ഇന്നും അഭിമാനമാണ് എനിക്ക് ആ പരസ്യം; ഇവിടെയുള്ള പലര്‍ക്കും മനസിലാകാത്ത കാര്യങ്ങളുണ്ടതില്‍
താരസംഘടനയായ അമ്മയുടെ ആദ്യത്തെ വനിതാ പ്രസിഡന്റായി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍. പതിറ്റാണ്ടുകളായുള്ള ഹിന്ദി, മലയാളം ചലച്ചിത്ര മേഖലയിലെ അനുഭവ പരിചയം തന്നെയാണ് ശ്വേതയ്ക്ക് തിരഞ്ഞെടുപ്പില്‍ ഗുണകരമായത്. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ പിന്തുണയും ലഭിച്ചിരുന്നു.
അടുത്തിടെ അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിനിടെ ശ്വേതക്കെതിരെ ഉയര്‍ന്ന ഒരു പരാതിയാണ് എല്ലാവരുടെയും ശ്രദ്ധ നേടിയത്. അശ്ലീല ചിത്രങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും പണം സമ്പാദിച്ചുവെന്ന പരാതിയാണ് ശ്വേതക്കെതിരെ ഉയര്‍ന്നത്. കാമസൂത്ര, കളിമണ്ണ് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതോടെ കേസിനു വലിയ വാര്‍ത്താ പ്രാധാന്യം കൈവന്നു. എന്നാല്‍ കേസിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞിരുന്നു.

ഈ വിഷയത്തില്‍ ശ്വേതയ്ക്ക് സമൂഹത്തില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നു. പരാതിക്കാരനെതിരേ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു. ഒരു അമ്മ എന്ന നിലയില്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെയാണ് താന്‍ ആ സമയം കടന്നുപോയതെന്ന് ശ്വേത വെളിപ്പെടുത്തിയിരുന്നു.
ശ്വേതക്കെതിരെയുള്ള പരാതിയില്‍ കാമസൂത്ര എന്ന കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച കാര്യവും പരാമര്‍ശിച്ചിരുന്നു. തൊണ്ണൂറുകളില്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട പരസ്യമാണിത്. ഇതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ എക്കാലവും ശ്വേത കേട്ടിട്ടുണ്ട്. ഇപ്പോള്‍ ന്യൂസ് 18-നു നല്‍കിയ അഭിമുഖത്തില്‍ ഈ പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് ശ്വേത.
ശ്വേതയുടെ വാക്കുകള്‍: കാമസൂത്ര പരസ്യത്തിന്റെ ഏറ്റവും ആദ്യത്തെ മോഡലായിരുന്നു അനു അഗര്‍വാള്‍. ഞാനായിരുന്നു രണ്ടാമത്തെ മോഡല്‍. ഒരു മോഡലിന്റെ കരാര്‍ രണ്ടു വര്‍ഷമായിരുന്നു. അഡ്വര്‍ടൈസ്‌മെന്റിന്റെ ബൈബിള്‍ എന്നറിയപ്പെടുന്നതാണ് ബ്ലാക്ക് ബുക്ക്. കാമസൂത്ര പരസ്യം ബ്ലാക്ക് ബുക്കില്‍ ഇടം നേടിയിരുന്നു. അതൊരു വലിയ അംഗീകാരമായിരുന്നു. അത് ഇവിടെ ആര്‍ക്കും മനസിലാകില്ല.
അത് വളരെ ക്ലാസിക് ആയും സര്‍ഗാത്മകമായും ചെയ്ത പരസ്യമാണ്. അല്ലാതെ ഇവര് വിചാരിക്കുന്നത് പോലെയല്ല. ഇന്ത്യയിലെ ഏറ്റവും വലിയ മേക്കപ്പ് ആര്‍ട്ടിസ്റ്റും കോസ്റ്റും ഡിസൈനറും ഫോട്ടോഗ്രാഫറും ഒക്കെയാണ് അതില്‍ പങ്കാളികളായത്. ഫുള്‍ ബോഡി മേക്കപ്പ് ഒക്കെ ഇട്ട് വലിയ അധ്വാനവും സമയവും ആ പരസ്യം ചെയ്യാന്‍ വേണ്ടി വന്നിരുന്നു. ഞാന്‍ മാത്രമാണ് ആ പരസ്യത്തില്‍ ആവര്‍ത്തിച്ചുവന്നത്. മോഡല്‍ എന്ന നിലയില്‍ ഇന്നും അഭിമാനമാണ് എനിക്ക് ആ പരസ്യം.
അക്കാലത്ത് മിസ് ഇന്ത്യാ മല്‍സരത്തില്‍ റണ്ണറപ്പായി. ഗ്ലാഡ്‌റാഗ്‌സ് ഫീമെയില്‍ സൂപ്പര്‍ മോഡല്‍ പുരസ്‌കാരവും തനിക്കായിരുന്നു. എന്നാല്‍ ഇത്തരം നല്ല കാര്യങ്ങള്‍ ഒന്നും ആരും പറയില്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications