ഡബ്ല്യൂസിസിയെ കൈവിട്ടോ? 'അമ്മ' വേദിയിൽ നിറചിരിയോടെ മഞ്ജു വാര്യർ, ഒപ്പം സജീവമായി സുരേഷ് ഗോപിയും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം താരസംഘടനയായ അമ്മയോട് അകലത്തിലാണ് മലയാളത്തിലെ മുന്‍നിര നടിമാര്‍ പലതും. പാര്‍വ്വതി തിരുവോത്ത് അടക്കമുളളവര്‍ അമ്മയില്‍ നിന്ന് രാജി വെക്കുകയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ പുതിയ കൂട്ടായ്മയ്ക്ക് തുടക്കമിടുകയും ചെയ്തു.
നടി ആക്രമിക്കപ്പെട്ട സംഭവത്തോടും പ്രതിയായ നടന്‍ ദിലീപിനോടും അമ്മ സംഘടന സ്വീകരിച്ച നിലപാടിനോട് കലഹിച്ചായിരുന്നു നടിമാരുടെ രാജി. എന്നാല്‍ അതിജീവിതയുടെ അടുത്ത സുഹൃത്ത് കൂടിയായ മഞ്ജു വാര്യര്‍ അമ്മയില്‍ തുടര്‍ന്നു. രാജി വെച്ചില്ലെങ്കിലും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മഞ്ജു സജീവമായിരുന്നില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ വീണ്ടും അമ്മ വേദിയില്‍ എത്തിയിരിക്കുകയാണ്.

Image Credit: AMMA
അമ്മയുടെ സഞ്ജീവനി ജീവന്‍ രക്ഷാ പദ്ധതി ഉദ്ഘാടനത്തിനാണ് മഞ്ജു വാര്യര്‍ എത്തിയത്. അമ്മയുടെ കൊച്ചി ഓഫീസില്‍ വെച്ചായിരുന്നു പരിപാടി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ശ്രീനിവാസന്‍ അടക്കമുളളവരും റിപ്പബ്ലിക്ക് ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയും വളരെക്കാലത്തിന് ശേഷമാണ് അമ്മയിൽ സജീവമായിരിക്കുന്നത്. ഡബ്ല്യൂസിസി സ്ഥാപകാംഗം കൂടിയായ മഞ്ജുവിനെ അമ്മ പരിപാടിയില്‍ കണ്ട അമ്പരപ്പിലാണ് ആരാധകര്‍.
വിവാഹ മോചനത്തിന് ശേഷം സിനിമയില്‍ സജീവമായെങ്കിലും അമ്മ പരിപാടികളില്‍ മഞ്ജു വാര്യരെ കാണുക പതിവില്ലായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് മുന്‍പ് വരെ സംഘടനയിലെ ശക്തമായ സാന്നിധ്യമായിരുന്നു ദിലീപ്. എന്നാല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ സംഘടന ദിലീപിനെ പുറത്താക്കി. പിന്നീട് തിരിച്ച് എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദിലീപ് പഴയത് പോലെ ഇപ്പോള്‍ അമ്മയില്‍ സജീവമല്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് അമ്മ വേദിയിലെ മഞ്ജു വാര്യരുടെ സാന്നിധ്യം ശ്രദ്ധേയമാകുന്നത്.
ഇടക്കാലത്ത് മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിയില്‍ നിന്ന് രാജി വെച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഡബ്ല്യൂസിസി രൂപീകരണത്തിലും പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കുന്നതിലും അടക്കം സംഘടനയ്ക്ക് ഒപ്പം നിന്ന മഞ്ജുവിനെ പിന്നീട് സജീവമായി കണ്ടിരുന്നില്ല. ഇതോടെയാണ് ഡബ്ല്യൂസിസിയുടെ നിലപാടുകളോട് താരത്തിന് വിയോജിപ്പ് ഉണ്ടെന്നും അതിനാല്‍ സംഘടന വിടുകയാണ് എന്നും പ്രചരിച്ചത്.
എന്നാല്‍ മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിക്ക് ഒപ്പം തന്നെ ഉണ്ടെന്നും തിരക്ക് കാരണം പഴയത് പോലെ സജീവമാകാന്‍ പറ്റിക്കൊള്ളണമെന്നില്ലെന്നുമാണ് നടി സജിത മഠത്തില്‍ ഒരു അഭിമുഖത്തില്‍ നേരത്തെ വ്യക്തമാക്കിയത്. മഞ്ജു വാര്യര്‍ വിമന്‍ കളക്ടീവ് വിട്ടതായി സംഘടനയോ മഞ്ജുവോ ഇതുവരെ പറഞ്ഞിട്ടുമില്ല. അതിനിടെ ഹേമാ കമ്മിറ്റിക്ക് മുന്നില്‍ മലയാള സിനിമയില്‍ പ്രശ്‌നങ്ങളില്ലെന്ന് ഒരു പ്രമുഖ നടി മൊഴി നല്‍കിയെന്നും അത് മഞ്ജു ആണെന്നുമുളള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
ഇത്തരം പ്രചാരണങ്ങളെ തള്ളിക്കൊണ്ട് ഡബ്ല്യൂസിസി തന്നെ രംഗത്ത് വന്നു. അതിജീവിതയ്‌ക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ ഇപ്പോഴത്തെയും സ്ഥാപകാംഗം എന്നാണ് മഞ്ജു വാര്യരുടെ പേര് പറയാതെ ഫേസ്ബുക്കില്‍ ഡബ്ല്യൂസിസി വിശദീകരിച്ചത്. തിരക്ക് കാരണമാണ് വനിതാ കൂട്ടായ്മയില്‍ മഞ്ജു വാര്യര്‍ക്ക് സജീവമാകാന്‍ സാധിക്കാത്തത് എങ്കില്‍ എങ്ങനെ അമ്മ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചു എന്നതാണ് ഉയരുന്ന ചോദ്യം.












Click it and Unblock the Notifications