'ഞങ്ങളുടെ കഷ്ടപ്പാടുകൾ അംഗീകരിക്കപ്പെട്ടു, പുരസ്കാര നേട്ടത്തിൽ ഏറെ സന്തോഷം'; കെആർ ഗോകുൽ
കോഴിക്കോട്: ആടുജീവിതത്തിൽ പൃഥ്വിരാജിന്റെ നജീബിനൊപ്പം ഏറെ ചർച്ചചെയ്യപ്പെട്ടതായിരുന്നു ചിത്രത്തിലെ ഹക്കീം എന്ന കഥാപാത്രം. കോഴിക്കോട് സ്വദേശിയായ കെആർ ഗോകുലായിരുന്നു ഹക്കീമായി സിനിമയിൽ പകർന്നാടിയത്. ഹക്കീമാകാൻ ഗോകുൽ എടുത്ത പ്രയത്നവും തുടക്കക്കാരൻ എന്ന നിലയിലുള്ള താരത്തിന്റെ പ്രകടനവുമെല്ലാം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മികച്ച പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പരാമർശവും ഗോകുലിനെ തേടിയെത്തിയിരിക്കുകയാണ്. പുരസ്കാര നേട്ടത്തിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് ഗോകുൽ വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
എന്റെ പുരസ്കാര നേട്ടം മാത്രമല്ല, ആടുജീവിതത്തിന് ലഭിച്ച എല്ലാ പുരസ്കാരങ്ങളും വളരെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. ജനങ്ങളും ജൂറിയും കഷ്ടപ്പാടുകൾ തിരിച്ചുവറിഞ്ഞുവെന്നതിൽ അഭിമാനമുണ്ട്, ഞങ്ങളുടെ കഷ്ടപ്പാടിനുള്ള അംഗീകാരം കൂടിയാണിത്. ഹക്കിം എന്ന കഥാപാത്രത്തിന് വേണ്ടിയുള്ള കഠിനാധ്വാനം സിനിമ ആവശ്യപ്പെടുന്നതാണ്. കഷ്ടപ്പെടാൻ തയ്യാറാകുന്ന ആളാണ് ഞാൻ. കഥാപാത്രങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിൽ സന്തോഷമേയുള്ളൂ. ആളുകൾ ഓർമ്മിക്കുന്ന മികച്ച കഥാപാത്രങ്ങൾ ഇനിയും ചെയ്യാൻ സാധിക്കണമെന്നാണ് ആഗ്രഹം', ഗോകുൽ പറഞ്ഞു.

മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജ് അർഹിക്കുന്നുണ്ടെന്നും ഗോകുൽ പറഞ്ഞു. 'അദ്ദേഹത്തിന്റെ കഷ്ടപ്പാടും കഠിനാധ്വാനവും ആത്മസമർപ്പണവുമൊക്കെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ജീവൻ വരെ അപകടത്തിലാക്കിയാണ് അദ്ദേഹം ആടുജീവിത്തതിലെ നജീബായത്. അദ്ദേഹം കടന്ന് പോയ പല കാര്യങ്ങളും ഞാനും അനുഭവിച്ചതാണ്. അദ്ദേഹവും ബ്ലസി സാറുമെല്ലാം സഹായിച്ചതിനാലാണ് ഇപ്പോൾ ഈ ജൂറി പരാമർശം നേടാൻ എനിക്ക് സാധിച്ചത്', ഗോകുൽ പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാർഡിൽ 8 പുരസ്കാരങ്ങളാണ് ആടുജീവിതത്തിന് ലഭിച്ചത്.
മികച്ച നടൻ- പൃഥ്വിരാജ്,മികച്ച സംവിധായകൻ- ബ്ലെസി, മികച്ച നടനുള്ള ജൂറി പരാമര്‍ശം- കെ ആർ ഗോകുല്‍, മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ്, മികച്ച അവലംബിത തിരക്കഥ- ബ്ലെസി, മികച്ച ശബ്‍ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ , മേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്‍ജിത്ത് അമ്പാടി , മികച്ച ജനപ്രിയ ചിത്രം എന്നിങ്ങനെയാണ് സിനിമയ്ക്ക് ലഭിച്ച പുരസ്കാരങ്ങൾ.
അതേസമയം പുരസ്കാര നേട്ടം ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് പൃഥ്വിരാജും പ്രതികരിച്ചു. ഈ സിനിമ കടന്നുപോയ പ്രതിസന്ധികള്‍ ഓര്‍ക്കുമ്പോള്‍ ഈ അവാര്‍ഡ് ആടുജീവിതം എന്ന ടീമിനുള്ള അവാര്‍ഡായി കാണാനാണ് തനിക്ക് ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞു.
പലരും അസാധ്യമെന്ന് പറഞ്ഞ സ്വപ്നമാണ്. 16 വര്‍ഷത്തോളം അതിന് പിന്നില്‍ നിന്ന് സാധ്യമാക്കി എടുത്തു എന്നതിനാലാണ് സന്തോഷം. ബ്ലെസിയുടെ നിശ്ചയദാര്‍ഢ്യമാണ് ഈ സിനിമ സാക്ഷാത്കരിക്കാന്‍ കാരണം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇത്രയും വര്‍ഷങ്ങള്‍ മാറ്റിവച്ചില്ലായിരുന്നെങ്കില്‍ ആടുജീവിതം പോലൊരു സിനിമ സംഭവിക്കില്ലായിരുന്നുവെന്നും പൃഥ്വി പറഞ്ഞു.












Click it and Unblock the Notifications