'ഗോപി സുന്ദറിനെ പരിചയപ്പെട്ടത് രണ്ട് വർഷം മുൻപ്, ആത്മഹത്യയിലേക്ക് തള്ളിവിടരുത്'; മറുപടിയുമായി അഭിരാമി
ഗായിക അമൃത സുരേഷുമായി വേർപിരിയാനുള്ള കാരണം താൻ കാണാൻ പാടില്ലാത്ത കാഴ്ച കണ്ടത് കൊണ്ടാണെന്നായിരുന്നു കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിനിടെ നടൻ ബാല പറഞ്ഞത്. വാർത്താസമ്മേളനത്തിൽ സംഗീത സംവിധായകൻ ഗോപി സുന്ദർ തന്നെ ചതിച്ചെന്നും ബാല ആരോപിച്ചിരുന്നു.
അതേസമയം ബാലയുടെ പ്രതികരണത്തിന് പിന്നാലെ ഗോപി സുന്ദറിനും അമൃതയ്ക്കും എതിരായ സൈബർ ആക്രമണം കടുക്കുകയാണ്. ഇപ്പോഴിതാ ഇത്തരം അധിക്ഷേപങ്ങൾക്ക് മറുപടി നൽകുകയാണ് അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്. സോഷ്യൽ മീഡിയയിലൂടെയാണ് അമൃതയുടെ പ്രതികരണം. വായിക്കാം

'കാര്യങ്ങൾ കൂടുതൽ വഷളാകാതിരിക്കാനാണ് ഞങ്ങൾ ഇതിനോടൊന്നും പ്രതികരിക്കാതിരിക്കുന്നത്. മാത്രമല്ല മാധ്യമങ്ങളിലൂടെയുള്ള നെഗറ്റീവ് വാർത്തകളിലേക്ക് ഞങ്ങളുടെ കുഞ്ഞിനെ വലിച്ചിഴക്കാതിരിക്കാനും ഞങ്ങൾക്ക് ശ്രദ്ധിക്കേണ്ടതുണ്ട്.മറുവശത്ത് ഉള്ളയാൾ സാമ്പത്തികമായി ഞങ്ങളെക്കാൾ ഉയർന്ന നിലയിലാണ്,ഞങ്ങളെ സംബന്ധിച്ച് ഇപ്പോഴും ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടുകയാണ്.
മറ്റുള്ളവരെ പോലെ തന്നെ ഭാവി സുരക്ഷിതമാക്കാനായി രാവും പകലും പാടിയും ജോലിയെടുത്തുമെല്ലാം ഞങ്ങളും കഷ്ടപ്പെടുകയാണ്. വയസായൊരു അമ്മയേയും കുഞ്ഞിനേയും ഞങ്ങൾക്ക് സംരക്ഷിക്കേണ്ടതുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് എന്റെ ഭാവിയും തകരുകയാണ്.
ആരെയും കബളിപ്പിക്കാനോ ആരുടെ മുമ്പിലും അഭിനയിക്കാനോ ഞങ്ങൾ നിന്നിട്ടില്ല,ആളുകളെ സ്നേഹിച്ചും ബഹുമാനിച്ചും ഞങ്ങൾക്കറിയാവുന്ന പ്രൊഫെഷൻ ചെയ്തുമാണ് ഞങ്ങൾ ജീവിക്കുന്നത്, സംഗീതം - ഞങ്ങളുടെ അച്ഛനും അമ്മയും ഞങ്ങൾക്ക് നൽകിയ സംഗീതമാണ് ഞങ്ങളുടെ ശക്തി . കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സൈബർ അപകീർത്തികൾ സമൂഹത്തിലെ ഒരു വിഭാഗം വിശ്വസിക്കുന്നുണ്ടെന്നത് അസഹനീയമാണ്.
നേരിട്ടുള്ള പരിചയമോ, കൃത്യമായ തെളിവുകളോ ഇല്ലാതെ മറ്റൊരാളുടെ സ്വഭാവത്തെ കുറിച്ച് മോശം പറഞ്ഞ് അവരെ കുറിച്ച് വെറുപ്പ് ഉണ്ടാക്കി ആളുകളെ കബളിപ്പിക്കാൻ എളുപ്പമാണ്.
സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാൻ കഷ്ടപ്പെടുന്ന ഒരു സ്ത്രീയേയും അവരുടെ കുടുംബത്തേയും ദ്രോഹിക്കുന്നതിനോളം മൃഗീയമായ മറ്റൊരു കാര്യമില്ല. ആളുകളെ അപമാനിക്കുന്നതിന് ഒരു പരിധിയുണ്ട്. ചിലരുടെ ദുരഭിമാനം സംരക്ഷിക്കാൻ വേണ്ടി മറ്റുള്ളവരെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്', അഭിരാമി കുറിച്ചു.
അതേസമയം പോസ്റ്റിന് താഴെ ഗോപി സുന്ദറിനെയാണോ ബാല ഉദ്ദേശിച്ചതെന്ന മട്ടിലുള്ള കമന്റിന് അഭിരാമി മറുപടി നൽകി. 'ഈ പറയുന്ന ഗോപി ചേട്ടനെ പറ്റി ആണ് പറയുന്നത് എങ്കിൽ ഞങ്ങൾക്ക് ആ സമയം അദ്ദേഹത്തെ പരിചയം പോലും ഇല്ല. കഥകൾ മെനയാനും പറഞ്ഞു വിശ്വസിപ്പിക്കാനും ഒക്കെ പലർക്കും പറ്റും. പക്ഷേ കള്ളങ്ങൾ പ്രചരിക്കുമ്പോൾ അത് കേട്ട് മിണ്ടാതെ ഇരിക്കാൻ എന്റെ ഉള്ളിലേ സത്യം അനുവദിക്കുന്നില്ല. ക്ഷമിക്കണം. ഞങ്ങൾ ഒരു രണ്ടുവർഷം മുമ്പേയാണ് ഗോപി ചേട്ടനെ പരിചയപ്പെടുന്നത്. അപ്പോഴാണ് ഇത്തരം ഒരു കഥയിറക്കൽ. അത് വിശ്വസിക്കാൻ ചിലരും. ഇങ്ങനെ യാതൊന്നും അറിയാതെ ഒരാളെ കുറിച്ച് മോശം പറയുന്നത് ക്രൂരമാണ്', അഭിരാമി കുറിച്ചു.












Click it and Unblock the Notifications