അജിത് ചതിയനാണെന്ന് നിര്‍മ്മാതാവ് മാണിക്കം, മലേഷ്യയ്ക്ക് ടൂർ പോകാൻ പണം വാങ്ങി പറ്റിച്ചുവെന്ന് ആരോപണം
ചെന്നൈ: തമിഴ് സൂപ്പര്‍ താരം അജിത് കുമാറിനെതിരെ ആരോപണവുമായി സിനിമാ നിര്‍മ്മാതാവ് മാണിക്കം നാരായണന്‍. അജിത് തന്നെ ചതിച്ചു എന്നാണ് മാണിക്കം നാരായണന്‍ ആരോപിക്കുന്നത്. തന്റെ കയ്യില്‍ നിന്നും അജിത് പണം വാങ്ങിയിരുന്നുവെന്നും എന്നാല്‍ അതൊരിക്കലും തിരികെ തന്നില്ലെന്നുമാണ് നിര്‍മ്മാതാവ് ആരോപിക്കുന്നത്. അജിത് ചതിയനാണെന്നും മാണിക്കം കുറ്റപ്പെടുത്തി.
ഗൗതം വാസുദേവ് മേനോന്‍-കമല്‍ഹാസന്‍ കൂട്ടുകെട്ടിന്റെ ഹിറ്റ് ചിത്രമായ 'വേട്ടയാട് വിളയാട്' അടക്കമുളള സിനിമകളുടെ നിര്‍മ്മാതാവാണ് മാണിക്കം നാരായണന്‍. പണത്തിന് പകരമായി സിനിമയില്‍ അഭിനയിക്കാം എന്ന് പറഞ്ഞാണ് അജിത് കടം വാങ്ങിയത് എന്നും എല്ലാവരും കരുതുന്നത് പോലെ അജിത് ഒരു മാന്യന്‍ അല്ലെന്നും മാണിക്കം നാരായണന്‍ അഭിമുഖത്തില്‍ പറഞ്ഞു.

''വര്‍ഷങ്ങള്‍ക്ക് മുന്‍പ് അജിത് എന്റെ പക്കല്‍ നിന്നും പണം കടം വാങ്ങി. അദ്ദേഹത്തിന് തന്റെ മാതാപിതാക്കളെ മലേഷ്യയിലേക്ക് അവധി ആഘോഷിക്കാന്‍ വിടണമായിരുന്നു. അന്ന് അജിത് പറഞ്ഞത് എനിക്കൊപ്പം ഒരു സിനിമ ചെയ്യാമെന്നും ഈ പണം അപ്പോള്‍ തന്റെ പ്രതിഫലത്തുകയില്‍ കുറയ്ക്കാം എന്നുമായിരുന്നു. എന്നാല്‍ ഇന്നേ വരെ ആ പണം അജിത് തിരികെ തന്നിട്ടില്ല, മാത്രമല്ല എനിക്കൊപ്പം സിനിമയും ചെയ്തിട്ടില്ല'', മാണിക്കം നാരായണന്‍ ആരോപിച്ചു.
''ഇത്രയും വര്‍ഷങ്ങളായിട്ടും അതേക്കുറിച്ച് അജിത് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സ്വയം ഒരു മാന്യന്‍ എന്നാണ് അജിത് പറയുന്നത്. എന്നാല്‍ അങ്ങനെയല്ല. അജിത് നല്ല കുടുംബ പശ്ചാത്തലത്തില്‍ നിന്നുളളയാളാണ്. ഓരോ സിനിമയ്ക്കും 50 കോടിയും അതിന് മേലെയും പ്രതിഫലം വാങ്ങുന്നുണ്ട്. എന്നിട്ടും ആളുകളെ പറ്റിക്കേണ്ട ആവശ്യമെന്താണ് അജിത്തിന്'', മാണിക്കം ചോദിച്ചു.
മാണിക്കം നാരായണന്റെ ആരോപണം തമിഴ് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തും മികച്ച ഇമേജ് കാത്തുസൂക്ഷിക്കുന്ന താരമാണ് അജിത്. ഇത്തരമൊരു ആരോപണം താരത്തിന് എതിരെ ഉയരുന്നത് ആദ്യമായിട്ടാണ്. ഇതേക്കുറിച്ച് അജിത് പ്രതികരിച്ചിട്ടില്ല.
മാണിക്കം നാരായണന്‍ നേരത്തെ ജവാന്‍ സിനിമയ്ക്ക് എതിരെ രംഗത്ത് വന്നും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രമായ ജവാന്‍ കോപ്പിയടിച്ചതാണ് എന്നാണ് ആരോപണം. 2006ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ, തനിക്ക് കോപി റൈറ്റ്‌സ ഉളള പേരരസ് കോപ്പിയടിച്ചതാണ് ജവാന്‍ എന്ന് ആരോപിച്ച് മാണിക്കം പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications