'പിണറായി ഭരിക്കാൻ തുടങ്ങിയതിൽ പിന്നെ പടം കിട്ടിയിട്ടില്ലെന്ന് പറയാം, തെളിവില്ല', തുറന്നടിച്ച് നടൻ സന്തോഷ്
മലയാള സിനിമയിലെ വിവിധ വിഷയങ്ങളിൽ നിലപാട് തുറന്ന് പറഞ്ഞ് നടൻ സന്തോഷ് കെ നായർ. അമ്മയിൽ ഏറെക്കാലമായി അംഗമാണെങ്കിലും നേതൃസ്ഥാനത്തേക്ക് വന്നിട്ടില്ല. തിലകൻ വിഷയത്തിൽ ആർക്കൊപ്പം ആയിരുന്നുവെന്നും സന്തോഷ് പറയുന്നു. അവസരം കിട്ടാത്തതിന് പല കാരണങ്ങളും ഉണ്ടാകാമെന്നും അതിന് തെളിവില്ലെന്നും സന്തോഷ് പറയുന്നു. കാൻ ചാനൽ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
സന്തോഷിന്റെ വാക്കുകൾ: ''മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ എന്നൊന്നും പറയാന്‍ പറ്റില്ല. നമ്മള്‍ ഓടി നടന്ന് അവര്‍ക്കൊക്കെ വേണ്ടി പടം ചെയ്ത്, അത് സൂപ്പര്‍ഹിറ്റ് ആകുമ്പോള്‍ അടുത്ത പടത്തിലും നമ്മള്‍ സ്വാഭാവികമായും ഒരു വേഷം പ്രതീക്ഷിക്കും. പണ്ട് മുതലേ അങ്ങനെയാണ്. പക്ഷേ അടുത്ത പടത്തില്‍ നമ്മളുണ്ടാകില്ല. പിന്നെപ്പിന്നെയാണ് അത് മനസ്സിലാകുന്നത്.
ചിലര്‍ തന്നോട് പറഞ്ഞിട്ടുണ്ട്, ഒരുപാട് ആത്മാര്‍ത്ഥത പാടില്ല സിനിമയിലെന്ന്. തെണ്ടിത്തരം കാണിക്കുകയാണെങ്കില്‍ കൂടി താന്‍ ആത്മാര്‍ത്ഥതയോടെയേ കാണിക്കാറുളളൂ. അങ്ങനെയേ ശീലമുളളൂ. ആരെന്ത് ചെയ്താലും താന്‍ മുകളിലാണ് എന്നൊരു തോന്നലുണ്ട്. ചിലരത് അഹങ്കാരമാണെന്ന് പറയും. അത് താന്‍ തന്റെ കിരീടത്തിലെ മറ്റൊരു തൂവലാണെന്ന് കരുതുന്നു.

അമ്മ സംഘടന ആരംഭിച്ചത് മുതല്‍ അംഗമായിട്ടുണ്ട്. സംഘടനയുടെ നേതൃസ്ഥാനത്തേക്ക് വരാത്തതിന് കാരണം, ഒരു സ്ഥാനവും തനിക്ക് വേണമെന്ന് ഇന്ന് വരെ താന്‍ പറഞ്ഞിട്ടില്ല. താല്‍പര്യമുണ്ടായിരുന്നില്ല. വന്നാല്‍ ചില കാര്യങ്ങള്‍ പറഞ്ഞാല്‍ ചെയ്യണം. താന്‍ പറയുന്നതിനേക്കാള്‍ പറഞ്ഞാല്‍ ആളുകള്‍ കേള്‍ക്കുന്ന അഭിനേതാക്കള്‍ അവിടെ ഒരുപാട് പേരുണ്ട്. അതിന്റെയിടയില്‍ താന്‍ ചെന്ന് നില്‍ക്കാന്‍ പാടില്ല.
തന്നെക്കാള്‍ പൈസ ആവശ്യമുളള ഒരുപാട് പേര്‍ ഇവിടെ ഉണ്ട്. സുഖമില്ലാതെ വലയുന്നവരുണ്ട്. അപ്പോള്‍ ഞാന്‍ എന്റെ ഒരു കസേര നോക്കിയിട്ട് കാര്യമില്ല. അങ്ങനെയുളള അധികാരത്തോടൊന്നും താല്‍പര്യമില്ല. അല്ലെങ്കില്‍ പിന്നെ അത്തരത്തിലുളള അധികാരം ആവണം. അല്ലെങ്കില്‍ വേണ്ട. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ സ്‌റ്റേജുകളില്‍ പോയി പ്രസംഗിച്ചിട്ടുളള സിനിമാക്കാരന്‍ താനായിരിക്കും. രാവും പകലും ഓടി നടന്ന് റിലേ അടിച്ച് പോയിട്ടുണ്ട്. നോ പറയാറില്ല. പറ്റുന്ന സ്ഥലം ആണെങ്കില്‍ പോകും.
തിലകനുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ ആര്‍ക്കൊപ്പവും നിന്നിട്ടില്ല. അവരുടെ സ്‌പെഷ്യല്‍ മീറ്റിംഗിനൊന്നും പോയിട്ടില്ല. പറഞ്ഞത് തെറ്റാണോ ശരിയാണോ എന്ന് ഇന്നസെന്റിനോട് ചോദിച്ചു. അത് തെറ്റല്ലേ എന്ന് ഇന്നസെന്റ് പറഞ്ഞു. നീ തിലകന്റെ കൂടെയാണോ എന്നും തന്നോട് ചോദിച്ചു. തിലകന്റെ കൂടെയാണെന്ന് ഞാന്‍ പറഞ്ഞോ എന്ന് താന്‍ തിരിച്ച് ചോദിച്ചു. നീ പറയില്ല, കാരണം നീ നല്ല തന്തയ്ക്ക് പിറന്നതാണ് എന്ന് ഇന്നസെന്റും പറഞ്ഞു.
ഒരുപാട് പേരുടെ മനസ്സില്‍ പല കാര്യങ്ങളിലും അമര്‍ഷമുണ്ടാവും. പക്ഷേ അത് പറയേണ്ട സ്ഥലങ്ങളുണ്ട്. പുറത്ത് നിന്ന് വിളിച്ച് പറയുമ്പോള്‍ അതിന് വ്യത്യാസമുണ്ട്. എന്റെ വീട്ടില്‍ അഭിപ്രായ വ്യത്യാസമുണ്ട് എന്നത് കൊണ്ട് ചാനലില്‍ പോയി ഇരുന്ന് പറഞ്ഞ് വീട്ടുകാരെ നാറ്റിച്ചത് കൊണ്ട് കാര്യമുണ്ടോ. അത് വീട്ടില്‍ തന്നെ പരിഹരിക്കാന്‍ നോക്കണം. തിലകന്‍ ചേട്ടന്‍ അതങ്ങനെ തീര്‍ക്കണമായിരുന്നു. പുള്ളിയെ താഴ്ത്തിക്കെട്ടി എന്നൊക്കെ അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും.
അങ്ങനെയെങ്കില്‍ തനിക്കും പറയാമല്ലോ, കുറി ഇട്ടത് കൊണ്ട് പടം വന്നില്ല, 2016ല്‍ പിണറായി വിജയന്‍ ഭരിക്കാന്‍ കയറിയതില്‍ പിന്നെ പടം വന്നിട്ടില്ല എന്ന് പറയാമല്ലോ. ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങിയത് കൊണ്ട് പടം വന്നില്ല എന്നും വേണമെങ്കില്‍ പറയാം. അതുകൊണ്ടാവാം എന്ന് പറയാന്‍ പറ്റില്ല. മയക്കുമരുന്ന് മാഫിയയുടെ കയ്യിലാണ് സിനിമ എന്ന് പറയുന്നു. ജാതിയും മതവും നോക്കിയാണ് സിനിമ എന്ന് പറയുന്നു. പണ്ട് മുതല്‍ എങ്ങനെയാണ് ചെയ്തുവരുന്നത്. ജാതിയും മതവും നോക്കിയാണോ.
നസീര്‍ സാറും മധുസാറും തമ്മിലുളള ബന്ധം എങ്ങനെയായിരുന്നു. ലാലേട്ടനും മമ്മൂക്കയും തമ്മിലുളള ബന്ധം നോക്കിയാല്‍ പോരേ. ജാതിയും മതവും നോക്കി എങ്ങനെയാണ് സിനിമ കൊണ്ട് പോകാനാവുക. അങ്ങനെയൊക്കെ പറയുന്നവര്‍ അതിന് തെളിവ് കൊണ്ട് വരണം. അതിന് തെളിവുണ്ടെങ്കില്‍ താന്‍ തന്നെ പറയും. അതിന് ഒരു ജാതിയേയും മതത്തിനേയും പേടിയില്ല. അത്യാവശ്യം ജോതിഷത്തില്‍ വിശ്വസിക്കുന്ന ആളാണ്. ഇപ്പോള്‍ രാഹുദശയാണ്. അതുകൊണ്ട് കുറച്ച് അനുഭവിക്കണം''.












Click it and Unblock the Notifications