''ഷൂട്ട് തീരുന്നത് വരെ ദിലീപിനെ നോർമലായി കണ്ടിട്ടില്ല, ആ കഥാപാത്രത്തിൽ നിന്ന് ഇറങ്ങാനായില്ല'': അളഗപ്പൻ
എണ്ണം പറഞ്ഞ തമാശ-പ്രണയ-കുടുംബ ചിത്രങ്ങളിലൂടെയാണ് ദിലീപിന് ജനപ്രിയ നായകൻ എന്ന പേര് കിട്ടിയത്. മിക്ക മുൻകാല ദിലീപ് ചിത്രങ്ങൾക്ക് ഇന്നും വൻ റിപ്പീറ്റ് വാല്യു ഉണ്ടെന്ന് വേണം പറയാൻ. അതുകൊണ്ട് തന്നെയാണ് നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്ത് വന്നിട്ടും ദിലീപിന് ആരാധകരുടെ കാര്യത്തിൽ വലിയ ഇടിവ് വരാത്തത്.
ലാൽജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന ചിത്രം ഇന്നും ഫാൻസിന്റെ പ്രിയപ്പെട്ട ദിലീപ് ചിത്രങ്ങളിലൊന്നാണ്. പ്രശസ്ത ഛായാഗ്രാഹകൻ അളഗപ്പനാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചാന്തുപൊട്ടിന്റെ ചിത്രീകരണ സമയത്ത് ദിലീപിന് സംഭവിച്ച മാറ്റത്തെ കുറിച്ച് അദ്ദേഹം തുറന്ന് പറയുകയാണ്.

''ദിലീപ് കഠിനാധ്വാനിയാണ്. അഭിനയിച്ച് കഴിഞ്ഞ് നമ്മുടെ മുഖത്തേക്ക് നോക്കി തൃപ്തി ഇല്ലെന്നാണെങ്കില്‍ അത് പുളളിക്ക് മനസ്സിലാകും. ശരിയായില്ലെങ്കില്‍ താന്‍ അത് മനസ്സിലാകാനുളള സമയം കൊടുക്കില്ല. ഷോട്ട് ഓകെ അല്ലെങ്കില്‍ അപ്പോള്‍ തന്നെ ഒരിക്കല്‍ കൂടി ചെയ്യാം എന്ന് പറയും. ശരിയായോ ഇല്ലയോ എന്നുളള സംശയത്തിന് ഇടം കൊടുക്കില്ല. എന്തിന് എന്ന് ചോദിച്ചാല്‍ കാരണം പറഞ്ഞ് കൊടുക്കും.
ചാന്തുപൊട്ടില്‍ ഓരോ ഷോട്ടിന് മുന്‍പും ദിലീപുമായി പ്ലാന്‍ ചെയ്യും. അന്ന് ആ റോള്‍ ചെയ്യാന്‍ വേറെ ഒരു നടന്‍ ഇല്ലായിരുന്നു. വിക്രം ഈ സിനിമ തമിഴില്‍ ചെയ്യാനുളള റൈറ്റ്‌സ് വാങ്ങിയിരുന്നു. പക്ഷേ ചെയ്തില്ല. കാരണം അങ്ങനെ ഒരു ശരീരഭാഷ കൊണ്ടുപോകാന്‍ കഴിയുമോ എന്നുളള ആശങ്ക ഉണ്ടാകും. ആ പടം ചെയ്ത് കഴിഞ്ഞ ശേഷം തന്നെ കാണുമ്പോള്‍ ദിലീപ് സ്‌ത്രൈണത നിറഞ്ഞ ശബ്ദത്തിലാണ് തന്നെ അഴഗപ്പണ്ണാ എന്ന് വിളിച്ചിരുന്നത്. ആറേഴ് മാസം വരെ അത് അങ്ങനെയായിരുന്നു.
അതിന് മുന്‍പ് വരെ തന്നെ അഴഗപ്പണ്ണാ, എപ്പോള്‍ വന്നു എന്നൊക്കെ സീരിയസ് ആയിട്ട് ചോദിച്ചിരുന്നതാണ്. ചാന്തുപൊട്ടിന് ശേഷം പുളളി ആ കഥാപാത്രത്തില്‍ നിന്ന് ഇറങ്ങിയില്ല. ലൊക്കേഷനിലൊക്കെ പുളളി അങ്ങനെ തന്നെ ആയിരുന്നു പെരുമാറിക്കൊണ്ടിരുന്നത്. അദ്ദേഹം ആ കഥാപാത്രത്തിന് വേണ്ടി മാനസികമായി തയ്യാറെടുത്ത് വന്നത് കൊണ്ട് ഷൂട്ടിംഗിന്റെ ആദ്യ ദിവസം തൊട്ട് തീരുന്നത് വരെ ദിലീപിനെ നോര്‍മലായി കണ്ടിട്ടേ ഇല്ല.
അടുത്ത സിനിമ വരുമ്പോഴേക്കും പുളളിക്ക് ആ കഥാപാത്രത്തില്‍ നിന്ന് തിരിച്ച് വരാന്‍ പറ്റുമോ എന്ന് തനിക്ക് സംശയം ഉണ്ടായിരുന്നു. കാരണം ദിലീപ് എപ്പോഴും അങ്ങനെ ആയിരുന്നു പെരുമാറിക്കൊണ്ടിരുന്നത്. ഒരു മാസം വരെയൊക്കെ അത് അങ്ങനെ തന്നെ ആയിരുന്നു. വേറെ ഏത് കഥാപാത്രം ആയാലും പെട്ടെന്ന് തിരിച്ച് വരാന്‍ പറ്റും. ഇത് ഒരുപാട് തയ്യാറെടുപ്പുകള്‍ ചെയ്ത കഥാപാത്രം ആയത് കൊണ്ട് ബുദ്ധിമുട്ടായിരുന്നു.
എന്തെങ്കിലും സംശയം വന്നാല്‍ തന്റെ അടുത്ത് വന്ന് ചോദിക്കും. ഞാന്‍ ചാടിയത് എങ്ങനെ ഉണ്ടായിരുന്നു എന്നൊക്കെ ചോദിക്കും. താന്‍ എല്ലാം നോട്ട് ചെയ്യും. കാല് എങ്ങനെ വെച്ചു, കൈ എടുത്ത് മുഖത്തുളള മുടി ശരിയാക്കുമ്പോള്‍ കഥാപാത്രത്തിന്റെ ഭാവം വന്നോ അതോ നോര്‍മല്‍ ദിലീപ് ആയോ എന്നൊക്കെ നോട്ട് ചെയ്യും. ലാല്‍ജോസിനോട് പറഞ്ഞ് റീടേക്ക് എടുക്കും. പടത്തിന് വേണ്ടി എന്ത് റിസ്‌കും എടുക്കും. തിളക്കത്തിലും ചാന്തുപൊട്ടിലുമൊക്കെ എന്ത് ചെയ്യും എന്ന് പറയാന്‍ പറ്റില്ല. പ്ലാന്‍ ചെയ്തിട്ടല്ല. അദ്ദേഹം ചെയ്യുന്നത് ക്യാപ്ചര്‍ ചെയ്യുകയാണ് ചെയ്യുന്നത്'', അഴഗപ്പന്‍ പറഞ്ഞു.












Click it and Unblock the Notifications