ബിഗ് ബിയുടെ മകന്‍ വരെ വളരെ താഴെ...; സ്റ്റാര്‍ കിഡ്‌സില്‍ ഹൃത്വിക്കിനെ വെല്ലാന്‍ ആരുമില്ല; ഇത്രയും സ്വത്തുക്കളോ
ബോളിവുഡില്‍ നെപോ കിഡ്‌സ് പാരമ്പര്യം അത്ര പുതുമയുള്ളതല്ല. എല്ലാ കാലത്തും മാതാപിതാക്കളുടേയും മുന്‍തലമുറയുടേയോ ചുവടുപിടിച്ച് ബോളിവുഡില്‍ എത്തി കാലുറപ്പിച്ചവരുണ്ട്. സ്റ്റാര്‍ കിഡ്‌സ് എന്നാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. ബോളിവുഡില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ എല്ലാ ഭാഷകളിലും ഈയൊരു രീതി ആദ്യ കാലം തൊട്ടെ ഉള്ളതാണ്. എങ്കിലും ചുരുക്കം ചിലര്‍ക്കെ ഈ മേഖലയില്‍ വിജയകരമായ കരിയര്‍ സ്ഥാപിക്കാന്‍ സാധിക്കാറുള്ളൂ.
അങ്ങനെ നോക്കുമ്പോള്‍ കലാപരമായും സാമ്പത്തികമായും വലിയ വിജയം കൈവരിച്ച ഒരൊറ്റ താരമേ ഇന്ന് ബോളിവുഡില്‍ ഉള്ളൂ. അതെ പറഞ്ഞ് വരുന്നത് ഹൃത്വിക് റോഷനെ കുറിച്ചാണ്. രാകേഷ് റോഷന്റെ മകന്‍ ഹൃത്വിക് റോഷനാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ 'സ്റ്റാര്‍ കിഡ്'. ഇന്ത്യന്‍ സിനിമയുടെ ഐക്കണായ അമിതാഭ് ബച്ചന്റെ മകന്‍ അഭിഷേകിനേക്കാള്‍ ഏഴിരട്ടി ആസ്തിയാണ് ഹൃത്വിക് റോഷനുള്ളത്.

370 മില്യണ്‍ ഡോളറില്‍ അധികമാണ് ഹൃത്വിക് റോഷന്റെ ആസ്തി എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത് ഏകദേശം 3100 കോടി രൂപ വരും. അഭിഷേക് ബച്ചന്റെ ആസ്തി വെറും 400 കോടി രൂപ മാത്രമാണ്. മറ്റ് സ്റ്റാര്‍ കിഡ്‌സായ സെയ്ഫ് അലി ഖാന്‍ (1200 കോടി രൂപ), ആലിയ ഭട്ട് (550 കോടി രൂപ) തുടങ്ങിയവരേക്കാള്‍ ഏറെ മുന്നിലാണ് ഹൃത്വിക് റോഷന്‍. രാം ചരണ്‍ (1340 കോടി), ജൂനിയര്‍ എന്‍ടിആര്‍ (500 കോടി), പ്രഭാസ് (300 കോടി രൂപ) എന്നിവരും താരത്തിന്റെ പിന്നിലാണ്.
എന്തിനേറെ പറയുന്നു ഖാന്‍ ത്രയങ്ങളിലെ സല്‍മാന്‍ ഖാന്‍ (2900 കോടി രൂപ), ആമിര്‍ ഖാന്‍ (1800 കോടി രൂപ) എന്നിവരും ഇന്ത്യയുടെ ഡാന്‍സിംഗ് സൂപ്പര്‍സ്റ്റാറിന്റെ പിന്നിലാണ്. ഫൈറ്റര്‍ ആണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 1980 ല്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ താരം ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ്.
85 കോടി രൂപ വരെയാണ് ഒരു സിനിമയില്‍ നിന്ന് ഹൃത്വിക്കിന് ലഭിക്കുന്ന പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഹൃത്വിക്കിന്റെ സമ്പത്ത് പ്രധാനമായും അദ്ദേഹത്തിന്റെ സിനിമാ വരുമാനത്തേക്കാള്‍ ബിസിനസ് നിക്ഷേപത്തില്‍ നിന്നാണ് വരുന്നത്. താരത്തിന്റെ ആസ്തിയുടെ ഭൂരിഭാഗവും അദ്ദേഹത്തിന്റെ സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡായ എച്ച്ആര്‍എക്സുമായി ബന്ധപ്പെട്ടിരിക്കുന്നു.
1000 കോടി രൂപ മൂല്യമുള്ള ഈ ബ്രാന്‍ഡ് ഒരു ഇന്ത്യന്‍ നടന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വിജയകരമായ ബിസിനസ്സുകളില്‍ ഒന്നാണ്. ഇത് കൂടാതെ മറ്റ് പല ബിസിനസുകളിലും ഹൃത്വിക് റോഷന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ പിതാവിന്റെ നിര്‍മ്മാണ കമ്പനിയില്‍ ഒരു ഓഹരിയും താരത്തിന് ഉണ്ട്.












Click it and Unblock the Notifications