സലീം കുമാറിന്റെ ആസ്തി എത്രയെന്ന് അറിയുമോ?; ഏറ്റവും കൂടുതൽ പേർ ചോദിച്ച ചോദ്യം, മറുപടിയുമായി താരം
കൊച്ചി: മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിരവധി കഥാപാത്രങ്ങൾ ആടിതകർത്ത താരമാണ് നടൻ സലീം കുമാർ. പിന്നീട് നിരവധി ക്യാരക്ടർ വേഷങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരെ സലീം കുമാർ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അച്ചനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. ആദാമിന്റെ മകൻ അബു എന്ന സിനിമയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി മുഖ്യധാര സിനിമകളുടെ ഭാഗമല്ല സലീം കുമാർ. എന്നിരുന്നാലും സലീം കുമാറിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താത്പര്യം ഏറെയാണ്. ഇപ്പോഴിതാ സലിം കുമാറിനെ കുറിച്ച് ആരാധകർ ഗൂഗിളിൽ കയറി തിരയുന്ന നിരവധി ചോദ്യങ്ങൾക്കുള്ള മറുപടി പറയുകയാണ് താരം. മൈൽ സ്റ്റോൺ മെയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

സലീം കുമാറിന്റെ വയസ് എത്രയാണെന്നായിരുന്നു ഗൂഗിളിൽ ആരാധകർ കൂടുതലായി തിരഞ്ഞ ഒരു ചോദ്യം. ഇതിന് 54 വയസ് എന്ന് അദ്ദേഹം മറുപടി നൽകി. അക്ഷയ് കുമാറിന്റെ ബന്ധുവാണോ സലീം കുമാർ എന്നായിരുന്നു അടുത്ത ചോദ്യം. ഇതിന് ഒരിക്കലും ഇല്ലെന്നും തനിക്ക് വളരെ ചുരുക്കം ഹിന്ദി സിനിമാ താരങ്ങളെ മാത്രമേ അറിയുള്ളൂവെന്നും ചിരിച്ച് കൊണ്ട് സലീം കുമാർ പറഞ്ഞു. അമിതാഭ് ബച്ചനെ ഏത് പാതിരാത്രിയിലും അറിയാം. ഷാരൂഖ് ഖാനെ അറിയാം. ഹിന്ദിയിലെ നടിമാരായ ഹേമമാലിനി, ഐശ്വര്യ റായി, ദീപിക പദുക്കോൺ എന്നിവരെയൊക്കെ അറിയാം. അമീർ ഖാനേയും സൽമാൻ ഖാനേയും അറിയാം. കരീന കപൂറിനേയും സെയ്ഫ് അലി ഖാനേയും അറിയാം.
സലീം കുമാർ വിവാഹിതനാണോയെന്നാണോയെന്നാണ് മറ്റൊരു ചോദ്യം. ഇല്ലെന്നാണ് തമാശ രൂപേണ സലീം കുമാർ നൽകിയ മറുപടി. സലീം കുമാറും ദിലീപും ഫ്രണ്ട്സ് ആണോ അതോ ശത്രുക്കളാണോയെന്നാന്ന ചോദ്യത്തിന് ലാബിൽ കൊടുത്ത് പരിശോധിക്കേണ്ട കാര്യമാണിതെന്നായിരുന്നു സലീം കുമാർ പറഞ്ഞത്. ദിലീപുമായി ശത്രുതയ്ക്ക് കാരണം വേണ്ടേയെന്നും സലീം കുമാർ ചോദിച്ചു.
സലീം കുമാറിന്റെ ആസ്തി എത്രയാണെന്ന ചോദ്യത്തിന്-എനിക്ക് ഒന്നുമില്ലെന്നാണ് താരം പ്രതികരിച്ചത്. സാമാന്യം ഭേദപ്പെട്ടൊരു വീടുണ്ട്. ഞാനൊരു കോടീശ്വരനല്ല, ഒരു കർഷകനാണ്. ആസ്തിയെന്നൊക്കെ സംസാരിക്കാൻ പോലുള്ള യോഗ്യത പോലും ഇല്ല',സലീം കുമാർ പറഞ്ഞു.












Click it and Unblock the Notifications