'അതിന് ശേഷം രണ്ട് മക്കളോടും ഒന്നും ചോദിക്കാറില്ല, പുറത്തുളളവര്‍ എന്ത് വേണമെങ്കിലും പറയട്ടെ': മല്ലിക സുകുമാരൻ
സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന എമ്പുരാനെ കുറിച്ചുളള പ്രതീക്ഷകൾ പങ്കുവെച്ച് മല്ലിക സുകുമാരൻ. സംവിധായകൻ എന്ന നിലയ്ക്ക് പൃഥ്വിരാജ് വളരെയധികം എമ്പുരാന് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. തിരക്കിലുളള പൃഥ്വിയെ വിളിക്കാൻ പേടിയാണെന്നും എമ്പുരാനിലെ സസ്പെൻസുകളെ കുറിച്ച് രണ്ട് മക്കളും തന്നോട് ഒന്നും പറയാറില്ലെന്നും കൌമുദി മൂവീസിനോട് മല്ലിക സുകുമാരൻ പറഞ്ഞു.
മല്ലിക സുകുമാരന്റെ വാക്കുകൾ: '' മോഹന്‍ലാല്‍ അടക്കമുളളവര്‍ മകനെ കുറിച്ച് പറയുന്നത് കേള്‍ക്കുന്നത് വലിയ സന്തോഷമാണ്. പൃഥ്വി ഒരു പടം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചാല്‍ വളരെ ഹോം വര്‍ക്ക് ചെയ്യും. ആ സമയത്ത് ഫോണില്‍ വിളിക്കാന്‍ പോലും പേടിയാണ്. എന്താ അമ്മേ എന്ന് പെട്ടെന്ന് പെട്ടെന്ന് ചോദിക്കുന്ന കേള്‍ക്കുമ്പോള്‍ തന്നെ അറിയാം എന്തോ കാര്യമായ തിരക്കിലാണ്, ടെന്‍ഷനിലാണ് എന്ന്. അപ്പോള്‍ താന്‍ കാര്യം പെട്ടെന്ന് പറഞ്ഞ് ഫോണ്‍ വെക്കും.

എല്ലാവരും നല്ലത് പറയുന്നു. മമ്മൂക്കയും അത് പോലെയാണ് മകനെ കുറിച്ച് പറയുന്നത് എപ്പോഴും. മമ്മൂക്കയുടെ കൂടെ ഒരു പടം വരുന്നുണ്ട് എന്ന് അവന്‍ കൂടെക്കൂടെ പറയുന്നുണ്ട്. അത് മമ്മൂക്കയ്ക്ക് ഇഷ്ടമുളള സബ്ജക്ട് കൂടിയാണ്. ശരിയായി വരട്ടെ അമ്മേ എന്നൊക്കെ പറയും. മലയാള സിനിമാ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെടേണ്ട രണ്ട് പേരാണ് മമ്മൂട്ടിയും മോഹന്‍ലാലും. രണ്ട് പേരെയും വെച്ച് മകന്‍ പടം സംവിധാനം ചെയ്തു എന്ന് കേള്‍ക്കുമ്പോള്‍ തനിക്കും അഭിമാനവും സന്തോഷവും ആണ്.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി പൃഥ്വിക്ക് വ്യക്തിപരമായി പ്രശ്‌നങ്ങളൊന്നും ഇല്ല. പിന്നെ സംഘടന ആകുമ്പോള്‍ ചെറിയ ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടാകും. അല്ലാതെ സിനിമാക്കാര്‍ക്കിടയില്‍ ഘോരമായ വഴക്കുകളൊന്നും ഇല്ല. അമ്മ സംഘടനയെ കുറിച്ച് എല്ലാവരും ചോദിക്കും, മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ എപ്പോഴും അവിടെ വരുമോ എന്ന്. എന്ത് മണ്ടത്തരമാണ് പറയുന്നത്. അവരുടെ പേര് വരുന്നതാണ് ആ സംഘടനയ്ക്ക് ബലം. നമ്മള് വല്ലതും പോയി പറഞ്ഞാല്‍ ലാലേട്ടന് വല്ലതും തോന്നുമോ, മമ്മൂക്കയ്ക്ക് വല്ലതും തോന്നുമോ, അങ്ങനെ ചിന്തിക്കണം. അത്തരത്തിലുളള വ്യക്തികള്‍ തലപ്പത്ത് വേണം.
എമ്പുരാനെ കുറിച്ച് ലോകമെമ്പാടും ഉളള പ്രേക്ഷകര്‍ വിളിച്ച് ചോദിക്കുന്നുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിവും ഒരു കണക്കും നോക്കാതെ പൈസ ഏര്‍പ്പാട് ചെയ്ത് കൊടുക്കുന്ന ആന്റണിയും രാപ്പകല്‍ ഉറക്കം പോലും നോക്കാതെ സഹകരിക്കുന്ന നായകനും ഉളള കോമ്പിനേഷന്‍ ഉളളപ്പോള്‍ ആ പടത്തിന് ഒരു പോരായ്മയും വരാന്‍ വഴിയില്ല. നല്ല പടമായിരിക്കും. മകനെ കുറിച്ച് രജനീകാന്ത് നല്ല വാക്കുകള്‍ പറഞ്ഞതിലും സന്തോഷം.
ഇങ്ങനെയുളള കാര്യങ്ങള്‍ മനസ്സിന് സന്തോഷമാണ്. ഭഗവാന്‍ സുകുവേട്ടനെ കൊണ്ട് പോയതാണ് തനിക്ക് തലയ്ക്ക് കിട്ടിയ അടി. അതിന് ശേഷം എന്റെ കുഞ്ഞുങ്ങള്‍ എന്നെ അതുപോലെ നോക്കുന്നുണ്ട്. കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ട്. പുറത്തുളളവര്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. ഞാനത് റീല്‍ എടുത്ത് കാണിക്കേണ്ട കാര്യമൊന്നും ഇല്ല. അത് അതിന്റെ വഴിക്ക് പോകും.
എമ്പുരാന്‍ എല്ലാവരും കാണണം. രജനി സര്‍ കാണും എന്നറിയാം. കണ്ടിട്ട് രാജു ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് എന്ത് മാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. തിരുവനന്തപുരത്തേക്ക് വരുന്ന വഴിക്ക് പ്രാര്‍ത്ഥിച്ചു എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട പടമായി മാറട്ടെ എന്ന്. യുകെ, അമേരിക്ക, ഗള്‍ഫ് എല്ലാടത്ത് നിന്നും തനിക്ക് മെസ്സേജ് വരും. എമ്പുരാന്‍ എല്ലാവരും കാണണം എന്നുളളത് തന്റെ വിനീതമായ അഭ്യര്‍ത്ഥനയാണ്. പ്രധാന നടന്‍ മുതല്‍ എല്ലാവരും ഒപ്പം നിന്നു. ഒപ്പം രാജു അനുഭവിച്ച് കഷ്ടപ്പാടും ഉണ്ട്.
തന്റെ വീട്ടില്‍ നിന്ന് മറ്റൊരാള്‍ കൂടി എമ്പുരാനില്‍ ഉണ്ട്. ഗോവര്‍ധനായി ഇന്ദ്രജിത്. ഇത്തവണ ഗോവര്‍ധന്‍ എന്തെങ്കിലും കണ്ട് പിടിക്കുന്നുണ്ടോ എന്ന് ഇന്ദ്രനോട് ചോദിച്ചു. ഒന്നും ചോദിക്കരുത്, എല്ലാം സസ്‌പെന്‍സ് ആണ് എന്നാണ് അവന്‍ പറഞ്ഞത്. അതിന് ശേഷം രണ്ട് മക്കളോടും ഒന്നും ചോദിക്കാറില്ല. ജനറലായി എന്തെങ്കിലും പറയുന്നതേ ഉളളൂ. കഴിഞ്ഞ തവണ സ്റ്റീഫന്‍ നെടുമ്പള്ളിയെ കണ്ടെങ്കില്‍ അമ്മയ്ക്ക് ഇത്തവണ അബ്രഹാം ഖുറൈഷിയെ കാണാം എന്നൊക്കെ പറയും.
അതല്ലാതെ ഒരുത്തനും ഒന്നും പറയുന്നില്ല. ഭയങ്കര സസ്‌പെന്‍സ് ആണ്. ഞാന്‍ പറഞ്ഞു, ദൈവമേ മക്കള്‍ പോലും ഒന്നും പറയുന്നില്ലെങ്കില്‍ ഇതെന്ത് ചെയ്യും. ഞാന്‍ ആരോടും പറയാനൊന്നും പോകുന്നില്ലെന്ന് പറഞ്ഞാലും അവര്‍ പറയും വേണ്ട വേണ്ട, അമ്മ പാവമാ. അമ്മൂമ്മയുടെ സ്വഭാവമാണ്. എന്തെങ്കിലുമൊക്കെ വിളിച്ച് പറയും എന്ന്.
ഞാനും ഇന്ദ്രനും ഒരുപാട് സംസാരിക്കും. പൃഥ്വിയും സുകുവേട്ടനും ചോദിക്കുന്നതിന് മാത്രം ഉത്തരം പറയുന്നവരാണ്. അത് ഇഷ്ടക്കുറവ് കൊണ്ടൊന്നും അല്ല. രാജു എപ്പോഴും അച്ഛന്റെ മകനായിട്ടാണ് ജീവിക്കുന്നത്. ഇന്ദ്രന് തന്റെ രീതിയാണ്. പൃഥ്വി ഇപ്പോഴൊക്കെ ഒരുപാട് മാറിയിട്ടുണ്ട്, മല്ലിക സുകുമാരന്‍ പറയുന്നു.












Click it and Unblock the Notifications