ഹണി റോസിന്റെ 'റേച്ചല്‍' റിലീസ് തിയതി മാറ്റി... അണിയറപ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ
കൊച്ചി: ഹണി റോസ് - ബോബി ചെമ്മണ്ണൂര്‍ വിവാദത്തിനിടെ റേച്ചല്‍ സിനിമയുടെ റിലീസ് നീട്ടിയതായി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. ഹണി റോസ് കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയാണ് റേച്ചല്‍. നേരത്തെ ജനുവരി 10 നായിരുന്നു റേച്ചല്‍ റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചിരുന്നത്. ആനന്ദിനി ബാല സംവിധാനം ചെയ്ത റേച്ചലില്‍ ഇറച്ചിവെട്ടുകാരിയുടെ റോളിലാണ് ഹണി റോസ് എത്തുന്നത്.
ചിത്രത്തിന്റെ പോസ്റ്ററും ടീസറും നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. പിന്നാലെയാണ് റിലീസ് തിയതിയും പ്രഖ്യാപിച്ചത്. ഇതിനിടെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് ലൈംഗികാധിക്ഷേപ പരാതി നല്‍കുകയും ബോബി ജയിലിലാകുകയും ചെയ്തത്. ഹണി റോസിന്റെ പുതിയ സിനിമയുടെ മാര്‍ക്കറ്റിംഗിന് വേണ്ടിയാണ് തനിക്കെതിരെ പരാതി നല്‍കിയത് എന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു.

ഇതിനിടെയാണ് സിനിമയുടെ റിലീസ് നീട്ടിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ നിലവിലെ വിവാദങ്ങള്‍ കാരണമാണ് റിലീസ് തിയതി നീട്ടുന്നത് എന്ന ആരോപണങ്ങള്‍ സഹനിര്‍മാതാവ് എം ബാദുഷ തള്ളിക്കളഞ്ഞു. സിനിമയുടെ ടെക്‌നിക്കല്‍ ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല എന്നും സെന്‍സര്‍ ചെയ്യുകയോ അതിനായി അപേക്ഷിക്കുകയോ ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
റിലീസിന് 15 ദിവസം മുന്‍പെങ്കിലും സെന്‍സര്‍ ചെയ്യാന്‍ അപേക്ഷ സമര്‍പ്പിക്കണം എന്നാണ് നിയമം എന്നും ബാദുഷ കൂട്ടിച്ചേര്‍ത്തു. ഹണി റോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവരുടെ വ്യക്തിപരമായ കാര്യമാണ് എന്നും സിനിമയുടെ റിലീസിന് അതുമായി ബന്ധമില്ല എന്നും ബാദുഷ വ്യക്തമാക്കി. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷ എന്‍ എം, രാജന്‍ ചിറയില്‍, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് റേച്ചല്‍ നിര്‍മിക്കുന്നത്.
ഹണി റോസിനെ കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ തുടങ്ങിയവരും ഈ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനുമാണ് തിരക്കഥയൊരുക്കുന്നത്. അതേസമയം ഹണി റോസ് നല്‍കിയ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കാക്കനാട്ടെ ജയിലില്‍ തുടരുകയാണ്. ഇന്നലെ ഹൈക്കോടതിയില്‍ ബോബി ജാമ്യഹര്‍ജി നല്‍കിയിരുന്നെങ്കിലും അടിയന്തരമായി പരിഗണിക്കാന്‍ തയ്യാറായില്ല.
ബോബിയുടെ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ് ഹൈക്കോടതി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ചയാണ് ബോബിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഒരു ഉദ്ഘാടന പരിപാടിക്കിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ അധിക്ഷേപ പരാമര്‍ശവും പിന്നീട് നിരന്തരം അപമാനിച്ചതുമാണ് ഹണി റോസിന്റെ പരാതിക്കാധാരം.












Click it and Unblock the Notifications