ദുൽഖർ സൽമാന്റെ പ്രതിഫലം എത്രയാണ്?മറുപടി നൽകി താരം..കാറുകളെ കുറിച്ചുള്ള മറുപടി ഇങ്ങനെ
അടുത്തിടെ നടൻ കുഞ്ചാക്കോ ബോബന്റെ പ്രതിഫലം സംബന്ധിച്ച് വലിയ ചർച്ച ഉയർന്നിരുന്നു. പദ്മിനി എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ നടൻ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെയായിരുന്നു ഇത്. ചിത്രത്തിന്റെ നിർമ്മതാവായിരുന്നു താരത്തിന്റെ സിനിമയിലെ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 2.5 കോടിയാണ് കുഞ്ചാക്കോ പദ്മിനിക്ക് വേണ്ടി വാങ്ങിയതെന്നായിരുന്നു നിർമ്മാതാവ് സുമൻ വർക്കി പറഞ്ഞത്.
ഇതോടെ കുഞ്ചാക്കോ ബോബൻ രണ്ടര കോടി വാങ്ങുന്നുണ്ടെങ്കിൽ ദുൽഖർ അടക്കമുള്ള താരങ്ങൾ വാങ്ങുന്ന പ്രതിഫലം എത്രയായിരിക്കുമെന്നായിരുന്നു ഉയർന്ന ചർച്ച. ഇപ്പോഴിതാ തന്റെ പ്രതിഫലം എത്രയാണെന്ന ചോദ്യത്തിന് ദുൽഖർ തന്നെ മറുപടി നൽകുകയാണ്. ന്യൂസ് 18 ഷോഷ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ഗൂഗിളിൽ നടനെ കുറിച്ച് ആളുകൾ ഏറ്റവും കൂടുതൽ ചികഞ്ഞ അഞ്ച് കാര്യങ്ങളെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനിടയിലായിരുന്നു പ്രതിഫലത്തെ കുറിച്ചും ദുൽഖർ മറുപടി നൽകിയത്. ആദ്യ ചോദ്യം ദുൽഖർ എന്ന പേരിന്റെ അർത്ഥം എന്താണെന്നായിരുന്നു. പോരാളി എന്നാണെന്ന് ദുൽഖർ മറുപടി നൽകി. എത്രയാണ് നീളമെന്ന ചോദ്യത്തിന് താൻ ആറടിയിൽ കൂടുതൽ ഉണ്ടെന്നായിരുന്നു താരം പറഞ്ഞത്. 'ആറടിയല്ലെന്ന് അറിയാം, 179 ഓ മറ്റോ ആണ്', ദുൽഖർ പറഞ്ഞു.
ദുൽഖറിന് എത്ര കാറുകളുണ്ടെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് വളരെ കുറച്ച് എന്നാണ് ദുൽഖർ നൽകിയ മറുപടി. ദുൽഖറിന്റെ മുടി ലഭിക്കാൻ എന്ത് വേണമെന്ന ചോദ്യത്തിന് ചിരിയായിരുന്നു ഉത്തരം. അതിന് താൻ ജീനിന് നന്ദി പറയുന്നു, മുടി ഒരിക്കലും പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുൽഖർ പറഞ്ഞു.
ഇതിന് പിന്നാലെയാണ് ഒരു സിനിമയ്ക്ക് ദുൽഖർ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അവതാരക ചോദിച്ചത്. ആദ്യം അമ്പരപ്പ് പ്രകടിപ്പിച്ച ദുൽഖർ അത് സിനിമയെ ആശ്രയിച്ചായിരിക്കുമെന്നായിരുന്നു പ്രതികരിച്ചത്. 'ഞാൻ പണത്തിന് പുറകെ പോകുന്ന ആളല്ല. സിനിമയുടെ ബജറ്റിന് അനുസരിച്ച് വർക്ക് ചെയ്യുന്നതിലാണ് എനിക്ക് സന്തോഷം.അതുകൊണ്ട് തന്നെ എന്റെ പ്രതിഫലം ഒരിക്കലും ഒരു നിശ്ചിത തുക അല്ല', താരം വ്യക്തമാക്കി.
അതേസമയം ദുൽഖർ ഒരു സിനിമയ്ക്ക് 2 മുതൽ 3 കോടി വരെയാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. താരത്തിന് മാസവരുമാനം കുറഞ്ഞത് 40 ലക്ഷം വരെ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിസിനസ്സ്, ടിവി പരസ്യങ്ങൾ, ബ്രാൻഡ് പ്രമോഷനുകൾ എന്നിവയിലൂടെയും താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്. പ്രൊഡ്യൂസറും കൂടിയാണ് ദുൽഖർ.52 കോടിയാണ് ദുൽഖറിന്റെ ആസ്തി എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്.












Click it and Unblock the Notifications