അന്ന് ഐഡിയ സ്റ്റാർ സിംഗറിൽ തിളങ്ങിനിന്ന മത്സരാർത്ഥി; ഇന്ന് നടക്കാൻ പോലുമാവാതെ തളർന്നുപോയ ദുരിതജീവിതം...
ഐഡിയ സ്റ്റാർ സിംഗർ സീസൺ നാലിന്റെ വേദിയിൽ നിന്ന് മറക്കുമോ നീയെന്റെ മൗനഗാനം എന്ന പാട്ട് മനോഹരമായി പാടിയ ഷിബു എന്ന മത്സരാർത്ഥിയ ഓർക്കുന്ന ചിലരെങ്കിലും ഇപ്പോഴും ഉണ്ടാവും. ഒരുപാട് സ്വപ്നങ്ങളുമായി എത്തിയ ഷിബുവിന്റെ ഇപ്പോഴത്തെ ജീവിതം സങ്കടകരമാണ്. പതിനൊന്ന് വർഷമായി തളർന്നിരിക്കുകയാണ് ഷിബു.
പാടാനും നടക്കാനും പറ്റാത്ത അവസ്ഥ. പക്ഷാഘാതം ഷിബുവിന്റെ ജീവിതം മാറ്റിമറിച്ചുകളഞ്ഞു. ദുരിത ജീവിതത്തിനിടയിലും എന്നെങ്കിലും ഒരിക്കൽ പഴയത് പോലെ പാടാൻ കഴിയുമായിരിക്കും എന്ന പ്രതീക്ഷയിലാണ് ഷിബു. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വൺഇന്ത്യ മലയാളത്തോട് പറയുകയാണ് ഷിബു.

11 വർഷമായി ഈ തളർന്നിരിക്കുന്നതാണ് വിശേഷം വേറെ വിശേഷം ഒന്നുമില്ല എന്നാണ് ഷിബു പറയുന്നത്. പഴയ വീഡിയോ കണ്ട് ആൾക്കാർ നല്ലത് പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും ഷിബു പറയുന്നു. പാടുമായിരുന്നു, അന്ന് പാട്ട് കൊണ്ട് നടന്നിരുന്നില്ല. പുല്ലാങ്കുഴൽ ആയിരുന്നു മെയിൻ. പിന്നെ ഐഡിയ സ്റ്റാർ സിംഗറിൽ എത്തിയ ശേഷമാണ് പാട്ട് മെയിൻ ആക്കിയതും പുല്ലാങ്കുഴൽ സൈഡിലോട്ടുവെച്ചതും. പണ്ട് പാടിയ പാട്ട് ഇപ്പോൾ കേട്ടാൽ കരഞ്ഞുപോകും.
ഐഡിയ സ്റ്റാർ സിംഗറിൽ വന്നപ്പോഴാണ് പാട്ട് നന്നായി പാടാൻ തുടങ്ങിയത് അപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ആ സമയത്ത് ഓപ്പറേഷൻ കഴിഞ്ഞാൽ പിന്നെ നിൽക്കാൻ വയ്യല്ലോ, 3 മാസം റെസ്റ്റ് വേണം. ഔട്ടായതല്ല, പറഞ്ഞ് പുറത്തുവന്നതാണ്. അവർക്കും ആഗ്രഹമായിരുന്നു നമുക്കും ആഗ്രഹമായിരുന്നു നിൽക്കണം എന്ന് പക്ഷേ പറഞ്ഞ് ഔട്ടായി പുറത്തുവരികയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
തളരുന്നതിന്റെ തലേദിവസം വരെ പരിപാടികൾക്ക് പോകുമായിരുന്നുവെന്നും ആ സമയത്ത് ധാരാളം പരിപാടികൾ ലഭിച്ചിരുന്നുവെന്നും ഷിബു പറയുന്നു. നിന്ന് തിരിയാൻ ഒക്കാത്തത്ര പ്രോഗ്രാമുകൾ ഉണ്ടായിരുന്നു. അമ്പലത്തിൽ പോയി ഫ്രീയായി പാടിക്കൊടുക്കാറുണ്ടായിരുന്നു. ഇപ്പോൾ അങ്ങനൊന്നും പറ്റുന്നില്ലല്ലോ തളർന്നിരിക്കുന്നത് കൊണ്ട്. അന്ന് എവിടെ തിരിഞ്ഞ് നടന്നാലും ആളുകൾ ഉണ്ടായിരുന്നു. നല്ലൊരു പാട്ടുകാരൻ ആവണം എന്നായിരുന്നു എന്ത് ചെയ്യാൻ തളർന്നുപോയി, ഷിബു പറയുന്നു. ആഗ്രഹങ്ങൾ ഇപ്പോൾ മനസ്സിൽ മത്രമേ ഉള്ളൂ.
പക്ഷാഘാതം വന്നു. കാൽ മുതൽ തലവരെ ഒരു വശം മുഴുവൻ. അന്നും ഇന്നും അമ്മച്ചിയാണ് തനിക്കൊപ്പം ഉള്ളത് എന്ന് ഷിബു പറയുന്നു. വയ്യാതായ ശേഷം ആണ് കല്യാണം കഴിഞ്ഞതെ ന്ന് ഷിബു പറയുന്നു. ഇപ്പോൾ ഭാര്യ ഷിബുവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇപ്പോഴത്തെ റിയാലിറ്റി ഷോ താൻ കാണാറില്ലെന്നും ഷിബു പറയുന്നു. ശ്വാസം മുട്ടൽ വരുന്നത് കൊണ്ട് പാടാറില്ല. ഓരോ അവസ്ഥകൾ വന്നാൽ പറയാൻ പറ്റുമോ, ഇപ്പോൾ തളർച്ചയും ശ്വാസം മുട്ടലുമാണ്.
കഴിഞ്ഞ ഫെബ്രുവരി വരെ നടന്നുപോകാൻ പറ്റുമായിരുന്നു, ഇപ്പോൾ അതിനും പറ്റുന്നില്ലെന്നാണ് ഷിബു പറയുന്നത്. കൊച്ചിനെ പഠിപ്പിക്കണമെന്നതാണ് വലിയ ആഗ്രഹം. അതിന് എന്റെ കയ്യിൽ പൈസയില്ല, പഴേത് പോലെ പാടണം എന്നും ആഗ്രഹമുണ്ട്, അദ്ദേഹം പറയുന്നു. ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ രവീന്ദ്രൻ മാഷാണെന്നും ഗായകൻ യേശുദാസാണെന്നും ഷിബു പറയുന്നു.












Click it and Unblock the Notifications