പുതിയ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം 21 നായികമാര്‍; എന്നാല്‍ ഒരു ട്വിസ്റ്റുണ്ട്
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മമ്മൂട്ടിക്ക് ഈ ചിത്രത്തില്‍ 21 നായികമാരാണുള്ളത്. അതില്‍ രജീഷ വിജയന്‍, ഗായത്രി അരുണ്‍ ഉള്‍പ്പെടെ നിരവധി താരങ്ങളുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള ആകാംക്ഷയും വലുതാണ്.
ദുല്‍ഖര്‍ സല്‍മാനെ വ്യത്യസ്ത ഗെറ്റപ്പില്‍ അവതരിപ്പിച്ച സിനിമ 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കളങ്കാവല്‍'. ചിത്രത്തിന്റെ പേരും പ്രത്യേകതയുള്ളതാണ്. അമ്പലങ്ങളിലെ ഉത്സവ ചടങ്ങുകളില്‍ ഒന്നാണ് കളങ്കാവല്‍. രൗദ്ര ഭാവമുള്ള പ്രതിഷ്ഠ ആരാധിക്കപ്പെടുന്ന ദേവി ക്ഷേത്രങ്ങളിലെ ഉത്സവ ചടങ്ങുകളില്‍ ഒന്നാണ് കളങ്കാവല്‍.

ചിത്രത്തിന്റെ പേരും മമ്മൂട്ടിയുടെ കഥാപാത്രവും ചേര്‍ത്തുവച്ച് നിരവധി പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. സിനിമയുടെ പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത് മമ്മൂട്ടി ഒരു നെഗറ്റീവ് കഥാപാത്രം ആണ് ചെയ്യുന്നതെന്നാണ്. വിനായകനും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇരുപതോളം യുവതികളെ ലൈംഗികമായി പീഡിപ്പിച്ചശേഷം സയനൈഡ് നല്‍കി കൊന്നൊടുക്കിയ സയനൈഡ് മോഹനന്‍ അഥവാ മോഹന്‍ കുമാര്‍ എന്ന സീരിയല്‍ കില്ലറുടെ കഥയാണിതെന്നും പലരും സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, നിരവധി യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ ജിതിന്‍ കെ ജോസ് വ്യക്തമാക്കിയിട്ടുണ്ട്. ഫിക്ഷന്‍ സ്വഭാവത്തിലുള്ള ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതേസമയം, 21 നായികമാര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ വന്നതോടെ ഇത് സയനൈഡ് മോഹന്റെ കഥയാണെന്ന പ്രചാരണങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്.
ആദ്യമായാണ് മമ്മൂട്ടി ചിത്രത്തില്‍ 21 നായികമാരെ അഭിനയിപ്പിക്കുന്നത്. മമ്മൂട്ടി ചിത്രത്തില്‍ രജീഷ വിജയന്‍ അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. എന്നാല്‍ 'വണ്‍' സിനിമയില്‍ മമ്മൂട്ടിയോടൊപ്പം ഗായത്രി അരുണ്‍ അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത പ്രകടനത്തിനായി കാത്തിരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'കളങ്കാവല്‍'. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് തുടങ്ങിയ ചിത്രങ്ങളാണ് ഇതിനു മുന്‍പ് മമ്മൂട്ടി കമ്പനിയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.












Click it and Unblock the Notifications