരമായും ഒക്കെ കണ്ടാണ് ബോണ്ട് സിനിമയുടെ അമരത്തേക്ക് എത്തുന്നതെന്നും വിൽനെവ് പറഞ്ഞു. ഏമിക്കും ഡേവിഡിനും ഒപ്പം ചേർന്ന് വീണ്ടും ബോണ്ടിനെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും വിൽനെവ് പറഞ്ഞു.

2021ൽ ആണ് നോ ടൈം ടു ഡൈ ഇറങ്ങിയത്. കൊല്ലം അഞ്ച് കഴിഞ്ഞു, ബോണ്ട് ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട്. പുതിയ ചിത്രം നീണ്ടു പോയതിന്/പോകുന്നതിന് പല കാരണങ്ങളുണ്ട്. എംജിഎം ആമസോൺ വാങ്ങിയതോടെ വരാനിരിക്കുന്ന ജെയിംസ് ബോണ്ട് ചിത്രങ്ങളെല്ലാം വിതരണം ചെയ്യാനുള്ള അവകാശം ആമസോണിന് കിട്ടിയിരുന്നു. പക്ഷേ കമ്പനി എക്സിക്യൂട്ടുവുമാരും ബോണ്ടിന്റെ നിർമാതാക്കളായ മൈക്കൽ ജി വിൽസണും ബാർബറ ബ്രോക്കോളിയും തമ്മിൽ തർക്കമായി. അത് പരിഹരിക്കാൻ സമയമെടുത്തു.
സംവിധായകനെ തെരഞ്ഞെടുക്കലായി പിന്നെ. വിൽനെവ്, എഡ്ഗാർ റൈറ്റ്, ജോനാതൻ നോളൻ, എഡ്വാർഡ് ബെർജെർ, പോൾ കിങ്ങ് എന്നീ പേരുകളായിരുന്നു പരിഗണനയിൽ ഉണ്ടായിരുന്നത്. ഡ്യൂൺ സിനിമയുടെ സാങ്കേതികത്തികവും കലാമേന്മയും നിലവാരവും ആണ് വിൽനെവിന്റെ തെരഞ്ഞെടുപ്പിൽ എത്തിയത്. വിൽനെവിന്റെ സിനിമകൾ തന്നെ അദ്ദേഹത്തിന് വേണ്ടി സംസാരിക്കുമല്ലോ എന്നാണ് പ്രൈംവീഡിയോയുടെയും ആമസോൺ എംജിഎം സ്റ്റുഡിയോസിന്റെയും മേധാവിയായ മൈക് ഹോപ്കിൻസ് പറഞ്ഞത്.
ഇനിയുള്ള കാത്തിരിപ്പ് സാക്ഷാൽ നായകൻ ആരാകും എന്ന് അറിയാനാണ്. നോ ടൈം ടു ഡൈക്ക് ശേഷം ബോണ്ടാകാൻ ഇല്ലെന്ന് ഡാനിയേൽ ക്രൈഗ് പറഞ്ഞിരുന്നതാണ്. പകരക്കാരനായി പല പേരുകളാണ് ചർച്ചകളിലും വിനോദവാർത്ത കോളങ്ങളിലും ഉള്ളത്. ആരൺ ടെയ്‍ലർ ജോൺസൺ, ഹാരിസ് ഡിക്കിൻസൺ, ജെയിംസ് നോർട്ടൺ, റോബർട്ട് പാറ്റിൻസൺ, ടോം ഹിഡിൽസ്റ്റൺ, ടോം ഹോളണ്ട്, ഹെൻറി ഗോൾഡിങ്, റിച്ചാർഡ് മാഡ്ഡെൻ, ഹാരി സ്റ്റേയ്ൽസ് , ടോം ഹാർഡി തുടങ്ങി ബ്രിജേർട്ടൺ പരമ്പരയിലൂടെ ശ്രദ്ധേയനായ റെഷെ ജേൻ പേഷിന്റെ പേരു വരെ ബോണ്ട് ആരാധകരുടെ ചർച്ചകളിലുണ്ട്. ഇടക്ക് സജീവമായിരുന്ന ഹെൻറി കാവിലിന്റെ പേര് ഇപ്പോൾ അത്ര കേൾക്കാനില്ല. സൂപ്പർമാനായും എനോള ഹോംസിൽ ഷെർലക് ഹോംസ് ആയും തിളങ്ങിയ കാവിൽ ആരാധകർക്ക് പ്രിയപ്പെട്ട ചോയ്സ് ആയിരുന്നു. പക്ഷേ ഇക്കാരണങ്ങൾ കൊണ്ട് തന്നെ കാവിലിന് ചാൻസ് കുറയും എന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്.
ബ്രിട്ടീഷുകാർക്ക് ഏറെ താത്പര്യം ഇപ്പോഴും ഇഡ്രിസ് എൽബ ബോണ്ട് ആകുന്നതിലാണ്. തോർ, പ്രോമിത്യൂസ്, ബീസ്റ്റ് ഓഫ് നോ നേഷൻ തുടങ്ങി പല ഴോണർ സിനിമകളിൽ തകർത്തഭിനയിച്ച എൽബക്ക് പക്ഷേ ബോണ്ട് ആകാൻ വലിയ താത്പര്യം ഇല്ലത്രേ. എന്തായാലും ഷോൺ കോണെറി, ജോർജ് ലാസെൻബി, റോജർ മൂർ, തിമോത്തി ഡാൽട്ടെൻ, പിയേഴ്സ് ബ്രോസ്നൻ, ഡാനിയേൽ ക്രെയ്ഗ് തുടങ്ങിയവരുടെ പട്ടികയിൽ അടുത്ത പേര് ആരുടെ ആകും എന്ന സസ്പെൻസ് എപ്പോൾ തീരും എന്ന് കാത്തിരുന്ന് തന്നെ കാണണം. എന്തായാലും ഒരു കാര്യം ഉറപ്പാണ്. 2027ലാകും അടുത്ത ബോണ്ട് സിനിമ എത്തുക.












Click it and Unblock the Notifications