കുത്തേറ്റ് 5 ദിവസം കഴിഞ്ഞപ്പോഴേക്കും സെയ്ഫ് എങ്ങനെ നടന്നു? അഭിനയമാണോ എന്ന് സംശയിക്കുന്നവർക്ക് മറുപടി
മുംബൈ: കുത്തേറ്റ് ആശുപത്രിയില്‍ ആയിരുന്ന നടന്‍ സെയ്ഫ് അലി ഖാന്‍ ഡിസ്ചാര്‍ജ് ആയി നടന്ന് പുറത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്. നട്ടെല്ലിന് സമീപത്ത് കുത്തേറ്റ സെയ്ഫിന് എങ്ങനെയാണ് ഇത്ര പെട്ടെന്ന് നടക്കാന്‍ സാധിക്കുന്നത് എന്നതാണ് പലരും ഉയര്‍ത്തുന്ന സംശയം.
ഇത് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ ഏറ്റെടുത്തതോടെ വിവാദം പുതിയ തലത്തിലേക്കും എത്തിയിരിക്കുന്നു. സെയ്ഫിന് ശരിക്കും കുത്തേറ്റിട്ടുണ്ടോ അതോ വെറും അഭിനയമാണോ എന്നാണ് മന്ത്രി ചോദിച്ചത്. ഇതോടെ സെയ്ഫിനെ വിമര്‍ശിച്ചും പിന്തുണച്ചും സോഷ്യല്‍ മീഡിയ രണ്ടായി ചേരി തിരിഞ്ഞ് തര്‍ക്കത്തിലാണ്. ജനുവരി 16ന് പുലര്‍ച്ചെയാണ് സെയ്ഫ് ആക്രമിക്കപ്പെട്ടത്. ജനുവരി 21ന് താരം ആശുപത്രി വിട്ടു.

ബാന്ദ്രയിലെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന അക്രമി സെയ്ഫിനെ 6 തവണയാണ് കുത്തിയത്. കഴുത്തിലും കൈക്കും നട്ടെല്ലിന് സമീപത്തും കുത്തേറ്റ സെയ്ഫ് 6 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കടന്ന് പോയി. 21ാം തിയ്യതി സെയ്ഫ് ആശുപത്രി വിട്ടത് സ്വന്തമായി നടന്ന് വന്ന് വാഹനത്തില്‍ കയറിയാണ്. ഈ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്.
അതിനിടെ ഇത്ര വേഗത്തില്‍ സെയ്ഫ് എങ്ങനെ സുഖം പ്രാപിച്ചു എന്ന സംശയത്തിന് ഉത്തരം നല്‍കി രംഗത്ത് വന്നിരിക്കുകയാണ് ബെംഗളൂരുവിലുളള കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. ദീപക് കൃഷ്ണമൂര്‍ത്തി. സെയ്ഫ് അലിഖാന്‍ ശരിക്കും നട്ടെല്ലിന് സര്‍ജറി കഴിഞ്ഞതാണോ എന്ന് ഡോക്ടര്‍മാര്‍ അടക്കം ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു എന്നത് തമാശയാണ്, ദീപക് കൃഷ്ണമൂര്‍ത്തി എക്‌സില്‍ കുറിച്ചു.
നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞ ശേഷം നടക്കുന്ന തന്റെ അമ്മയുടെ വീഡിയോയും ഡോക്ടര്‍ പങ്കുവെച്ചിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ 78കാരിയായ അമ്മയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും ഡോക്ടര്‍ ദീപക് പറയുന്നു. പ്രായം കുറവുളളവര്‍ക്ക് ഇതിലും വേഗത്തില്‍ സുഖമാകുമെന്നും ഡോക്ടര്‍ കുറിച്ചു.
സെയ്ഫിനുണ്ടായിരുന്നത് സെറിബ്രോ സ്‌പൈനല്‍ ഫളൂയിഡ് ലീക്കും ദുര മാറ്റേറില്‍ കീറലും ആയിരുന്നു. ഇത് ശസ്ത്രക്രിയ വഴി ശരിയാക്കി. ഇന്നത്തെ കാലത്ത് ബൈപാസ് സര്‍ജറി കഴിഞ്ഞ ആളുകള്‍ വരെ മൂന്നോ നാലോ ദിസവങ്ങള്‍ കൊണ്ട് നടക്കുകയും പടിക്കെട്ടുകള്‍ കയറുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ വന്ന് നിങ്ങളുടെ വിവരക്കേട് പരസ്യമാക്കുന്നതിന് മുന്‍പ് ഇതേക്കുറിച്ചൊക്കെ ഒന്ന് പഠിക്കൂ എന്നും ഡോ. ദീപക് കൃഷ്ണമൂര്‍ത്തി എക്‌സില്‍ കുറിച്ചു.












Click it and Unblock the Notifications